വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഹിലരി തന്നെയാണ് അടുത്ത അമേരിക്കൻ പ്രസിഡന്റ്.“സ്ഥാനാര്‍ത്ഥികള്‍ രണ്ടു പേരും കണക്കാണ്, എന്നാൽ പിന്നെ കൂട്ടത്തില്‍ ചിന്ന ഫ്രോഡിന് വോട്ട്” എന്നതാണ് പൊതുവായ വികാരം (lesser of two evils). ഇത് കൊണ്ട് എല്ലാവരും വോട്ട് ചെയ്യാതെ ഉഴപ്പി വീട്ടിലിരുന്നു, അവസാനം ട്രംപ് ജയിക്കുമോ എന്നാണ് ഇപ്പോൾ തോന്നുന്ന പേടി.

ട്രംപിനെ പോലെ ഉള്ള ഒരാൾ റിപ്പബ്ലിക്കൻ നോമിനി ആയി വന്നത് ഈ രാജ്യത്തെ ഡെമോക്രാറ്റിക്‌ ഇലെക്ഷൻ പ്രക്രിയയുടെ വിജയമാണോ പരാജയമാണോ എന്ന് നല്ല ഡിബേറ്റ് ഇപ്പോഴും നടക്കുന്നു. അമേരിക്കക്കാര്‍ ഫൗണ്ടിങ് ഫാദേഴ്‌സ് ഡെമോക്രസിയിൽ വലിയ വിശ്വാസമുള്ളവര്‍ ആയിരുന്നില്ല. രണ്ടു കുറുക്കനും ഒരു ആടും കൂടെ ഉച്ചക്ക് എന്ത് കഴിക്കണമെന്നു ഒരുമിച്ചു തീരുമാനിക്കുന്നത് പോലെയാണ് ഡെമോക്രസിയെന്നു ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മുന്‍പ് പറഞ്ഞിരുന്നത് ഇപ്പോള്‍ ഓര്‍ക്കുന്നു.

പണ്ട് വിദ്യാഭാസം ഇല്ലാത്തവർക്കും സ്ത്രീകൾക്കും വോട്ടവകാശം ഇല്ലായിരുന്നു. ഇന്ന് അതൊക്കെ മാറി, പക്ഷെ പരസ്യമായി റേസിസവും മതസ്പർദ്ധയും പ്രസംഗിക്കുന്ന ട്രംപിനെ പോലെ ഉള്ള ഒരാളെ പ്രസിഡന്റ് ആക്കുന്നത് വരെ ഏങ്ങനെ ഇവിടുത്തെ ഇലക്ഷന്‍ പ്രക്രിയ വന്നു എന്നത് ചിന്തിപ്പിക്കുന്നതാണ്.

ഇത് മുൻകൂട്ടി കണ്ടുകൊണ്ട് തന്നെ ആണ് ഫൗണ്ടിങ് ഫാദേഴ്‌സ് ഈ രാജ്യം ഒരു കോൺസ്റ്റിട്യൂഷിണൽ റിപ്പബ്ലിക്ക് ആക്കിയതും,ഒരു പ്രസിഡന്റിന് തന്റെ അധികാരങ്ങൾ ദുർവിനിയോഗം ചെയ്യാൻ സാധിക്കാത്ത ഏറെക്കുറെ കെട്ടുറപ്പുള്ള ഒരു ഭരണ സംവിധാനം ഉണ്ടാക്കിയതും.

ഇനി അഥവാ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി എന്ന് തന്നെ സങ്കല്പിക്കുക. സിറിയയിൽ കാർപെറ്റ് ബോംബിങ് നടത്തുക, ന്യൂക്ലിയർ മിസൈൽ ഉപയോഗിക്കുക, മുസ്ലീമുകളെ രാജ്യത്തിനു അകത്തേക്കോ പുറത്തേക്കോ കടക്കാന്‍ അനുവദിക്കാതെയിരിക്കുക എന്നുള്ളതെല്ലാമാണ് ട്രംപിന്റെ പോളിസികൾ.

ഇതെല്ലാം നടക്കുമോ എന്ന് നോക്കാം..ഒരു ദിവസം വൈകിട്ട് ട്രംപ് രണ്ടെണ്ണം വീശിയിട്ടു, സിറിയയിൽ ന്യൂക്ലിയർ ബോംബ് ഇടാനുള്ള ഓർഡർ കൊടുത്തെന്നു സങ്കല്പിക്കുക.
പിന്നെ ഉറപ്പായും സംഭവിക്കുന്നത് ‘ഒന്നും സംഭവിക്കില്ല’ എന്നുള്ളതാണ്.

