കോട്ടയം:കോഴ ആരോപണങ്ങളില്‍ നട്ടംതെട്ടു വലയുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുടെ ഉത്രാടപാച്ചില്‍ ഇത്തവണ വിജിലന്‍സിനു മുന്നില്‍. ബാറ്ററി നികുതി വെട്ടിപ്പ് വഴി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്ന കേസില്‍ കെ.എം. മാണിയെ വിജിലന്‍സ് മൂന്നര മണിക്കൂറിലേറെ ചോദ്യം ചെയ്തത് കഴിഞ്ഞ തിരുവോണത്തിനു തലേന്ന്. കെ.എം.മാണിയെ ചോദ്യംചെയ്യുന്നുവെന്ന സൂചന കിട്ടിയാല്‍ രാജ്യത്തെ മുഴുവന്‍ ടെലിവിഷന്‍ ചാനലുകളും നാട്ടകം ഗസ്റ്റ്ഹൗസിനു മുന്നില്‍ നിന്ന് ലൈവ് സംപ്രേഷണം ചെയ്യുമെന്ന് ഉറപ്പായതിനാലാണ് അതീവരഹസ്യമായി ചോദ്യംചെയ്യല്‍ നടത്തിയത്. ഉത്രാടദിവസം തിരഞ്ഞെടുത്തതോടെ വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യല്‍ രഹസ്യമായി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു.
ചോദ്യംചെയ്യലിനു മുമ്പ് കെ.എം.മാണിയോട് ഇതിന് മുന്നോടിയായി സൗകര്യപ്രദമായ ദിവസം വിജിലന്‍സ് ചോദിച്ചിരുന്നു. 12 ചോദ്യങ്ങള്‍ ഇ മെയില്‍ വഴി നേരത്തേ മാണിക്ക് കൈമാറിയിരുന്നു. പരാതിക്കാരനായ പാലാ സ്വദേശി ജോര്‍ജ് സി. കാപ്പനില്‍ നിന്ന് വിജിലന്‍സ് വിശദമായ മൊഴി രേഖപ്പെടുത്തി. ബാര്‍, കോഴി, സമൂഹവിവാഹ കേസുകള്‍ക്കു പുറമേയാണ് ബാറ്ററി നികുതി ഇളവ് നല്കിയതുമായി ബന്ധപ്പെട്ട കേസ്. ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പരാതിയുമായി ഒത്തുനോക്കിയ ശേഷമായിരിക്കും അനന്തരനടപടി. ബാറ്ററിയില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് യൂണിറ്റിന് മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്കിയതു വഴി കോട്ടയം കുറിച്ചി സൂപ്പര്‍ പിഗ്മെന്റ്‌സ് ഉടമ ബെന്നി എബ്രഹാമിനെ വഴിവിട്ട് സഹായിച്ചെന്നും സംസ്ഥാന ഖജനാവിന് 1.66 കോടി രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്. ബെന്നി എബ്രഹാമിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. 2012 വരെ 12.5 ശതമാനവും 2013ല്‍ 13.5 ശതമാനവും നികുതി അടയ്‌ക്കേണ്ട സ്ഥാനത്ത് 201516ലെ ബഡ്ജറ്റില്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി അഞ്ചു ശതമാനമാക്കിക്കൊടുത്തു.
ചങ്ങനാശേരി വാണിജ്യ നികുതി ഓഫീസില്‍ നിന്ന് പല തവണ നോട്ടീസ് അയച്ചെങ്കിലും പണമടയ്ക്കാതെ അപ്പീല്‍ നല്‍കിയ കമ്ബനിക്ക് നികുതിയിളവ് അനുവദിച്ചതായിരുന്നു വിജിലന്‍സ് കേസില്‍ എത്തിയത്. അതേസമയം നികുതിയിളവ് വഴി കോടികള്‍ ഖജനാവിന് നഷ്ടമുണ്ടായെന്ന ആരോപണം ശരിയല്ലെന്ന് കെ.എം. മാണി വിജിലന്‍സിനോടു പ്രതികരിച്ചു. ബഡ്ജറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ വരാറുണ്ട്. നികുതി വകുപ്പില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു. വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. ഖജനാവിന് ഒരു രൂപയുടെ നഷ്ടവും വരുത്തിയിട്ടില്ല എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here