തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ നട്ടം തിരിയുന്ന കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയുടെയും ഉറ്റബന്ധുക്കളുടേയും സ്വത്തുവിവരം വിജിലന്‍സ് പരിശോധിക്കുന്നു. മാണിക്ക് ശ്രീലങ്കയില്‍ നിക്ഷേപം ഉണ്ടോയെന്നതുള്‍പ്പെടെയാണ് അന്വേഷിക്കുന്നത്. അവിഹിത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മാണിക്കെതിരെ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണഘട്ടത്തില്‍ ലഭിച്ച പരാതികളില്‍ ചിലത് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന കാരണത്താല്‍ മാറ്റിവെച്ചിരുന്നു. ഇവ പുനഃപരിശോധിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്റെ നിര്‍ദേശം. മാണിക്കെതിരെ പുതിയ ചില പരാതികള്‍ കൂടി ലഭ്യമായതായും സൂചനയുണ്ട്. ഇവയെല്ലാം ചേര്‍ത്ത് സമഗ്ര അന്വേഷണം നടത്തും.

തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിലെ ഡിവൈ.എസ്.പി നജ്മല്‍ ഹസനാണ് അന്വേഷണച്ചുമതല. ഇദ്ദേഹത്തിന്റെ സംഘത്തില്‍, സ്‌പെഷല്‍ സെല്‍ സി.ഐയെയും കൂടി ഉള്‍പ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. അനധികൃതസ്വത്തുസമ്പാദനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്ന വിഭാഗമാണ് സ്‌പെഷല്‍ സെല്‍. ഇവര്‍ മാണിയും മകനും നടത്തിയ വിദേശയാത്രകള്‍ പരിശോധിക്കുമെന്നാണ് സൂചന. ബാറുടമകള്‍ സത്യം വിളിച്ചുപറയുമെന്നാണ് വിജിലന്‍സ് പ്രതീക്ഷിക്കുന്നത്. എഫ്.ഐ.ആര്‍ ഇടുന്നതിനുമുമ്പ് വിജിലന്‍സ് മുമ്പാകെ മാണിക്കെതിരായി മൊഴി നല്‍കിയ 15 ഓളം ബാറുടമകളെ വീണ്ടും വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനോ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ ആണ് വിജിലന്‍സിന്റെ ലക്ഷ്യം.

അതിനിടെ കെ.എം.മാണിക്കെതിരേയുള്ള കുരുക്കുകള്‍ ശക്തമാക്കി ബാര്‍ കോഴക്കേസില്‍ മൊഴി മാറ്റി പറയാന്‍ ചില ബാറുടമകള്‍ പണം വാങ്ങിയെന്ന് ബാറുടമ വി.എം രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ബാര്‍ അസോസിയേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ രജിസ്ട്രാര്‍ മുന്‍പാകെയുളള പരാതിയിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ലീഗല്‍ ഫണ്ടെന്ന പേരില്‍ ബാര്‍ അസോസിയേഷന്‍ വന്‍ തുകയാണ് പിരിച്ചത്. ഓരോ ബാറുടമകളുടെയും കൈയില്‍ നിന്നും രണ്ടരലക്ഷം രൂപ വീതമാണ് ഇതിനായി പിരിച്ചെടുത്തത്. ഈ തുകയാണ് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്ക് കോഴ കൊടുക്കാന്‍ ഉപയോഗിച്ചത്. പിരിച്ച പണം ദുരുപയോഗിച്ചത് കൂടാതെ അസോസിയേഷനിലെ വ്യക്തികള്‍ ആനുകൂല്യങ്ങളും കൈപ്പറ്റി.
ബാര്‍ അസോസിയേഷന്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിച്ചിട്ടില്ലെന്നും വി.എം രാധാകൃഷ്ണന്‍ മൊഴി നല്‍കി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാറുടമകള്‍ മൊഴിമാറ്റിപ്പറയാന്‍ പണം വാങ്ങിയെന്നും ആരോപിച്ച രാധാകൃഷ്ണന്‍ ഇതിന്റെ തെളിവുകളും രജിസ്ട്രാര്‍ മുന്‍പാകെ സമര്‍പ്പിച്ചു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് വിജിലന്‍സ് പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ബാറുടമകളുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ അവസരത്തിലാണ് ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here