കൊച്ചി: കാനഡയില്‍ ഉമ്മന്‍ചാണ്ടിക്കുമാത്രമല്ല കരുണാകരനും അപരന്‍. കേരളത്തിലെ കോണ്‍ഗ്രസ് രാഷ് ട്രീയത്തിലെ കരുത്തരായ ഈ രണ്ടു നേതാക്കളുടെയും അപരന്മാരെ കാനഡയില്‍ നിന്ന് കണ്ടെത്തിയതാകട്ടെ മലയാള മനോരമയ്ക്കുവേണ്ടി ഒട്ടേറെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ വിനോദ് ജോണും. മനോരമയിലെ ജോലിക്കിടെ വിനോദ് ജോണ്‍ കാനഡയിലേക്കു ചേക്കേറുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ അപകരനെ കണ്ടെത്തിയത്. ഇത്തവണ കരുണാകരനെ കണ്ടെത്തിയതാകട്ടെ മിസ്സിസാഗയില്‍ നിന്നും.
ഒറ്റ നോട്ടത്തില്‍, അപരനെപ്പോലും അന്പരിപ്പിക്കുന്ന സാമ്യമാണ് കരുണാകരനും ജോണ്‍ മൂര്‍ എന്ന അപരനും തമ്മിലെന്ന് വിനോദ്‌ജോണ്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ‘ജോണ്‍ മൂറിന്റെ മുന്‍പില്‍പെട്ടാല്‍ ആ ചിരിയിലാകും ലീഡര്‍ ആരാധകര്‍ വീഴുക. വേഷത്തില്‍ മാത്രമേ കുറച്ചെങ്കിലും വ്യത്യാസം കാണാനാകൂ. നിറത്തിലും തലമുടിയിലുംപോലും അപാരസാമ്യം. മേക്കപ്പും വിഗ്ഗുമൊന്നുമില്ലാതെയാണ് ഇത്തരം സാമ്യങ്ങളെന്നതാണ് പ്രത്യേകത’.
വിനോദ് ജോണിന്റെ കുറിപ്പില്‍ നിന്ന്: ഇമെയില്‍ ചെയ്തുകൊടുത്ത കെ. കരുണാകരന്റെ ചിത്രംകണ്ട്, സഹോദരനാണെന്നു തോന്നിപ്പിക്കുംവിധമുള്ള സാമ്യമാണെന്നായിരുന്നു ജോണ്‍ മൂറിന്റെ പ്രതികരണം.’സാംസ്‌കാരികമായിപോലും വിഭിന്നമായ പശ്ചാത്തലമാണെങ്കിലും കൗതുകമുണര്‍ത്തുന്നാണ് ഈ സാമ്യം. ചിത്രം കണ്ടതിനുശേഷം ഞാന്‍ എന്റെ മുടിപോലും ആ രീതിയിലാണ് ഒരുക്കിയത്. കണ്ടില്ലേ’ ലീഡര്‍ ശൈലിയിലുള്ള ചിരിയോടെ മൂര്‍ ചോദിക്കുന്നു. ഇല്ലാത്തത് ആ ‘കണ്ണിറുക്കല്‍’ മാത്രം. രൂപസാദൃശ്യംപോലെ ഈ ചിരിയില്‍ പോലും സാമ്യമുണ്ടെന്നു പറഞ്ഞപ്പോഴാകട്ടെ അതിനെന്താണ് ‘ഞാനതു തുടരാം’ എന്നായിരുന്നു പ്രതികരണം.
മിസ്സിസാഗ ക്യാമറ ക്‌ളബിന്റെ മീറ്റിങ്ങിലാണ് ആദ്യം ജോണ്‍ മൂറിനെ കണ്ടത്. ഇന്ത്യയിലും കേരളത്തിലും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായി സാമ്യമുണ്ടെന്നു സൂചിപ്പിച്ചപ്പോള്‍തന്നെ ആവേശമായി. കുറെ ചിത്രങ്ങളുമെടുത്തു. പിന്നാലെ കരുണാകരന്റെ ചിത്രവും അയച്ചുകൊടുത്തു. ആഴ്ചകള്‍ക്കുശേഷം വീണ്ടും ക്യാമറ ക്‌ളബ് മീറ്റിങ്ങിന് എത്തിയപ്പോഴാണ് മൊബൈലില്‍ വിഡിയോ പകര്‍ത്താനായത്.
