കൊച്ചി: കോടികള്‍ വിലമതിക്കുന്ന ആഢംബര ഭവനം മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുഎസില്‍ താമസിക്കുന്ന മലയാളി ദമ്പതികള്‍ക്കെതിരേ പോലീസ് ഉടന്‍ കേസെടുക്കും. തട്ടിപ്പിന് സഹായിച്ച മറ്റൊരാളെയും ദമ്പതികള്‍ യുഎസിലേക്കു കൊണ്ടുപോയിട്ടുണ്ട്. ഇയാളെയും പിടികൂടാന്‍ പോലീസ് വഴികള്‍ തേടുകയാണ്. തട്ടിപ്പില്‍ യുഎസ് ദമ്പതികളുടെ ബന്ധുവും കൊച്ചിയിലെ അഭിഭാഷകനുമായ യുവാവ് പിടിയിലാവുകയും ചെയ്തു.

സിനിമാ നിര്‍മാതാവും പ്രവാസി മലയാളിയുമായ ടോമിച്ചന്‍ മുളകുപാടത്തിന്റെ പരാതിയില്‍ ചാലക്കുടി കൊരട്ടി പഴവേലില്‍ വീട്ടില്‍ അഡ്വ. പി.എസ്. സര്‍വ്വനാഥനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ നിര്‍മാതാവാണ് ടോമിച്ചന്‍ മുളകുപാടം. ഹൈക്കോടതി അഭിഭാഷകനാണ് അറസ്റ്റിലായ സര്‍വനാഥ്. സര്‍വനാഥിന്റെ സഹോദരന്‍, യുഎസില്‍ താമസിക്കുന്ന ശ്രീവഴിവേലിലന്റെ ഉടമസ്ഥതയിലുള്ള ചെങ്ങമനാട് മധുരപ്പുറത്തുള്ള കൊട്ടാര സദൃശ്യമായ വീട് നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. ടോമിച്ചനുമായുള്ള കരാര്‍ നിലനില്‍ക്കേ വ്യാജ രേഖകളുണ്ടാക്കി സ്ഥലം മറ്റൊരാള്‍ക്ക് വിറ്റു. ഇതേ തുടര്‍ന്ന് ടോമിച്ചന്‍ പൊലീസില്‍ പരാതി നല്‍കി. കേസ് അന്വേഷണം വേണ്ട രീതിയില്‍ മുന്നോട്ട് പോകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആലുവ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സര്‍വനാഥിനെ അറസ്റ്റ് ചെയ്തത്.

അമേരിക്കയിലുള്ള സര്‍വനാഥിന്റെ സഹോദരനെയും ഇയാളുടെ ഭാര്യയെയും സഹായിയേയും നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അരാധാനാലയം നിര്‍മിക്കാനെന്ന പേരില്‍ ശ്രീവഴിവേലിലനും ഭാര്യ ഗുജറാത്ത് സ്വദേശി വര്‍ഷബിന്‍ പട്ടേലും ചേര്‍ന്ന് നാട്ടുകാരില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ചെങ്ങമനാട് മധുരപ്പുറത്താണ് 21,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ വീട്. സംഭവം കേസാകുമെന്ന് ഉറപ്പായതോടെ തട്ടിപ്പിന് ഒത്താശ ചെയ്ത് നല്‍കിയ ഇടനിലക്കാരനെയും സംഘം അമേരിക്കയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here