കൊച്ചി: കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ പ്രതികരണം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ സാധാരണക്കാരാണ് കൊല്ലപ്പെടാറുള്ളത് എന്നും നേതാക്കള്‍ ഇതിന്റെ ഗുണഭോക്താക്കളാണെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞിരുന്നത്. ശ്രീനിവാസന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് തന്റെ നിലപാട് വീണ്ടും വിശദീകരിച്ചിരിക്കുകയാണ് ശ്രീനിവാസന്‍. കോടിയേരിയുടെ പ്രതികരണം കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാട് ഉണ്ടെന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ശ്രീനിവാസന്‍ പ്രതികരിച്ചു.

സാധാരണക്കാര്‍ മാത്രമല്ല, നേതാക്കളും പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായിട്ടുണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടി. അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയുമെല്ലാം ഇതിനുദാഹരണമാണെന്നും കോടിയേരി പറഞ്ഞു. അഴീക്കോടന്‍ രാഘവനെയും കുഞ്ഞാലിയെയുമാണ് എന്റെ ആരോപണത്തിന് മറുപടി പറയാന്‍ കോടിയേരി ബാലകൃഷ്ണന് കൂട്ടുപിടിക്കേണ്ടി വരുന്നത്. ഞാന്‍ പറഞ്ഞതും ഇത് തന്നെയാണ്. പണ്ട് നാടിന് വേണ്ടി മരിച്ചവരാണെങ്കില്‍ ഇന്ന് നേതാക്കളുടെ നിലനില്‍പ്പിന് വേണ്ടി രക്തസാക്ഷികളെ ഉല്‍പ്പാദിപ്പിക്കുകയാണ്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും പേര് പറഞ്ഞിട്ടില്ല. സിപിഎം മാത്രം മറുപടി പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും ശ്രീനിവാസന്‍ പറയുന്നു..

നേതാക്കളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ശ്രീനിവാസന്‍ മൂന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒന്ന്, എന്ത് കൊണ്ട് നേതാക്കളുടെ കുടുംബത്തില്‍ നിന്ന് രക്തസാക്ഷികള്‍ ഉണ്ടാകുന്നില്ല?, രണ്ട് നേതാക്കള്‍ ഉണ്ടാക്കുമെന്ന് പറയുന്ന പ്രതിരോധ സേനയില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഉണ്ടാകുമോ?, നേതാക്കള്‍ അവരുടെ കുടുംബങ്ങളുടെ ധവളപത്രം ഇറക്കുമോ? ഞാന്‍ പറഞ്ഞത് നുണയാണ് എന്ന് പറയുന്ന കോടിയേരി എന്താണ് നുണയെന്ന് വ്യക്തമാക്കണമെന്നും ശ്രീനിവാസന്‍ പറയുന്നു.

നേതാക്കളും കുടുംബവും രാഷ്ട്രീയ കൊലപാതകത്തിലെ ഗുണഭോക്താക്കളാണെന്നും, പാവപ്പെട്ട പ്രവര്‍ത്തകരാണ് രക്തസാക്ഷികളാകുന്നത് എന്ന ശ്രീനിവാസന്റെ പ്രസ്താവന തൃശൂരിലെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ചായിരുന്നു. രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തുവെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് നേതാക്കന്മാരുടെ തന്ത്രമാണ്. രക്തസാക്ഷികളുടെ ഫ്‌ളെക്‌സ് വെച്ച് ജനകീയ വികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ വിശ്വാസം. പക്ഷേ, ഈ ഫ്‌ളെക്‌സുകളിലൊക്കെ, നേതാക്കന്മാരില്ല, അവര്‍ കൊലയ്ക്ക് കൊടുക്കുന്ന അണികളുടെ ചിത്രം മാത്രമാണുള്ളത്. സ്വമേധയാ മരിക്കാന്‍ പോകുന്നതല്ല, നിവൃത്തികേടുകൊണ്ടും നേതാക്കന്മാരുടെ ‘മസ്തിഷ്‌ക പ്രക്ഷാളനം’ കൊണ്ടുമാണ് രക്തസാക്ഷികളുണ്ടാകുന്നത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെല്ലാം അകമഴിഞ്ഞ സൗഹൃദത്തിലാണ്. കാണുമ്പോഴൊക്കെയും സൗഹൃദം പുതുക്കും. വ്യക്തിപരമായ വിശേഷദിവസങ്ങളിലെല്ലാം അവര്‍ പരസ്പരം ക്ഷണിക്കും, ഒത്തുകൂടും. പക്ഷേ, വെട്ടാനും മരിക്കാനും നടക്കുന്ന അണികള്‍ക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രം. അവന്റെ വീട്ടിലേയുള്ളൂ വിധവയും അനാഥരും. ഈ നേതാക്കന്മാരുടെ വീടുകളിലൊന്നും അനാഥരോ വിധവകളോ ഇല്ല. ഇനിയെങ്കിലും അണികള്‍ മനസ്സിലാക്കണം, നഷ്ടപ്പെടുന്നത് നിങ്ങള്‍ക്കുമാത്രമാണെന്ന്. കക്കല്‍ മാത്രമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here