ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പുത്തന്‍ പ്രതിഷേധവുമായി കലാകാരന്‍മാരുടെ കൂട്ടയ്മ ‘ഇന്‍ഡിക്ലൈന്‍’. ബിസിനസ് ഭീമന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌നമായ പ്രതിമകള്‍ യുഎസിലെ പ്രധാന നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചാണ് ഒരു കൂട്ടം കലാകാരന്‍മാര്‍ ട്രംപിനോടുള്ള എതിര്‍പ്പ് തുറന്നുകാട്ടിയത്. ലോകത്തിന് മുന്നില്‍ ട്രംപിനെ തുറന്നു കാട്ടുന്നുവെന്നാണ് വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ ട്രംപ് പ്രതിമ പ്രദര്‍ശിപ്പിച്ച് ഇന്‍ഡിക്ലൈന്‍ വക്താവ് പറഞ്ഞത്.
വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കെതിരായുള്ള വ്യാപക പ്രതിഷേധമെന്ന നിലയിലാണ് ട്രംപിന്റെ നഗ്‌നമായ പൂര്‍ണ്ണകായ പ്രതിമകള്‍ നഗരങ്ങളില്‍ പലയിടങ്ങളിലായി പ്രദര്‍ശിപ്പിച്ചത്.

മാന്‍ഹട്ടനിലെ യൂണിയന്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ ആദ്യമായി പുറത്തിറക്കിയ പ്രതിമ ന്യൂയോര്‍ക്ക് സിറ്റി പാര്‍ക്കിലും മറ്റ് നാല് യുഎസ് നഗരങ്ങളിലും പ്രത്യക്ഷപ്പെട്ടു. പെട്ടെന്ന് പ്രതിമ കണ്ട് ആശ്ചര്യപ്പെട്ടെങ്കിലും ഒടുവില്‍ ആളുകള്‍ പ്രതിമക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്തു. വൈകുന്നേരത്തോടെ ന്യൂയര്‍ക്കിലെ പാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിമ ന്യൂയോര്‍ക്ക് സിറ്റി പാര്‍ക്കില്‍ നിന്നും നീക്കം ചെയ്തു. അനുമതിയില്ലാതെ പാര്‍ക്കുകളില്‍ പ്രതിമ സ്ഥാപിക്കുന്നത് നിയമവിരുദ്ധമായതിനാലാണ് പ്രതിമകള്‍ നീക്കം ചെയ്തതെന്ന് അധികാരികള്‍ പറഞ്ഞു.
ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളും വിദ്വേഷ പരാമര്‍ശങ്ങളുമാണ് ബിസിനസ് ടൈക്കൂണായ ഡൊണാള്‍ഡ് ട്രംപിനെതിരെ യുഎസില്‍ എതിര്‍പ്പ് വര്‍ധിക്കുന്നതിന് കാരണം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യതയില്ലെന്നും ഒരു വിഭാഗം കരുതുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലാരി ക്ലിന്റണ് ഇത് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here