തിരുവനന്തപുരം: അമ്മയറിയാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പല തവണയായി ആയിരങ്ങള്‍ അടിച്ചമാറ്റിയ മകന്‍, ഒടുവില്‍ കാര്യമറിഞ്ഞപ്പോള്‍ ഐഎസ് ഭീകരനായി ചമഞ്ഞ് അമ്മയെ ഭീഷണിപ്പെടുത്തി. അമ്മയുടെ മക്കളെ ഇല്ലായ്മ ചെയ്യുമെന്ന ആ ഭീഷണിയില്‍ അമ്മ വീഴേണ്ടതായിരുന്നു. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് കള്ളനെ കപ്പലില്‍ നിന്ന് തന്നെ പൊക്കി. പണം നഷ്ടപ്പെട്ടതിനത്തെുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങിയ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ വീട്ടമ്മക്ക് മക്കളെ കൊലപ്പെടുത്തും എന്നായിരുന്നു ഐഎസിന്റെ പേരില്‍ ലഭിച്ച എസ്.എം.എസ്.
ഇതേത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എം.കെ. സുല്‍ഫിക്കര്‍ വീട്ടമ്മയെയും മക്കളെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് കള്ളന്‍ കപ്പലില്‍ തന്നെയെന്ന് മനസ്സിലായത്. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ വീട്ടമ്മയുടെ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഇളയ മകന്‍ പതറി. അമ്മയറിയാതെ പണം പിന്‍വലിച്ചത് മകനാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ആറിനാണ് വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്ന് 8000 രൂപ നഷ്ടമായത്. പണം നഷ്ടമായ വിവരം പൊലീസില്‍ അറിയിച്ചാല്‍ മോഷണക്കേസില്‍ മകനെ പ്രതിയാക്കുമെന്നായിരുന്നു ആദ്യ സന്ദേശം.
യഥാര്‍ഥ മോഷ്ടാവിന്റെ സ്ഥാനത്ത് മകന്റെ മുഖം മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു. പിന്നീടുവന്ന എസ്.എം.എസിലൊക്കെ മക്കളുടെ തലയില്ലാത്ത ഉടല്‍ കാണേണ്ടി വരും തുടങ്ങിയ ഭീഷണികളായിരുന്നു. ബുധനാഴ്ച രാത്രി പൊലീസില്‍ പരാതി നല്‍കാന്‍ വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴാണ് അവസാന സന്ദേശം എത്തിയത് ‘സ്റ്റോപ് യുവര്‍ ജേണി’. ഐ.എസ് ഭീകരരാണ് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനുള്ള സൂചനകളും എഴുതിയിരുന്നു. വീട്ടമ്മയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയശേഷം മകന്‍ എസ്.എം.എസ് അയച്ചതായിരുന്നെന്ന് പൂവാര്‍ സി.ഐ എസ്.എം. റിയാസ്, കാഞ്ഞിരംകുളം എസ്.ഐ ബി. ജയന്‍ എന്നിവര്‍ പറഞ്ഞു.
പണം നഷ്ടമായതിലല്ല, മക്കളുടെ ജീവനുള്ള ഭീഷണി കണ്ട് ഭയന്നാണ് പരാതിയുമായി വീട്ടമ്മയത്തെിയത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ കേസ് വേണ്ടെന്ന് അഭ്യര്‍ഥിച്ച് മടങ്ങുകയായിരുന്നു. കോവളം കാരോട് ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്ത വകയില്‍ ഈ കുടുംബത്തിന് 45 ലക്ഷം രൂപ ലഭിച്ചിരുന്നു.
ഈ തുകയില്‍നിന്ന് നാലുലക്ഷം രൂപയുടെ കുറവ് വന്നതായി വീട്ടമ്മ പൊലീസിനുമുന്നില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ചും പരാതി ഇവര്‍ നല്‍കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here