ജോണ്‍ മൂറിന്റെ വിഡിയോ പകര്‍ത്തുന്നതുകണ്ട് സുഹൃത്തുക്കളും കൂടി. കാര്യമറിഞ്ഞപ്പോള്‍ അവരും പ്രോല്‍സാഹിപ്പിച്ചു.
ഒന്റാരിയോ പ്രവിശ്യപോലെ, കേരള സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്നു കരുണാകരനെന്നും കാനഡയിലെ ഫെഡറല്‍ മന്ത്രി പോലെ ഇന്ത്യയില്‍ കേന്ദ്രമന്ത്രിയായിരുന്നെന്നും ഒക്കെ കേട്ടപ്പോള്‍ കുസൃതി ചോദ്യവുമെത്തി: ‘ഞാന്‍ ഇന്ത്യയിലെത്തിയാല്‍ വിമാനത്താവളത്തില്‍ ലിമോസീനും മോട്ടോര്‍കെയ്ഡുമൊക്കെയായി രാജകീയ വരവേല്‍പ്പ് ലഭിക്കുമെന്നു കരുതുന്നുണ്ടോ?.
മൂന്നര പതിറ്റാണ്ടോളം സ്‌കൂള്‍ അധ്യാപകനായിരുന്ന എണ്‍പത്തിരണ്ടുകാരനായ ജോണ്‍ മൂര്‍ വൈസ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ആറു വര്‍ഷത്തോളം അയര്‍ലന്‍ഡില്‍ അധ്യാപകനായി ജോലി ചെയ്തശേഷമാണ് കാനഡയിലേക്കു കുടിയേറിയത്. തേഡ് ഫോറത്തില്‍ പഠിക്കുമ്പോാള്‍ ക്യാമറയെ സ്‌നേഹിച്ചു തുടങ്ങിയ ജോണ്‍ മൂര്‍, ഇപ്പോഴും ക്യാമറയുമായി പ്രണയത്തിലാണ്. മിസ്സിസാഗ ക്യാമറ ക്‌ളബിന്റെയും ഹാം റേഡിയോ ക്‌ളബിന്റെയും റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് അസോസിയേഷന്റെയുമെല്ലാം പ്രവര്‍ത്തനങ്ങളില്‍ സജീവം.
കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍നിന്നുള്ള ലണ്ടനിലാണ് കഴിഞ്ഞ മേയില്‍ ഉമ്മന്‍ ചാണ്ടിയുടെ അപരനെ കണ്ടെത്തിയത്. ഉള്‍റോഡുകളിലൊന്നില്‍ കാറില്‍ യാത്ര ചെയ്യുമ്പോയിരുന്നു ആ ദൃശ്യം കണ്ണില്‍പ്പെട്ടതും ചിത്രങ്ങളെടുത്തതും. സമീപത്തെ റൌണ്ട്എബൌട്ടില്‍ കാര്‍ തിരിച്ച്, ചിത്രമെടുത്ത സ്ഥലത്ത് എത്തിയപ്പോഴേക്കും അദ്ദേഹം നടന്നകന്നിരുന്നു. അതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിയുടെ അപരനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. പരിചയമുള്ള ആരെങ്കിലുമായി സാമ്യമുണ്ടോ എന്ന ചോദ്യവുമായി ആ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴേക്കും മനോരമ ഓണ്‍ലൈനിലും മറ്റും വാര്‍ത്തയായി, ചര്‍ച്ചയുമായി. സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തതിനുപിന്നാലെ മലയാളത്തിലെ മിക്ക പത്രങ്ങളിലും ചാനലുകളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും ഉമ്മന്‍ ചാണ്ടിയുടെ അപരന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്‍ട്ടൂണുകളും വാട്‌സാപ്പ് തമാശകളും ഒക്കെ പ്രചരിപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് സൗദി അറേബ്യയിലും ഉമ്മന്‍ ചാണ്ടിയുടെ അപരനെ കണ്ടെത്തിയതും അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ കാണാന്‍ കേരളത്തിലേക്കു പോകുന്നു എന്നതുമൊക്കെ പത്രമാധ്യങ്ങളിലും സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞത്-കുറിപ്പില്‍ വിനോദ് ജോണ്‍ പറയുന്നു.
കാനഡയില്‍ കണ്ടെത്തിയതിനു പിന്നാലെ സൗദിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ അപരനെ കണ്ടെത്തിയിരുന്നു.സോഷ്യല്‍ മീഡിയയിലൂടെയാണ് സൗദിയിലെ ‘ഉമ്മന്‍ചാണ്ടി’യുടെ ചിത്രങ്ങള്‍ അതിവേഗം പ്രചരിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here