ന്യൂഡല്‍ഹി:ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സന്നാഹ വിനിമയ കരാറിന്റെ ബാക്കി പത്രം എന്താണ്. കരാര്‍ ഒപ്പുവെക്കാന്‍ പതിറ്റാണ്ടായി അമേരിക്ക നടത്തുന്ന സമ്മര്‍ദം ഫലംകൊണ്ടുവന്നുവെന്ന പ്രചാരണമാണ് ഒരു ഭാഗത്ത്. കരാറിലൂടെ ഇതോടെ അമേരിക്കക്ക് താല്‍പര്യമുള്ള അന്താരാഷ്ട്ര സംഘര്‍ഷങ്ങളില്‍ ഇന്ത്യകൂടി പങ്കാളിയാവുന്ന സ്ഥിതി വരുമെന്ന വിമര്‍ശനവും ഉയരുന്നു. റഷ്യ, ചൈന, മധ്യേഷ്യയിലെ സുഹൃദ് രാജ്യങ്ങള്‍ എന്നിവരെ ഈ കരാര്‍ അസ്വസ്ഥരാക്കും. അമേരിക്കയുമായി പ്രതിരോധബന്ധം വളരുകയായിരുന്നെങ്കിലും ഈ കരാറിനോട് യു.പി.എ സര്‍ക്കാറും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും എതിരായിരുന്നു. തിരുത്താനാവാത്ത ഔപചാരിക സൈനിക സഖ്യമെന്ന കെണിയിലേക്ക് ഇന്ത്യ വീഴുമെന്നായിരുന്നു ആശങ്ക. 2008ല്‍ ആണവ കരാര്‍ ഒപ്പുവെച്ചതോടെ ഇന്ത്യഅമേരിക്ക ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍, വാങ്ങല്‍വില്‍ക്കല്‍ ബന്ധത്തില്‍നിന്ന് പ്രതിരോധ പങ്കാളിത്തവും ഏഷ്യാ പസഫിക്കിലെ സഖ്യവുമായി മോദി സര്‍ക്കാറിനു കീഴില്‍ അത് രണ്ടു വര്‍ഷംകൊണ്ട് വളര്‍ന്നു. മൂന്നു വര്‍ഷത്തിനിടയില്‍ 440 കോടി ഡോളറിന്റെ പടക്കോപ്പാണ് അമേരിക്കയില്‍നിന്ന് ഇന്ത്യ വാങ്ങിയത്.

അമേരിക്ക സഖ്യരാജ്യങ്ങളുമായി ഇത്തരത്തില്‍ നൂറിലേറെ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇനി രണ്ടു നാവിക സേനകളും ഇന്ത്യഏഷ്യപസഫിക് കടലില്‍ സംയുക്ത നിരീക്ഷണം നടത്തണമെന്ന താല്‍പര്യം നടപ്പാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ചൈനക്ക് ഈ കരാറില്‍ അസ്വസ്ഥതയുണ്ട്. അതേസമയം, സാധാരണ സഹകരണത്തിനുള്ള പ്രതിരോധ ഉടമ്പടി മാത്രമാണിതെന്ന് ചൈന പ്രതികരിച്ചു. മേഖലയിലെ സ്ഥിരതയും വികസനവും പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയും അമേരിക്കയും നിലകൊള്ളുമെന്ന പ്രത്യാശയും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് പ്രകടിപ്പിച്ചു. ചൈനീസ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ‘ഗ്‌ളോബല്‍ ടൈംസ്’ മുഖപ്രസംഗം ഉടമ്പടിയെ വിമര്‍ശിച്ചു.
യുദ്ധ ഉടമ്പടിയെന്നാണ് ഫോര്‍ബ്‌സ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതെന്ന് പത്രം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ പിന്‍പറ്റുകാരായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും പത്രം കുറ്റപ്പെടുത്തി. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് കരാറെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. മറ്റു രാജ്യങ്ങളില്‍ അമേരിക്ക സൈനിക നീക്കം നടത്തുമ്പോള്‍, സാങ്കേതിക സഹായത്തിന് ഇന്ത്യ താവളമായി മാറിയെന്നു വരും. ഇതോടെ ഔപചാരികമായി അമേരിക്കയുടെ സൈനിക പങ്കാളിയായി ഇന്ത്യ മാറിയെന്നും സി.പി.എം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here