ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളി കളുടെ അഭിമാന സംഘടനയായ ഫൊക്കാന അപ്രതീക്ഷിതമായോ കരുതിക്കൂട്ടിയോ പിളര്‍ന്നു ഫോമാ എന്ന രണ്ടാം സംഘടന നിലവില്‍ വന്നു. വിഭജനത്തിന്റെ വിഭ്രാന്തിയിലുണ്ടായ പൊട്ടിത്തെറിക്കലിന്റെ കോപാഗ്നി അണഞ്ഞിട്ടില്ല. ധൂമപടലങ്ങള്‍ കലുഷിതമായി അന്തരീക്ഷത്തില്‍ ഇപ്പോഴും നിലകൊള്ളുന്നു. ഇരുസംഘടനകളും അടുത്തനാള്‍വരെ സാമാന്യം സമാധാനമായി നിലകൊണ്ടു. ഇരുവിഭാഗത്തിന്റെയും ആഘോഷങ്ങളില്‍ മേന്മയേറിയ പല സംസ്‌ക്കാരിക രാഷ്ട്രീയനേതാക്കളും കലാകാരന്മാരും വിവിധ മതാദ്ധ്യക്ഷരും സംബന്ധിച്ചു. ഭൂമണ്ഡലത്തിന്റെ വിവിധ മേഖലയിലുളള ഏതു മലയാളികളും ആധുനിക മാദ്ധ്യമധാരയിലൂടെ ഈ അമേരിയ്ക്കന്‍ മലയാളി സവിശേഷത ഈ നിമിഷംവരെ അഭിമാനത്തോടെ നിലനിറുത്തി.

വീണ്ടും ഫൊക്കാനയില്‍ വാളും പരിചയുമായി ചേരിപോര്‍ ആരംഭിച്ചു. നിഷ്പക്ഷവാദികളും നിരുപദ്രവികളുമായ സാധാരണ അമേരിയ്ക്കന്‍ മലയാളി ആരാണു ബന്ധു, ആരാണു ശത്രു എന്നോ, സത്യം എവിടെ മിഥ്യ എവിടെ എന്നറിയാതെ വിഭ്രാന്തരാകുന്നു. ഇരുവിഭാഗത്തിലും ഉള്ള അണികള്‍ സമര വീര്യനേതൃത്വനിരയില്‍ പ്രധാനം ചെയ്യാതെ ശാന്തമായും സമാധാനമായുള്ള സമീപനം പരസ്പരം നിലനിറുത്തുവാന്‍ നിര്‍ദ്ദേശിയ്ക്കുന്നത് ഉത്തമം ആയിരിക്കും.

പോര്‍ക്കളത്തിലുള്ള ഇരുവരും രണഭേരി മുഴക്കി ബ്രഹ്മാസ്ത്രം പേറിയാണു നിലകൊള്ളുന്നതെന്നും അര്‍ജ്ജുനനേക്കാള്‍ യുദ്ധപ്രാവീണ്യം സിദ്ധിച്ചയോദ്ധാക്കളാണെന്നും മിഥ്യ ധരിച്ചിരിയ്ക്കുന്നു. രഹസ്യവോട്ടോടുകൂടി സൗമ്യമായ രീതിയിലുള്ള തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഒരു വിഭാഗം വിജയം കൈവരിയ്ക്കും. വിജയികളെന്നും പരാജിതരെന്നുമുള്ള വിശുദ്ധിയില്ലാത്ത വിവേചനം പരസ്പര സ്‌നേഹത്തേയും ധാരണയേയും നിഷ്‌കരുണം നശിപ്പിയ്ക്കും. ശത്രുത ശക്തമായി വളരും. പരാജിതര്‍ ഖേദത്തോടും അടക്കാനാവാത്ത അരിശത്തോടും കൂടി ഒരു മൂന്നാംമുന്നണിയ്ക്ക് ജന്മം കൊടുക്കും. കാലത്തിന്റെ തിരിവില്‍ പൊട്ടിത്തെറിച്ചു രൂപംകൊണ്ട മലയാളി സംഘടന ചെറിയ ഒരു അമേരിയ്ക്കന്‍ നഗരത്തില്‍ താത്ക്കാലികമായി അവശേഷിയ്ക്കും. അന്തസില്ലാത്ത ഈ കോഴിപോരില്‍ മനശാന്തി ലഭിക്കാതെ അനുയായികള്‍ സാവധാനം പടവാള്‍ ഉറയിലിട്ട് നടന്നകലും.

ഇരുവിഭാഗവും സൗമ്യമായി ആലോചിച്ചു സമാധാന സന്ധിക്കായി സമ്മേളിക്കുന്നതും ഐക്യതയും സ്‌നേഹവും ശാന്തിക്കും പരിരക്ഷിക്കുവാനുള്ള നീക്കങ്ങള്‍ നടത്തുന്നതും തികച്ചും അഭിനന്ദനീയമാണ്. ഭാരത സംസ്‌കാരത്തിന്റെ മുഖ്യ കണ്ണിയായ ആചാര്യ വചനങ്ങളില്‍ മഹത്വമായി പ്രതിപാദിക്കുന്നത് ”വിദ്യ വിനയത്തെ ഉണ്ടാക്കുന്നു; വിനയംകൊണ്ടു യോഗ്യത സിദ്ധിക്കുന്നു” എന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here