കോട്ടയം: ബാര്‍കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിതല സമിതിക്കു പുറമേ സ്വകാര്യ ഡിക്ടറ്റീവുകളെ ഏര്‍പ്പെടുത്തിയെന്ന സ്വന്തം വെളിപ്പെടുത്തല്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയെ വെട്ടിലാക്കുന്നു. മാണിയുടെ തുറന്നുപറച്ചിലില്‍ ഏറെ ആശങ്കപ്പെടുന്നത് പി.ജെ.ജോസഫിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ്. അതുകൊണ്ടുതന്നെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയുടെ അന്വേഷണം സംബന്ധിച്ച വെളിപ്പെടുത്തല്‍ ബാര്‍കോഴ ആരോപണവും കടന്നു മുന്നേറിയിരിക്കുകയാണ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ടുതന്നെ ഒറ്റതിരിച്ച് കുടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ഒത്താശചെയ്തു കൊടുത്തവര്‍ പാര്‍ട്ടിക്കുള്ളിലും ഉണ്ടെന്നാണ് മാണിയുടെ ഉറച്ച വിശ്വാസം. അതുകൊണ്ടു തന്നെ ഒപ്പം നിന്നവരെയും സ്വകാര്യ സിഐഡി നിരീക്ഷണത്തിന് മാണി വിധേയമാക്കി. ഇതിനു പുറമേ യുഡിഎഫ് വിട്ടശേഷം നേതാക്കളുടെ മനസ് എവിടെ നില്‍ക്കുന്നുവെന്നും സ്വകാര്യ ഡിറ്റക്ടീവിലൂടെ നിരീക്ഷിച്ചിട്ടുണ്ട്.

നേതൃത്വം നിയോഗിച്ച സമിതിയുടെ ചെയര്‍മാന്‍ സി. എഫ്. തോമസ് പോലും അറിയാതെയാണ് സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയുടെ അന്വേഷണം കെ.എം.മാണി നടത്തിയത്. ഒന്നര വര്‍ഷം മുമ്പ് പാര്‍ട്ടി നേതൃത്വം നിയോഗിച്ച സമിതിയില്‍ കെ. എം. മാണിക്ക് വിശ്വാസമില്ലായിരുന്നു എന്നതിന്റെ തെളിവു കൂടിയാണിത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. സമിതിയില്‍ അംഗങ്ങളായിരുന്നവരില്‍ പലരും ഇന്ന് പാര്‍ട്ടിക്ക് പുറത്തുമാണ്. ഈ സാഹചര്യത്തിലാണ് മാണി സ്വയം സിഐഡി അന്വേഷണം ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ ആശയവിനിമയം നടന്നിട്ടുള്ളത് ജോസ് കെ. മാണിയും, ജോയി ഏബ്രഹാമുമായി മാത്രമാണ്. അതുകൊണ്ടാണ് ഡിറ്റക്ടീവ് ഏജന്‍സി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നപ്പോള്‍ സി. എഫ്. തോമസും, പി. ജെ. ജോസഫും നിഷേധിക്കുകയും ചെയ്തു.

അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്രബിന്ദു കോണ്‍ഗ്രസ് തന്നെയാണ്. മുഖ്യ കഥാപാത്രം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും. പുറമെ മാണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാര്‍ക്ക് പുറത്തുള്ള ചിലരും പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വര്‍ക്കിങ് ചെയര്‍മാന്‍ പി. ജെ. ജോസഫിന് ഒപ്പമുള്ളവരിലേക്കാണ് ഇതിന്റെ സൂചനകള്‍ എത്തുന്നത്. മാണിയുടെ നീക്കങ്ങളില്‍ ത്രിശങ്കുവിലായിരിക്കുന്നത് പി. ജെ. ജോസഫ് തന്നെയാണ്. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പാര്‍ട്ടിവിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയതോടെ ബലക്ഷയം സംഭവിച്ച ജോസഫ് വിഭാഗത്തെ സംശയ നിഴലില്‍ നിര്‍ത്തി വീണ്ടും ദുര്‍ബലമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. സ്വകാര്യ ഏജന്‍സിയുടെ അന്വേഷണവും ഇതിന്റെ ഭാഗമാണ്.

കേരള കോണ്‍ഗ്രസ്(എം) ല്‍ നിലവിലുള്ള ശാന്തതയും ഐക്യവും താല്‍ക്കാലികമാണ്. കാണുമ്പോള്‍ നേതാക്കള്‍ പരസ്പരം ചിരിച്ച് കൈകൊടുക്കുമ്പോഴും വീക്ഷിക്കുന്നത് സംശയ ദൃഷ്ടിയോടെയാണ്. മാണിയെന്ന രാഷ്ട്രീയ ചാണക്യന്റെ പക്കല്‍നിന്ന് ഇനിയെന്താണ് പുറത്തുവരാനുള്ളതെന്ന് കാത്തിരിക്കുന്നവരും കേരള കോണ്‍ഗ്രസുകാര്‍ തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here