ന്യൂഡല്‍ഹി: പ്രണയാതുരമായ മനസ്‌സുകളെ തിരിച്ചറിയുന്ന ഇതുപോലെയൊരു ഭരണാധികാരി ഇന്ത്യയില്‍ വേറെയുണ്ടോയെന്ന് വീണ്ടും വീണ്ടും ചിന്തിപ്പിക്കുകയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഏറെ കാത്തിരുന്ന് ഒന്നാകുകയും മധുവിധു തീരും മുമ്പ് പിരിയേണ്ടി വരികയും ചെയ്യുന്ന ദമ്പതികളെ വേര്‍പിരിയാതെ ഒന്നിച്ചു നിര്‍ത്താന്‍ വിദേശകാര്യമന്ത്രിയുടെ അസാധാരണ പരിശ്രമമാണ് ഇപ്പോള്‍ ചര്‍ച്ച.

ഇത്തവണ മധുവിധു വിരഹത്തില്‍ നിന്നും സുഷമാ സ്വരാജ് രകഷപ്പെടുത്തിയത് മാംഗ്ളൂരുകാരനായ ഫെയ്സാന്‍ പട്ടേല്‍-സനാ ഫാത്തിമാ ഖാന്‍ ദമ്പതികളെ ആയിരുന്നു. പാസ്പോര്‍ട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് ഹണിമൂണ്‍ കുളമാകുമായിരുന്ന ഇവരുടെ പ്രശ്നത്തില്‍ സുഷമ ഇടപെടുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്തു. 10 ദിവസം മുമ്പ് ഹരിയാന-കസഖ് ദമ്പതികളുടെ വിസാ പ്രശ്നത്തില്‍ ഇടപെട്ട സ്പിരിറ്റില്‍ തന്നെയായിരുന്നു സുഷമ മംഗലുരു ദമ്പതികളുടെ പ്രശ്നവും പരിഹരിച്ചത്. ഹണിമൂണിനായി ഇറ്റലി തെരഞ്ഞെടുത്ത് പോകുന്നതിന് നാലു ദിവസം മുമ്പ് ആഗസ്റ്റ് 4 നാണ് ഫോട്ടോഗ്രാഫറായ ഫെയസാന്‍ പട്ടേല്‍ ഭാര്യ സനാ ഫാത്തിമയുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട വിവരം ട്വീറ്റ് ചെയ്തത്. പോകുന്നതിന് മുമ്പ് പാസ്പോര്‍ട്ട് കണ്ടെത്താമെന്ന് കരുതിയിരുന്ന ഇദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ പാസ്പോര്‍ട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ട്വീറ്റ് ചെയ്തു. രണ്ട് ടിക്കറ്റ് കയ്യിലുള്ളതിനാല്‍ പ്രണയിനിയെ കൂടാതെ തനിച്ച് പോകാന്‍ തീരുമാനിച്ചെന്നും പാസ്പോര്‍ട്ട് കണ്ടെത്തി ഭാര്യ ഒപ്പം ഉടന്‍ ചേരുമെന്ന് കരുതുന്നതായും കുറിച്ചു.
തന്റെ സീറ്റിന് സമീപമുള്ള സീറ്റില്‍ ഭാര്യയുടെ ചിത്രം പതിച്ച നിലയില്‍ താന്‍ വിമാനത്തില്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഇയാള്‍ പോസ്റ്റ് ചെയ്തു. സുഷമാ സ്വരാജിനെ ടാഗ് ചെയ്തിരുന്നതിനാല്‍ സംഗതി വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുകയും നവദമ്പതികളെ സഹായിക്കാന്‍ സന്മനസോടെ സുഷമ രംഗത്ത് വരികയും ചെയ്തു. തന്നെ ബന്ധപ്പെടാന്‍ ഭാര്യയോട് പറയൂ. അവര്‍ നിങ്ങളുടെ അടുത്ത സീറ്റില്‍ ഉണ്ടാകുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായിട്ടാണ് സുഷമ പ്രതികരിച്ചത്. സഹായം വഴിയെ ഉണ്ടാകുമെന്നും സനായോടും ഫൈസനോടും പറഞ്ഞ സുഷമ തന്റെ ഓഫീസ് നിങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡ്യൂപ്ളിക്കേറ്റ് പാസ്പോര്‍ട്ട് നാളെ തന്നെ തേടിയെത്തുമെന്നും ട്വീറ്റ് ചെയ്തു.

സുഷമയുടെ ഇടപെടലില്‍ താന്‍ സ്തംബ്ദ്ധയായി പോയെന്നും നന്ദി പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു ഇതിന് സനയുടെ മറുപടി. 10 ദിവസം മുമ്പായിരുന്നു ഇന്ത്യന്‍-കസഖ് ദമ്പതികളായാ സ്വരാജിനെയും ജാഹ്നയേയും സുഷമ സഹായിച്ചത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹിതരായ ഇരുവരും ജാഹ്നയുടെ ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞിരുന്നതിനാല്‍ വേര്‍ പിരിയേണ്ട സാഹചര്യം വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത സുഷമയുടെ ശ്രദ്ധയില്‍ പെടുകയും സഹായവുമായി രംഗത്ത് വരികയും ചെയ്തു. വിസയ്ക്കായി അപേകഷിച്ച് അതിന്റെ ഒരു കോപ്പി തനിക്ക് കൂടി അയച്ചുതരാന്‍ പറഞ്ഞ സുഷമ ജാഹ്നയെ ‘മരുമകളെ’ എന്നായിരുന്നു സംബോധന ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here