വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാവിഷയമായി അനിയന്ത്രിത കുടിയേറ്റത്തെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിക്കൊണ്ടുവരുന്നു എന്നത് ശരിതന്നെ. എല്ലാ മുസ്‌ലിംങ്ങളെയും യുഎസില്‍ നിന്ന് പുറത്താക്കണമെന്ന് ട്രംപ് പ്രസംഗവേദിയില്‍ അലറിവിളിക്കുമെങ്കിലും അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം മെക്‌സിക്കന്‍ തീരത്തുകൂടി യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തന്നെയാണ്. എന്നാല്‍ കുടിയേറ്റക്കാരുടെ എണ്ണം സംബന്ധിച്ച ഏറ്റവും പുതിയ കണക്ക് ട്രംപിനു പിഴച്ചതായി വ്യക്തമാക്കി.
മെക്‌സിക്കന്‍ തീരത്തുനിന്നുള്ള കുടിയേറ്റത്തെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം കടത്തിവെട്ടിയിരിക്കുകയാണ്.

വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ നടത്തി വിശകലനങ്ങളനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാരാണ്.സെന്‍സസ് കണക്കുകള്‍ ഏറ്റവുമൊടുവില്‍ ലഭ്യമായ 2014 ലെ അവസ്ഥ ഇതാണു സൂചിപ്പിക്കുന്നത്. അനധികൃതമായും രേഖാമൂലവുമുള്ള കുടിയേറ്റക്കാരുടെ എണ്ണം കൂട്ടിക്കലര്‍ത്തിയാണ് പത്രം ഈ നിഗമനത്തിലെത്തിയത്.

യുഎസ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വിസ അനുവദിച്ച് നല്‍കുന്ന ഇന്ത്യക്കാര്‍ക്കാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ലോകത്തെ മറ്റ് ഏത് രാജ്യത്തുള്ള ആളുകളേക്കാലും കൂടുതല്‍ വിസ ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണെന്ന് അന്താരാഷ്ട്ര വാണിജ്യങ്ങളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി അടുത്തിടെയാണ് പറഞ്ഞത്. യുഎസിലെ വിസ നിയമങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ച ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു അണ്ടര്‍ സെക്രട്ടറിയുടെ പ്രതികരണം.

ലോകത്തുള്ള ഏത് രാജ്യത്തേക്കാളുമേറെ വിസ നല്‍കുന്നത് ഇന്ത്യക്കാണ്. യുഎസ് സര്‍ക്കാര്‍ നല്‍കുന്ന ഷോര്‍ട്ട് ടേം വിസയുടെ 65 മുതല്‍ 66 ശതമാനം വരെയും നല്‍കുന്നത് ഇന്ത്യക്കാര്‍ക്കാണ്. യുഎസ് വിസയ്ക്കുള്ള ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഈ മേഖലയില്‍ വലിയ പുരോഗതി ഇപ്പോള്‍ തന്നെ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here