കരുതലോടെ നീങ്ങി തമിഴ്നാടിനെ ഉളളം കൈയിലാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി. സമ്പത്തും അധികാരവും യഥോചിതം ഉപയോഗിച്ചുളള ആസൂത്രിതമായ ഇടപെടലുകൾക്കു മുന്നിൽ തമിഴ്നാട്ടിലെ പ്രദേശിക രാഷ്ട്രീയം കീഴടങ്ങുമെന്ന ബിജെപി വിലയിരുത്തൽ ശരിയാകാനാളള സാധ്യതയാണ് തമിഴ് രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്.വളരെ പതുക്കെ എഐഎഡിഎംകെയെ വിഴുങ്ങുക; അതേസമയം കേസുകളിലും കുരുക്കി ഡിഎംകെ നേതാക്കളെ തളയ്ക്കുക. തമിഴ്നാടിനുവേണ്ടി പുതിയ തന്ത്രം തയാറാക്കി ബിജെപി .
ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ സംസ്ഥാനം ബിജെപിയുടെ പിടിയിലായിരുന്നു.ജയലളിതയുടെ പിൻഗാമിയെ നിശ്ചയിച്ചതുപോലും ബിജെപിയായിരുന്നു.
136 എംഎൽഎമാരാണ് എഐഎഡിഎംകെയ്ക്കുളളത്. ഡിഎംകെ മുന്നണിയ്ക്ക് 98ഉം. പ്രതിപക്ഷത്തിന്റെ പിന്തുണയുളള കൊട്ടാരവിപ്ലവത്തിനു സർക്കാരിനെ തകിടംമറിക്കാൻ കഴിയും. എംജിആർ അന്തരിച്ചപ്പോൾ അത്തരമൊരു പൊട്ടിത്തെറി പാർടിയിലുണ്ടായതാണ്. അസംതൃപ്തരായ എംഎൽഎമാരുടെയും പാർടി നേതാക്കളുടെയും നേതൃത്വം ഏറ്റെടുത്തുകൊണ്ടാണ് അന്നു ജയലളിത ഉയർന്നുവന്നത്.

പനീർ സെൽവം ഒരു നേതാവോ സംഘാടകനോ അല്ല എന്നത് ബിജെപിയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. എംഎൽഎമാരിലും പാർടിയിലുമുളള സ്വാധീനമല്ല, മറിച്ച് ജയലളിതയുടെ ആജ്ഞാനുവർത്തി എന്ന സവിശേഷതയാണ് പനീർസെൽവത്തെ മന്ത്രിസഭയിലും പാർടിയിലും രണ്ടാമനാക്കിയത്. ആജ്ഞാപിച്ചല്ല, അനുസരിച്ചാണ് പനീർ സെൽവത്തിനു ശീലം. അതുകൊണ്ടുതന്നെ ജയലളിതയെക്കാൾ കരുത്തുളള ഒരു പരമാധികാരപ്രതിഷ്ഠ തലയ്ക്കു മീതേയുണ്ടെങ്കിൽ വിനീതവിധേയനായി നിൽക്കണമെന്ന് പനീർസെൽവത്തെ ആരും പ്രത്യേകിച്ച് പഠിപ്പിക്കേണ്ടതില്ല. അക്കാര്യം ബിജെപിയ്ക്ക് നന്നായി അറിയാം.

മുഖ്യമന്ത്രിക്കസേരയ്ക്കു നോട്ടമിട്ട ശശികലയെ വരുതിയിലാക്കാൻ ആദായനികുതി വകുപ്പു ഭീഷണി ബിജെപി പ്രയോഗിച്ചുവെന്നാണ് സൂചന. ശശികലയ്ക്കെതിരെയുളള കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഭീമമായ തുക പിഴയൊടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും കേസ് അവസാനിച്ചിട്ടില്ല. ഈ കേസിൽ കേന്ദ്രസർക്കാരിന്റെ നിലപാട് നിർണായകമാണ്. അതുകൊണ്ടുതന്നെ ബിജെപിയ്ക്കു വരയ്ക്കപ്പുറം ചലിക്കാൻ ശശികലയ്ക്കു കഴിയില്ല. അവരെ ഇപ്പോൾ പാർടി ജനറൽ സെക്രട്ടറിയായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

എഐഎഡിഎംകെയെ അപ്പാടെ വിഴുങ്ങുക എന്നതാവും ബിജെപിയുടെ ലക്ഷ്യം. നിലവിൽ എംപിമാരും എംഎൽഎമാരും ഇതേ പാർടിയിൽ തുടരുമെങ്കിലും അടുത്ത തിരഞ്ഞെടുപ്പിനു മുമ്പേ സംഘടന അപ്പാടെ ബിജെപിയായി രൂപാന്തരം പ്രാപിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് പ്രവചിക്കുന്നവരുണ്ട്. വലിയ വിലപേശലൊന്നും കൂടാതെ ഈ ലക്ഷ്യം ബിജെപി കൈവരിക്കുമെന്നുതന്നെയാണ് കരുതുന്നത്.