നിയമപരമല്ലാത്ത ഓർഡറുകൾ അനുസരിക്കാതിരിക്കാനുള്ള അവകാശം നിയമപരമായി അമേരിക്കൻ മിലിറ്ററിക്ക് ഉണ്ട്. എല്ലാ അമേരിക്കൻ മിലിറ്ററി പൗരന്മാരും അമേരിക്കൻ ഭരണഘടന സംരക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തവരാണ്.. അതുകൊണ്ടു തന്നെ നിയമപരമല്ലാത്ത ഓർഡറുകൾ അനുസരിക്കുന്നതും കുറ്റകൃത്യമായിരിക്കും.

പ്രസിദ്ധമായ വിയറ്റ്‌നാം ‘മൈ ലൈ’കൂട്ടകൊലപാതകം ഓര്‍ക്കുമെല്ലോ. കൂട്ടകൊലപാതകങ്ങൾക്ക് ഓർഡർ കൊടുത്ത കേണൽ ‘വില്യം കാലി’ ഒടുവില്‍ കൊലപാതകകുറ്റത്തിനാണ് ജയിലിൽ പോയത്. ഓർഡർ അനുസരിക്കുക മാത്രം ആയിരുന്നു താനെന്ന വാദമൊന്നും അവിടെ വിലപോയില്ല.
ഇത് പോലെ തന്നെയാണ് ട്രംപ് സ്വപ്നം കാണുന്ന മുസ്ലിം ഇമിഗ്രേഷൻ നിരോധനവും!

റെയ്‌സ്, റിലീജിയൻ എന്നിവ കൊണ്ട് ഒരു വേർതിരിവും കാണിക്കാൻ പാടില്ല എന്ന തരത്തിലാണ് ഇമ്മിഗ്രേഷൻ ആക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ, കോൺഗ്രസിലും സുപ്രീം കോടതിയിലും ട്രംപിന്റെ ഈ പോളിസികൾ ജനനിലൂടെ വെളിയിൽ പോവുകയേ ഉള്ളു.

ഒരു പ്രസിഡന്റ്റ് പറയുന്ന കാര്യങ്ങൾ നടക്കണമെങ്കിൽ പല പല പ്രസ്ഥാനങ്ങളും, വ്യക്തികളും അംഗീകരിക്കുകയും , അത് നിയമപരമായി ശരിയായിരിക്കുകയും വേണം.

ഉദ്ദാഹരണമായി, പണ്ട് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഹാരി ട്രൂമാൻ അടുത്ത പ്രസിഡന്‍ന്റ്റ് ഐസെൻഹോവർ ആയിരിക്കും എന്ന് കേട്ടപ്പോള്‍ പറഞ്ഞത് ഇതാണ്

“പാവം ഒരു കസേരയിൽ ഇരുന്നു, ഇത് ചെയ്യു.. അത് ചെയ്യുവെന്ന് പറയുകയേ ഉള്ളു, പക്ഷെ ഒന്നും നടക്കാൻ പോകുന്നില്ല. ആർമിയിലെ പോലെയല്ല വൈറ്റ് ഹൗസിലെ കാര്യം”.

ഇത് തന്നെ ആയിരിക്കും ട്രംപ് വന്നാലും!

പക്ഷെ വ്യക്തിപരമായി എനിക്ക് തോന്നുന്നത് ട്രംപിന് ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് വ്യക്തമായി അറിയാമെന്നാണ്. നിഷ്കളങ്കരും, വിദ്യാഭാസപരമായി പിന്നോക്കം നില്‍ക്കുന്നവരെ കയ്യിലെടുക്കുക എന്നുള്ള ഒറ്റ ലോജിക്കാണ് ഈ പ്രസംഗങ്ങള്‍ക്കും പോളിസികള്‍ക്കും പിന്നില്‍. അല്ലാതെ തലയ്ക്കു ബോധമുള്ള ആരെങ്കിലും പറയുമോ അമ്പതു അടി പൊക്കവും 2000 മൈൽ നീളവുമുള്ള മതിലൊക്കെ മെക്സികോയെ കൊണ്ട് കെട്ടിക്കുമെന്നു?.
പത്തു ദിവസങ്ങളെ ഇനി ഉള്ളു. കാത്തിരുന്നു കാണാം.
P.S. അമേരിക്കയിലുള്ള കൂട്ടുകാർ ഉഴപ്പാതെ വോട്ട് ചെയ്യുക.

(ന്യൂജെര്സിയില്‍ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയാണ് ലേഖകന്‍)
കടപ്പാട് -മനോജ്‌.കെ.ജോണ്‍

LEAVE A REPLY

Please enter your comment!
Please enter your name here