വാഷിങ്ടണ്‍: ഹെയ്ത്തിയിലും ബഹാമാസിലും ക്യൂബയിലും നാശം വിതച്ച മാത്യു കൊടുങ്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നു. ഫ്‌ളോറിഡയില്‍ വന്‍ ദുരന്തമുണ്ടാക്കാനുള്ള ശക്തി കാറ്റിനുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ കാറ്റിന് മണിക്കൂറില്‍ 150 മൈല്‍ വരെ വേഗതയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഫ്‌ളോറിഡയില്‍ വന്‍ സുരക്ഷാമുന്നൊരുക്കങ്ങളാണ് നടക്കുന്നത്. പ്രവിശ്യയില്‍ പ്രസിഡന്റ് ബരാക് ഒബാമ ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ഏകദേശം രണ്ടു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
ഫ്‌ളോറിഡ, ജോര്‍ജിയ, നേര്‍ത്ത്, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ വഴികളെല്ലാം നിറഞ്ഞു വാഹനങ്ങളും മനുഷ്യരും നീങ്ങുകയാണ്. ഫ്‌ളോറിഡയാണു മാത്യുവിനെ ഏറ്റവും ഭയക്കുന്നത്. ഇവിടെ മാത്രം 15 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായകാറ്റും മഴയും തുടരുകയാണ്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത കരലിന എന്നീ പ്രവിശ്യാ തീരങ്ങളില്‍ നിന്ന് 20 ലക്ഷത്തോളം ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.
കാറ്റഗറി നാലില്‍ പെട്ട മാത്യു കൊടുങ്കാറ്റില്‍ 268 പേരോളം കൊല്ലപ്പെട്ടതായി ഹെയ്ത്തി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്‌ളോറിഡയെ കൂടാതെ ജോര്‍ജിയ, തെക്കന്‍ കരോലിന പ്രദേശങ്ങളിലും കാറ്റ് ദുരന്തം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ഈ മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയിരിക്കുകയാണ്. 2005നുശേഷം ഇത്രയും ശക്തമായ ഒരു കാറ്റ് ഫ്‌ളോറിഡയില്‍ ആഞ്ഞടിയ്ക്കുന്നത് ആദ്യമായിട്ടാണ്. അന്ന് ഇവാന്‍ കൊടുങ്കാറ്റില്‍ 121 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2005ല്‍ ലൂസിയാനയിലും ദുരന്തം കാറ്റിന്റെ രൂപത്തിലെത്തി. അന്ന് 120 പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം ആഞ്ഞുവീശിയ ചുഴലിക്കാറ്റ് കരബിയന്‍ രാജ്യമായ ഹെയ്തില്‍ 230 ലേറെ ജീവനാണ് അപഹരിച്ചത്. മുന്‍ ദുരന്തങ്ങളുടെ മുറിവുണങ്ങും മുന്‍പാണു ഹെയ്റ്റിയെ വീണ്ടും പ്രകൃതി പരീക്ഷിക്കുന്നത്. 2010ലെ ഭൂകമ്പത്തില്‍ ഇവിടെ മരിച്ചത് മൂന്നുലക്ഷം പേരായിരുന്നു. 2004ലെ സൂനാമിത്തിരകള്‍ രണ്ടുലക്ഷം പേരുടെ ജീവന്‍ അപഹരിച്ചു. ഞായറാഴ്ച ഹെയ്റ്റിയില്‍ നടത്താനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രകൃതിദുരന്തത്തെ തുടര്‍ന്നു മാറ്റി. 2007ല്‍ ഫെലിക്‌സിനു ശേഷമുണ്ടായ അതിശക്തമായ ചുഴലിക്കാറ്റാണു മാത്യു. ചെവ്വാഴ്ചയും ബുധനാഴ്ചയുമാണു ഹെയ്റ്റിയിലും ക്യൂബയിലും മാത്യു സംഹാരതാണ്ഡവമാടിയത്. ഹെയ്റ്റിയില്‍ നിന്നു ബഹാമസില്‍ എത്തി നാശംവിതച്ച മാത്യു ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നാലു ജീവനുകള്‍ അപഹരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here