വാഷിങ്ടണ്‍: പ്രമുഖ ഇന്‍റര്‍നെറ്റ് സേവന ദാതാവായ ‘യാഹൂ’ പോയവര്‍ഷം അമേരിക്കന്‍ സര്‍ക്കാറിനുവേണ്ടി പൗരന്മാരുടെ ഇ-മെയിലുകള്‍ അതീവ രഹസ്യമായി നിരീക്ഷണവിധേയമാക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളായ എന്‍.എസ്.എ, എഫ്.ബി.ഐ എന്നീ ഏജന്‍സികള്‍ക്കുവേണ്ടിയായിരുന്നു ബഹുകോടി ഇ-മെയിലുകള്‍ നിരീക്ഷണവിധേയമാക്കിയത്. ഇതിനായി  പ്രത്യേക സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരുന്നതായി യാഹൂവിലെ മുന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.

പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ബാധ്യതയുള്ള കമ്പനിയുടെ വിവാദ നീക്കത്തോടുള്ള എതിര്‍പ്പാണ് യാഹൂ വിവരസുരക്ഷാ മേധാവി അലക്സ് സ്റ്റാമോസിന്‍െറ രാജിയില്‍ കലാശിച്ചത്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഇന്‍കമിങ് മെയില്‍ സന്ദേശങ്ങള്‍  സൂക്ഷ്മപരിശോധന നടത്തുന്നത് ഇതാദ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. സ്റ്റോര്‍ ചെയ്യപ്പെട്ട മെസേജുകളായിരുന്നു മുന്‍വര്‍ഷങ്ങളില്‍ പരിശോധിക്കപ്പെട്ടത്.

യു.എസ് പൗരന്മാരുടെ ഫേസ്ബുക് അക്കൗണ്ടുകളും ഇ-മെയില്‍ സന്ദേശങ്ങളും വ്യാപകമായി പരിശോധിക്കപ്പെട്ടതായി എഡ്വേഡ് സ്നോഡന്‍ നേരത്തേ വെളിപ്പെടുത്തിയത് അമേരിക്കയിലും വിദേശരാജ്യങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരുന്നു. 2008ലെ ഫിസ ഭേദഗതി ചട്ടപ്രകാരമാകാം എഫ്.ബി.ഐ, എന്‍.എസ്.എ എന്നീ ഏജന്‍സികള്‍ യാഹൂവിന് നിരീക്ഷണ നിര്‍ദേശം നല്‍കിയതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇ-മെയില്‍ അക്കൗണ്ടുകളിലെ ഏതെല്ലാം വിവരങ്ങളാണ് യാഹൂ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് കൈമാറിയതെന്നത് വ്യക്തമല്ല.യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ സമാന അഭ്യര്‍ഥനയുമായി ഇതര ഇന്‍റര്‍നെറ്റ് സേവന ദാതാക്കളെ സമീപിച്ചതായി അഭ്യൂഹമുണ്ട്. എന്നാല്‍, അത്തരം നിര്‍ദേശങ്ങള്‍ ലഭിച്ചില്ളെന്ന് ലോകത്തെ ഏറ്റവും വലിയ ഇ-മെയില്‍ ശൃംഖലയായ ‘ജി മെയില്‍’ നടത്തിപ്പുകാരായ ‘ഗൂഗ്ള്‍’ കഴിഞ്ഞ ദിവസം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ സമാന നിര്‍ദേശവുമായി രഹസ്യാന്വേഷണ വിഭാഗം ആപ്പ്ള്‍ ഫോണ്‍ കമ്പനിയെ സമീപിച്ചിരുന്നെങ്കിലും നിര്‍ദേശം ആപ്പ്ള്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് ആപ്പിളിനെതിരെ നിയമയുദ്ധം ആരംഭിച്ച രഹസ്യാന്വേഷണ വിഭാഗം ഒടുവില്‍ കേസില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരായി. ഇതേരീതിയില്‍ നിയമയുദ്ധം നടത്താന്‍ തയാറാകാത്ത യാഹൂ സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് നിരാശജനകവും കീഴ്വഴക്കങ്ങള്‍ക്ക് നിരക്കാത്ത നടപടിയുമാണെന്ന് നിയമവൃത്തങ്ങള്‍ കുറ്റപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here