തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കു പിന്നാലെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഘടകക്ഷികള്‍ കൂടി നിലപാട് കര്‍ക്കശമാക്കിയതോടെ കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയെ വീണ്ടും സജീവമാക്കാന്‍ കോണ്‍ഗ്രസില്‍ തീവ്രശ്രമം. ഇതിനായി ഏതറ്റംവരെപോകാനും കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം തയാറായിരിക്കുകയാണ്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ് ലിം ലീഗിന്റെ സഹായംകൂടി ഇതിനുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസും യുഡിഎഫും രക്ഷപ്പെടുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കുക എന്ന ദൗത്യം ഇതിന്റെ ഭാഗമായി ലീഗ് ഏറ്റെടുത്തുകഴിഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തി കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിടുകയും കോണ്‍ഗ്രസ് നന്നാകണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ലീഗിന്റെ പുതിയ നീക്കം.

കെ.എം. മാണിയുടെ കൂടി അറിവോടെയും പിന്തുണയോടെയുമാണ് ഈ നീക്കമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി കെപിസിസിയുടെ തലപ്പത്ത് വന്നാല്‍ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് ഉണ്ടാകുമെന്നും അത് മുന്നണിയെയും ഇപ്പോഴത്തെ ദുര്‍ബല സ്ഥിതിയില്‍ നിന്നു കര കയറ്റുമെന്നുമാണ് രണ്ടാമത്തെ ഘടക കക്ഷിയായ ലീഗ് വിലയിരുത്തുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലായി ഇത് വ്യാഖ്യാനിക്കപ്പെടും എന്ന ആശങ്ക ലീഗില്‍ ഒരു വിഭാഗത്തിനുണ്ട്. അത് മറികടക്കാന്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപി പിടി മുറുക്കുന്നത് തടയാന്‍ യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടായിരിക്കും ഇടപെടല്‍. ഇപ്പോഴത്തേതുപോലെ പോയാല്‍ കോണ്‍ഗ്രസ് ഓരോ ദിവസും സംഘടനാപരമായി ദുര്‍ബലമാവുകയും മുന്നണി തകരുകയും ചെയ്യുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്.

രക്ഷപ്പെടുന്നതിനു വേണ്ടി ഇടതുമുന്നണിയിലേക്കു പോകുന്നത് ലീഗിന്റെ അജണ്ടയില്‍ ഇല്ല. പോയാലും അധികകാലം അവിടെ നില്‍ക്കാനാകില്ല എന്നതും കാരണമാണ്. യുഡിഎഫിനെ എത്രയും വേഗം ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഇടതുമുന്നണി സ്വേഛാധിപത്യപരമായ രീതിയില്‍ ഭരണം നടത്തുമെന്നും അതിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് ബിജെപി ജനപിന്തുണ നേടുമെന്നും മുന്നണിയില്‍ പൊതുവേ ആശങ്കയുണ്ട്. വൈകാതെ ലീഗ് നേതാക്കള്‍ ആദ്യം എ.കെ ആന്റണിയുമായും പിന്നീട് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിനെ തിരിച്ചുപിടിച്ച് യുഡിഎഫിനെ രക്ഷിക്കൂ എന്ന അപ്രഖ്യാപിത മുദ്രാവാക്യം വി എം സുധീരന് എതിരല്ലെന്ന് ആന്റണിയെ ആദ്യം ബോധ്യപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ കിട്ടില്ലെന്ന് ലീഗിന് അറിയാം. സുധീരനെ എഐസിസി ജനറല്‍ സെക്രട്ടറിയോ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമോ ആക്കി അനുനയിപ്പിക്കാന്‍ ആന്റണി വിചാരിച്ചാല്‍ കഴിയുകയും ചെയ്യും.

ലീഗ് പരസ്യമായി രംഗത്തിറങ്ങിയാല്‍ മറ്റു ഘടക കക്ഷികളും ആ വഴിയേ വരുമെന്നാണ് കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസ് എം നിയമസഭയില്‍ പ്രത്യേകം ബ്ലോക്കായിരിക്കുമെന്ന് പറഞ്ഞെങ്കിലും തദ്ദേശ സ്ഥാനങ്ങളിലെ യുഡിഎഫ് ബന്ധം തുടരുന്നതും പാര്‍ലമെന്റില്‍ യുപിഎയ്ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ചതും യുഡിഎഫില്‍ തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്തുന്ന നീക്കമാണെന്ന് സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here