കോഴിക്കോട്: കേരളം പിടിക്കാന്‍ ബിജെപി തയാറാക്കുന്നത് ദ്വിമുഖ കര്‍മപദ്ധതി. കേരളത്തില്‍ യുഡിഎഫില്‍ നിന്ന് പുറത്തുവന്ന കെ.എം.മാണിയെ ഒപ്പംചേര്‍ക്കുകയും അതുവഴി ക്രൈസ്തവ സഭകളെ പാട്ടിലാക്കുകയുമാണ് ബിജെപിയുടെ ലക്ഷ്യം. കോഴിക്കോട് നടക്കുന്ന ദേശീയയോഗം ഇക്കാര്യത്തില്‍ ഗൗരവമായ ആലോചനകള്‍ നടത്തും. കേരളത്തില്‍ താമരഭരണമെന്ന ദേശീയ അധ്യക്ഷ്യന്‍ അമിത് ഷായുടെ ലക്ഷ്യത്തിലേക്കെത്താന്‍ മതന്യൂനപക്ഷങ്ങളുടെ സഹായം കിട്ടാതെ പറ്റില്ലെന്നാണ് കേരള ഘടകത്തിന്റെ ആവശ്യം. ചില ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള ബന്ധത്തില്‍ മാറ്റമുണ്ടായെങ്കിലും കേന്ദ്ര ഇടപടെല്‍ വഴി സമീപനം ശക്തമാക്കണം. സഭാ ബന്ധം മധ്യകേരളത്തില്‍ വന്‍നേട്ടമുണ്ടാക്കുമെന്നാണ് കുമ്മനത്തിന്റെ വിലയിരുത്തല്‍. മെയ്ക്ക് ഇന്‍ ഇന്ത്യ മാതൃകയില്‍ മെയ്ക്ക് ഇന്‍ കേരള പദ്ധതികള്‍, ആറന്മുളയെ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കല്‍ അടക്കമുള്ള ആവശ്യങ്ങളും സംസ്ഥാന ഘടകം മുന്നോട്ട് വച്ചു.
ഇത്തരം ആവശ്യങ്ങള്‍ അടങ്ങിയ കേരള ദര്‍ശനരേഖ സംസ്ഥാന ഘടകം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. ഭരണം പാതി വഴി പിന്നിട്ടിട്ടും കേരള നേതാക്കള്‍ക്ക് ദില്ലിയില്‍ കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയും നേതാക്കള്‍ ഉന്നയിച്ചു. ദേശീയ കൗണ്‍സിലിന് ശേഷമുള്ള പാര്‍ട്ടി അഴിച്ചുപണിയില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ഉണ്ടാകുമെന്നാണ് അമിത് ഷായുടെ ഉറപ്പ്.
കുറച്ചു കാലമായിട്ട് ക്രൈസ്തവ സഭകള്‍ ബിജെപിയുമായി സൗഹാര്‍ദ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ അസരം മുതലെടുത്ത് മധ്യകേരളത്തില്‍ സഭകളുമായുള്ള സഹകരണം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനായി ശ്രമിക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിലുള്ള നീക്കങ്ങള്‍ സമയബന്ധിതമായി നടത്തണമെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ മാണിയുമായി ബന്ധം വേണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here