ചിക്കാഗോ: 2016 – 18 കാലയളവിലേക്കുള്ള ഫോമ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും, പ്രാരംഭ ആലോചനായോഗവും ചിക്കാഗോയില്‍ നടന്നു.  ഫോമ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി, കൗണ്‍സില്‍ മെമ്പര്‍ അലക്‌സ് ജോണ്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനു നേതൃത്വം വഹിച്ചു. ബെന്നി വാച്ചാച്ചിറ (പ്രസിഡന്റ്), ജിബി മൊളോപറമ്പില്‍ (ജനറല്‍ സെക്രട്ടറി), ജോസി കുരിശിങ്കല്‍ (ട്രഷറര്‍), ലാലി കളപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), വിനോദ് കൊണ്ടൂര്‍ ഡേവിഡ് (ജോ. സെക്രട്ടറി), ജോമോന്‍ കളപ്പുരയ്ക്കല്‍ (ജോ. ട്രഷറര്‍) എന്നിവരോടൊപ്പം റീജണല്‍ വൈസ് പ്രസിഡന്റുമാരായ സാബു സ്കറിയ, റെജി സക്കറിയാസ് ചെറിയാന്‍, ബിജി ഫിലിപ്പ്, റോജന്‍ തോമസ്, ഹരി നമ്പൂതിരി, തോമസ് തോമസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സണ്ണി നൈനാന്‍, എ.വി. വര്‍ഗീസ്, തോമസ് ടി. ഉമ്മന്‍, സിറിയക് കുര്യന്‍, മാത്യു വര്‍ഗീസ്, സാജു ജോസഫ്, പീറ്റര്‍ മാത്യു, ജെയിന്‍ മാത്യൂസ്. വനിതാ പ്രതിനിധികളായ രേഖാ ഫിലിപ്പ്, ബീന വള്ളിക്കളം എന്നിവരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്തു.

ഒക്‌ടോബര്‍ 16-നു ഹോട്ടല്‍ വിന്‍ഡത്തില്‍ ചേര്‍ന്ന ആലോചനാ യോഗം പങ്കാളിത്തംകൊണ്ടും ആശയസമ്പുഷ്ടതകൊണ്ടും ശ്രദ്ധേയമായി. ഫോമയുടെ റീജിയനുകളില്‍ നിന്നു സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയവരും പ്രത്യേക ക്ഷണിതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുന്നോട്ടുവെച്ച 12 ഇന കര്‍മ്മപരിപാടികളില്‍ വളരെ സജീവമായി പങ്കുചേരുന്നതില്‍ യോഗാംഗങ്ങള്‍ യോജിപ്പ് പ്രകടിപ്പിച്ചു. വിവിധ കമ്മിറ്റികള്‍ ഇതിനോടകം തന്നെ രൂപംകൊണ്ട് ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞു. പങ്കെടുത്ത റീജണല്‍ വൈസ് പ്രസിഡന്റുമാരും, പ്രതിനിധികളും അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥലങ്ങളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ അവതരിപ്പിച്ചു. അംഗസംഘടനകളെ ശാക്തീകരിക്കാനും കൂടുതല്‍ സംഘടനകളെ ഫോമയിലേക്ക് കൊണ്ടുവരാനുമുള്ള ആശയങ്ങള്‍ ഏവരും പങ്കുവെച്ചു. ഫോമയുടെ കള്‍ച്ചറല്‍ ഫോറം അമേരിക്കയിലെങ്ങുമുള്ള വിവിധ റീജിയനുകളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയികളെ കണ്‍വന്‍ഷന്‍ അരങ്ങത്ത് എത്തിക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. ഇമിഗ്രേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലെത്തിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പങ്കെടുത്ത ഏവരും ഫോമയെ മുന്നോട്ടു നയിക്കാനുള്ള ക്രിയാത്മകമായ കര്‍മ്മപരിപാടികളില്‍ ഒന്നുചേരുമെന്നും, ഓരോരുത്തരും അവരവരുടേതായ സമയവും, കഴിവും ഇതിലേയ്ക്കായി വിനിയോഗിക്കാമെന്നും വാഗ്ദാനം ചെയ്തു.

Fomaa executive pics 1 PSX_20161029_143830 20161029_143512

LEAVE A REPLY

Please enter your comment!
Please enter your name here