ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ നാസ്സോ കൗണ്ടി കംട്രോളറുടെ ന്യൂനപക്ഷകാര്യ ഉപദേശക സമിതിയിലേക്ക് (മൈനോറിറ്റി അഫയേഴ്‌സ് അഡ്‌വൈസറി കമ്മറ്റി) ജോസ് ജേക്കബിനെ (ജോസ് തെക്കേടം) കംട്രോളര്‍ ജോര്‍ജ് മറഗോസ് നിയമിച്ചു.

ന്യൂനപക്ഷക്കാരോ വനിതകളോ ആയ ബിസിനസ്സ് സംരംഭകരുടെ (Minority and/or Women-owned Business Enterprises – “MWBE”) ഉന്നമനത്തിനായി ന്യൂയോര്‍ക്ക് നാസ്സോ കൗണ്ടി കംട്രോളറുടെ കര്യാലയം വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്.

കൗണ്ടിയിലുള്ള വിവിധ കരാറടിസ്ഥാന ജോലികള്‍ യോഗ്യരായ ന്യൂനപക്ഷ ബിസിനസ്സുകാര്‍ക്കും വനിതാ നിയന്ത്രിത ബിസിനസ്സ് സംരംഭകര്‍ക്കും സബ്- കോണ്‍ട്രാക്ട് നല്‍കി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ്സോ കൗണ്ടി 2002–ല്‍ നടപ്പിലാക്കിയ പദ്ധതിയാണ് മൈനോറിറ്റി ആന്‍ഡ് വിമന്‍- ഓണ്‍ഡ് ബിസിനസ്സ് എന്റര്‍പ്രൈസ് (MWBE) പ്രോഗ്രാം.

കംട്രോളറുടെ ഓഫീസ് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൗണ്ടിയിലുള്ള എല്ലാ കരാര്‍ ജോലികളുടെയും പുനപരിശോധനയും അംഗീകാരവും കരാര്‍ ജോലികളുടെ എല്ലാ ബില്ലുകളും ആഡിറ്റ് ചെയ്ത് പണം നല്‍കുന്നതും കംട്രോളറുടെ ഓഫീസ് വഴിയാണ്.

പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പിനും ന്യൂനപക്ഷക്കാരെയും വനിതകളെയും കൂടുതലായി പങ്കെടുപ്പിക്കുന്നതിനും കൗണ്ടിയിലെ കരാര്‍ ജോലികളെപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കരാറുകളില്‍ പങ്കെടുക്കുന്നതിന് അവരെ പ്രോത്സാഹിപ്പക്കുന്നതിനും കംട്രോളര്‍ മറഗോസ് പ്രത്യേക താല്പര്യമെടുത്ത് രൂപീകരിച്ചതാണ് ഉപദേശക സമിതി.

ന്യൂനപക്ഷ-വനിതാ വിഭാഗത്തില്‍പെട്ട സംരംഭകരെ കണ്‍ടെത്തി അവരെ പദ്ധതികളിലേക്ക് ആകര്‍ഷിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനുമാണ് അഡ്‌വൈസറി കമ്മറ്റി അംഗങ്ങളെ നിയമിക്കുന്നത്. മൈനോറിറ്റി സമൂഹത്തിനായി കൗണ്ടിയിലെയും സ്റ്റേറ്റിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും വിവിധ കോണ്‍ട്രാക്ട് ജോലികളില്‍ ഏകദേശം 30% സംവരണം ചെയ്തിരിക്കണമെന്നാണ് നിയമം.

മൈനോറിറ്റി കമ്മ്യൂണിറ്റിയായ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകമായി മലയാളീ സമൂഹത്തിനും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനാണ് ജോസ് ജേക്കബിനെ നിയമിച്ചിരിക്കുന്നത്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഡഗ്‌ളസ് എല്ലിമന്‍ റിയല്‍റ്റിയില്‍ ബ്രോക്കറായ ജോസ് വിവിധ മലയാളി സംഘടനകളിലെ നിറസാന്നിദ്ധ്യമാണ്. കാല്‍ നൂറ്റാണ്‍ടിലേറെയായി വിജയപ്രദമായി റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്സ് നടത്തി വരുന്ന ജോസ് മലയാളി ബിസിനസ്സുകാരുടെ പ്രമുഖ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

മലയാളി ബിസിനസ്സ് സമൂഹത്തില്‍ അറിയപ്പെടുന്ന ജോസ് ജേക്കബിന്റെ നിയമനം മലയാളി ബിസിനസ്സുകാര്‍ക്കും ബിസിനസ്സില്‍ ഏര്‍പ്പെടുവാന്‍ താല്പര്യപ്പെടുന്നവര്‍ക്കും വളരെ പ്രയോജനകരമാണ്. ബിസിനസ്സില്‍ ഏര്‍പ്പെടുവാന്‍ പൊതുവെ താല്പര്യം കാണിക്കാത്ത രണ്‍ടാം തലമുറക്കാരായ മലയാളി ചെറുപ്പക്കാരെയും കൗണ്ടിയിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുവാന്‍ താല്പര്യമുള്ളവരെയും കൈപിടിച്ച് ഉയര്‍ത്തി സമൂഹത്തില്‍ മുന്‍ നിരയിലെത്തിക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും സ്ഥാനലബ്ധിയില്‍ താന്‍ സന്തോഷവാനാണെന്നും ജോസ് ജേക്കബ് അറിയിച്ചു.

Contact Jose: 9172910499

shakhand singl1

LEAVE A REPLY

Please enter your comment!
Please enter your name here