കൊച്ചി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണക്കാലത്ത് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് അമിത പലിശയ്ക്ക് പണം നല്‍കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നു. സ്വര്‍ണ്ണപണയ വായ്പാ മേഖലയിലും മറ്റ് മേഖലകളിലുമായി ചുവടുറപ്പിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഗ്രാമീണ മേഖലയില്‍ 26 ശതമാനം പലിശ നിരക്കില്‍ വനിതകളുടെ ഗ്രൂപ്പ് വഴി വായ്പ നല്‍കുന്നത്. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയും ഭര്‍ത്താവും ചേര്‍ന്നുള്ള ഫോട്ടോയും അപേക്ഷയോടൊപ്പം നല്‍കിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പണം നല്‍കുകയാണ് പതിവ്.

ഇതിന്റെ ഭാഗമായി വനിതകളുടെ യോഗം വിളിച്ചുചേര്‍ത്ത് അഞ്ച് മുതല്‍ പത്ത് അംഗങ്ങള്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഓരോ ഗ്രൂപ്പിനും കണ്‍വീനര്‍മാരെ നിശ്ചയിക്കുകയും ചെയ്യും. തുടര്‍ന്ന് 15000 രൂപമുതല്‍ 50000 രൂപ വരെ 26 ശതമാനം പലിശ നിരക്കില്‍ വായ്പയായി നല്‍കുന്നു. ചില പണമിടപാട് സ്ഥാപനങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലും ചിലത് മാസത്തില്‍ ഒരിക്കലുമാണ് വായ്പതുക ഗഡുക്കളായി അടയ്‌ക്കേണ്ടത്. തിരിച്ചടവ് ദിവസം നിശ്ചയിച്ച സമയത്ത് വായ്പ എടുത്ത വനിതകളുടെ യോഗം വിളിച്ചുചേര്‍ക്കുകയും അവിടെ വെച്ച് പണം അടയ്ക്കുകയുമാണ് ചെയ്യുന്നത്. യോഗത്തില്‍ വെച്ച് ഓരോ അംഗങ്ങളും തിരിച്ചടവ് തുക നിശ്ചയിച്ച കണ്‍വീനര്‍മാരെ ഏല്‍പ്പിക്കുകയും കണ്‍വീനര്‍ തുക പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റിന് കൈമാറുകയുമാണ് പതിവ്. ഈ പ്രക്രിയ വായ്പാതുകയുടെ തിരിച്ചടവ് പൂര്‍ത്തിയാകുന്നത് വരെ നടക്കും.

സ്‌കൂള്‍ തുറക്കുന്ന സമയത്തും ഓണക്കാലത്തുമാണ് ഗ്രാമീണ മേഖലയില്‍ താമസിക്കുന്നവര്‍ പണം വായ്പയായി എടുക്കുന്നതിന് ഇത്തരം പണിമിടപാട് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. കൂടാതെ അപേക്ഷ നല്‍കിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പണം ലഭിക്കുമെന്നതാണ് ജനങ്ങള്‍ കൂടുതലായി ഇവരെ ആശ്രയിക്കാന്‍ ഇടയായതും. ത്രിതല പഞ്ചായത്തുകളും കുടുംബശ്രീ യൂണിറ്റുകളും സംയുക്തമായി ചേര്‍ന്ന് ദേശസാല്‍ക്കൃത ബാങ്കുകളുടെ സഹകരണത്തോടെ ലളിതമായ വ്യവസ്ഥയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പണം വായ്പയായി നല്‍കുവാന്‍ നടപടി സ്വീകരിച്ചാല്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും അമിതപലിശയ്ക്ക് പണം എടുക്കുന്നവരെ സഹായിക്കാന്‍ കഴിയും. എന്നാല്‍ അവര്‍ അതിന് തയ്യാറാകാതെ വന്നതോടെയാണ് പാവപ്പെട്ടവര്‍ സ്വകാര്യ പണിമിടപാട് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായതും പണമിടപാടുകാര്‍ ഗ്രാമീണമേഖലയിലും പിടിമുറുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here