കോട്ടയം: സഭാവസ്ത്രം ഉപേക്ഷിക്കാന്‍ ഒരുങ്ങിയ കന്യാസ്ത്രീക്കെതിരെ മഠം മോഷണക്കേസ് ചുമത്തിയെന്ന് ആരോപണം. പാലാ ചേര്‍പ്പുങ്കല്‍ നസ്രേത്ത് ഭവന്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്ത് എത്തിയതെന്നാണ് വാര്‍ത്ത.കൊഴുവനാല്‍ സെന്റ് ജോണ്‍ നെഫുംസ്യാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികകൂടിയായ സിസ്റ്റര്‍ മേരി അപവാദപ്രചാരണവും മാനസികപീഡനവും സഹിക്കാനാവാതെയാണ് സഭാവസ്ത്രം ഉപേക്ഷിക്കാനായി അപേക്ഷ നല്‍കിയത്. ബഹിര്‍വാസത്തിന് അപേക്ഷ നല്‍കിയപ്പോള്‍ മോഷണം ആരോപിച്ച് മഠം പാലാ പോലീസില്‍ കേസുകൊടുത്തതായി സിസ്റ്റര്‍ മേരി പറഞ്ഞു. സഭാവസ്ത്രം ഉപേക്ഷിക്കാന്‍ അനുമതി തേടിയപ്പോള്‍, ബാലികാസദനത്തിലെ കുട്ടികളെ ഉപദ്രവിച്ചെന്നുകാണിച്ച് മഠം അധികാരികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കി.

സഭാധികാരികളുടെയും സഹവാസികളുടെയും അവഹേളനവും അവഗണനയും പീഡനവും മടുെത്തന്നും കള്ളത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും സിസ്റ്റര്‍ മേരി വ്യക്തമാക്കി. മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെയാണ് കഴിഞ്ഞ ജനുവരി നാലാംതിയതി ബഹിര്‍വാസത്തിന് അപേക്ഷ സമര്‍പ്പിച്ചത്. സഭാവസ്ത്രം ഉപേക്ഷിച്ച് സന്ന്യസ്തജീവിതം നയിക്കാനുള്ള അനുമതിയാണ് ബഹിര്‍വാസം.അതോടെ പാലാ പ്രോവിന്‍ഷ്യല്‍ ഹൗസിലേക്ക് സ്ഥലംമാറ്റം നല്‍കി.
മാനസികവും ശാരീരികവുമായ പീഡനം തുടരുമെന്നു മനസിലാക്കിയതിനാല്‍ അങ്ങോട്ടു മാറാന്‍ തയ്യാറായില്ല. തുടര്‍ന്നു നടത്തിയ ചര്‍ച്ചകളില്‍ സഭ വിടാന്‍ അപേക്ഷ സമര്‍പ്പിക്കാനും തുടര്‍ജീവിതത്തിനാവശ്യമായ പണം നല്‍കാമെന്നും പ്രൊവിന്‍ഷ്യാളും കൂട്ടരും ഉറപ്പു നല്‍കി. തുടര്‍ന്ന് മെയ് 23ന് സഭയില്‍നിന്നു പുറത്തുപോകാന്‍ അനുവദിക്കണമെന്നു കാണിച്ച് അപേക്ഷ നല്‍കി.

30 ലക്ഷം രൂപയാണ് സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മഠം അധികാരികളോട് ആവശ്യപ്പെട്ടത്. ശിഷ്ടജീവിതം സുരക്ഷിതമാക്കാനാണ് തുക ആവശ്യപ്പെട്ടത്. തുക നിരാകരിച്ചതോടെ ജീവനാംശം ആവശ്യപ്പെട്ട് മഠം അധികാരികള്‍ക്ക് വക്കീല്‍നോട്ടീസയച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, മഠത്തില്‍ മോഷണം നടത്തിയെന്നാരോപിച്ച് പോലീസ് അന്വേഷിച്ചെത്തി. മഠം അധികാരികളുടെ സാന്നിധ്യത്തില്‍ പാലാ സി.ഐ.യും എസ്.ഐ.യും രണ്ടുമണിക്കൂര്‍ ചോദ്യംചൈയ്തന്നും സിസ്റ്റര്‍ വിശദീകരിച്ചു. സിസ്റ്റര്‍ വാടകയ്‌ക്കെടുത്ത മേവടയിലെ ഫഌറ്റിലേക്ക് മഠത്തിലെ സാധനങ്ങള്‍ മാറ്റിയെന്നായിരുന്നു കേസ്. നസ്രത്ത് ഭവന്‍ മഠത്തോടുചേര്‍ന്നുളള ബാലികാഭവനിലെ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് സിസ്റ്റര്‍െക്കതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു പരാതി നല്‍കി. കമ്മിറ്റിയില്‍നിന്നുളള മൂന്നംഗങ്ങള്‍ ബാലികാഭവനിലെത്തി തെളിവെടുത്തു.വെള്ളിയാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിമുമ്പാകെ ഹാജരായി സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മൊഴി നല്‍കി. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് അവര്‍ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here