ഇരുപാർടികളും -എഐഎഡിഎംകെയും ഡിഎംകെയും- ദ്രാവിഡരാഷ്ട്രീയം എന്നെന്നേയ്ക്കുമായി കൈയൊഴിഞ്ഞത് ഗുണകരമായി ഭവിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

വ്യാവസായികമായി തമിഴ്നാടിനുളള പ്രാധാന്യവും ബിജെപി ആയുധമാക്കും. സംസ്ഥാനത്തെ വാണിജ്യശക്തികൾക്ക് പനീർ സെൽവത്തെപ്പോലെ ആജ്ഞാശക്തിയില്ലാത്ത നേതാക്കളെയല്ല പഥ്യം. ജയലളിതയുടെ ശൂന്യത വ്യവസായ പ്രമുഖന്മാരെയെല്ലാം ബിജെപിയുടെ കാൽച്ചുവട്ടിലെത്തിക്കും. അതിനുളള തന്ത്രങ്ങൾക്കൊന്നും അമിത്ഷായുടെ പക്കൽ പഞ്ഞമില്ല. കേന്ദ്രഭരണം എന്ന പരമാധികാര പദവി ഉപയോഗിച്ച് തമിഴ്നാട്ടിൽ ഇനി ബിജെപി കളിക്കുന്ന കാലമാണ് വരാൻപോകുന്നത്.
ജയലളിതയുടെ ഓർമ്മകളെ ഒരു വൈകാരിക നിക്ഷേപമാക്കാൻ എഐഎഡിഎംകെ കാണിക്കുന്ന വിമുഖതയും ഇതുമായി ചേർത്തു വായിക്കണം. അമ്മയുടെ മരണത്തെത്തുടർന്ന് പ്രതീക്ഷിക്കപ്പെട്ട ഒരു പൊട്ടിത്തെറിയും തെരുവുകളിൽ സംഭവിച്ചില്ല. തലൈവിയുടെ ഓർമ്മകൾ ആചന്ദ്രതാരം നിലനിൽക്കണമെന്ന താൽപര്യം എഐഎഡിഎംകെയ്ക്കുണ്ടെന്ന ഒരു സൂചനയും തെരുവുകളിലില്ല. പടുകൂറ്റൻ കട്ടൌട്ടുകളോ തെരുവുകൾ തോറും വിളക്കുകത്തിച്ചുളള പ്രാർത്ഥനയോ ഇല്ല.

എന്നാൽ എംജിആറിന്റെ മരണം അങ്ങനെയായിരുന്നില്ല. ഓരോ തെരുവിലും എംജിആർ അനുസ്മരിക്കപ്പെടുന്നുണ്ട് എന്നുറപ്പു വരുത്താൻ എഐഎഡിഎംകെ മനസുവെച്ചിരുന്നു. എംജിആറിന്റെ ഓർമ്മകളും അദ്ദേഹത്തോട് ജനങ്ങൾക്കുളള വൈകാരികമായ അടുപ്പവും രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടു. അതിനുവേണ്ടി സംഘടന രംഗത്തിറങ്ങി. സമ്പത്ത് യഥേഷ്ടം ചെലവിട്ടു.

എന്നാൽ ജയലളിതയ്ക്കു ശേഷമുളള എഐഎഡിഎംകെയ്ക്ക് അങ്ങനെയൊരു നിർബന്ധമില്ല. അഥവാ, ആ ഓർമ്മകൾ അങ്ങനെ നിലനിൽക്കുന്നതും ഉപയോഗിക്കപ്പെടുന്നതും ആരോ വിലക്കുന്നുണ്ട്.

മറുവശത്ത് ഡിഎംകെയും കേസുകളുടെയും ആരോപണങ്ങളുടെയും നിഴലിലാണ്. യുപിഎ സർക്കാരിന്റെ ഭാഗമായി കരുണാനിധി കുടുംബം ആർജിച്ച സ്വത്തിന്മേലായിരിക്കും ബിജെപി പിടി മുറുക്കുക. ദയാനിധി മാരൻ മുതൽ എ രാജ വരെയുളളവർ നേരിടുന്ന ആരോപണങ്ങളും നിയമനടപടികളും വരുംകാലത്ത് ശക്തിയാർജിച്ചേയ്ക്കും.

ഭീമമായ സ്വത്തുസമ്പാദനത്തിനും കുടുംബവാഴ്ചയ്ക്കും കരുക്കൾ നീക്കിയപ്പോൾ ദ്രാവിഡ രാഷ്ട്രീയനിലപാടുകളിൽ വെളളം ചേർത്തിന്റെ തിരിച്ചടികളാണ് കരുണാനിധിയെ കാത്തിരിക്കുന്നത്. അധികാരമോഹവും കുടുംബത്തിലെ അന്തച്ഛിദ്രങ്ങളും ഇപ്പോൾത്തന്നെ അദ്ദേഹത്തിന് തീരാത്തലവേദനയായി മാറിയിട്ടുണ്ട്. അതിനു പുറമേ, ആദായനികുതി, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ നിരന്തരമായ വേട്ടയാടൽ കൂടിയാകുമ്പോൾ കരുണാനിധി കുടുംബത്തിനു പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here