തൃശൂര്‍: അവിഹിതബന്ധങ്ങളുടേയും സ്ത്രീപീഢനങ്ങളുടേയും കഥകള്‍ കേട്ടുവളരുന്ന മലയാളി മറ്റൊരു കാര്യത്തിലും രാജ്യത്തിനു തീരാകളങ്കമാകുന്നു. കേരളത്തില്‍ വിവാഹമോചനം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. കുടുംബകോടതികളില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കേരളത്തില്‍ 1.96 ലക്ഷം വിവാഹമോചന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്ത് ഓരോ വര്‍ഷവും നടക്കുന്ന വിവാഹമോചനങ്ങളുടെ 8.36 ശതമാനവും കേരളത്തിലാണ്.
മണിക്കൂറില്‍ അഞ്ച് എന്ന തോതിലാണ് കേരളത്തില്‍ വിവാഹമോചന കേസുകള്‍ വിധിക്കുന്നതെന്ന്, പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയ കണക്കില്‍ സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു.
2014ല്‍ പ്രതിദിനം 130ലധികം വിവാഹമോചന കേസുകളാണ് സംസ്ഥാനത്ത് തീര്‍പ്പുകല്‍പിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ രജിസ്റ്റര്‍ ചെയ്തത് 26,885 കേസുകളാണ്. 2011ല്‍ കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത 44,326 വിവാഹമോചന കേസുകളില്‍ ഒന്നുപോലും തീര്‍പ്പായിട്ടില്ല. 2005ല്‍ 8,456 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2012 ആകുമ്പോഴേക്കും 24,815 ആയി വര്‍ധിച്ചു.
തിരുവനന്തപുരം ജില്ലയാണ് വിവാഹമോചന കേസുകളില്‍ മുന്നില്‍. ആറുമാസത്തിനകം 4,499 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം, നെടുമങ്ങാട് കുടുംബ കോടതികളിലാണ് ഏറ്റവുമധികം കേസുകള്‍. 2011’12 കാലത്ത് 6000 കേസുകള്‍ ഈ കോടതികളില്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കുറവ് കേസ് കാസര്‍കോട് (445), ഇടുക്കി (698) ജില്ലകളിലാണ്. 2014’15 കാലയളവില്‍ വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. ഒരു ലക്ഷത്തോളം കേസുകളാണ് ഇക്കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
എറണാകുളമാണ് വിവാഹമോചനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു ജില്ല. നഴ്‌സുമാരിലും ഐ.ടി ജീവനക്കാരിലുമാണ് വിവാഹമോചനം കൂടുതലത്രേ. വിവാഹമോചനം തേടി കോടതിയെ സമീപിക്കുന്നവരില്‍ അധികവും യുവതീയുവാക്കളാണ്. 2014ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 36,000 എണ്ണവും മദ്യപാനത്തെ തുടര്‍ന്നാണ്. അതോടൊപ്പം, 1976ലെ വിവാഹമോചന ആക്ടിലെ ഇളവുകള്‍, ബന്ധങ്ങള്‍ എളുപ്പത്തില്‍ വേര്‍പ്പെടുത്താനുള്ള സാധ്യതയും നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ദാമ്പത്യം ശിഥിലമാകാനുള്ള സാഹചര്യം ഒരുക്കുന്നുണ്ടെന്ന് വിവാഹമോചനകേസുകളില്‍ പഠനം നടത്തുന്ന തൃശൂര്‍ ബാറിലെ അഭിഭാഷകനും കൗണ്‍സിലറുമായ അഡ്വ. സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here