തിരുവനന്തപുരം: ഒരു കട്ടന്‍ ചായയ്ക്ക് വില 80 രൂപ, കാപ്പിക്ക് 100 രൂപ, പഫ്‌സിന് 250 രൂപ എല്ലാം കൂടി ബില്ല് വന്നത് 680 രൂപ. ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തിന്റെ വില നിരക്കാണെന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഇത് നമ്മുടെ കേരളത്തിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ചായക്കടയില്‍ നിന്നാണ്. കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയ ഈ ബില്ലിന്റെ കഥ പറഞ്ഞത് മലയാളത്തിന്റെ യുവതാരം അനുശ്രീയാണ്. തന്നെ അന്തം വിടീച്ച ബില്ലിന്റെ കഥ വിശദീകരിച്ച് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് സംഭവം പുറത്തെത്തിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനലിലെ കോഫീ ഷോപ്പില്‍ (കിച്ചണ്‍ റെസ്റ്റോറന്റ്) നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടന്‍ ചായയും കഴിച്ചപ്പോള്‍ ആയത് 680 രൂപ.
എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ…! ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു. അധികാരപ്പെട്ടവര്‍ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷയോടെയാണ് അനുശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്. അമിത വില ഈടാക്കിയ സ്ഥാപനത്തിനെതിരെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലില്‍ പോലുമില്ലാത്ത വില ഈടാക്കിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വിപണിയില്‍ ഉള്ളതിനേക്കാള്‍ അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കഴിഞ്ഞ മാസം സംസ്ഥാന വ്യാപകമായി പരിശോധന സംഘടിപ്പിച്ചിരുന്നു.ഇത്തരത്തില്‍ അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ അതിന് ശേഷവും സിനിമാ തിയറ്ററുകളിലും വിമാനത്താവളങ്ങളിലും അമിത വീല ഈടാക്കുന്ന പ്രവണത തുടരുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇങ്ങനെ അമിത വില ഈടാക്കുന്നത് മിക്കപ്പോഴും തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയാക്കാറുണ്ടെന്നും പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here