ബര്‍ഗന്‍ഫീല്‍ഡ്: ,ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ്  ക്രിസ്തുമസ് നവവത്സരം ആഘോഷിച്ചു. ക്നാനായ സഭയുടെ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭി. മോര്‍ സില്‍വാനോസ് അയൂബ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കി.

പാപാന്ധകാരത്തിലായിരുന്ന മാനവരാശിയെ പ്രകാശത്തിലേക്കും സ്വര്‍ഗ്ഗീയ    മഹിമയിലേക്കും  വീണ്ടും  വിളിച്ചടുപ്പിക്കുവാനാണ്    സാധാരണക്കാരുടെ വേദനകളും യാതനകളും  അറിയുന്ന സാധാരണക്കാരനായി എളിയ കാലിക്കൂട്ടില്‍ അവരിലൊരാളായി  ക്രിസ്തു   അവതരിച്ചതെന്നും മനുഷ്യരുടെ നന്മയെക്കുറിച്ച് കരുതലുള്ളവനായ ദൈവം കനിഞ്ഞരുളിയ ക്രിസ്തുമസ് സമ്മാനമാണ് യേശുക്രിസ്തുവിന്‍റെ ജനനമെന്നും   ദൈവപുത്രനായ ക്രിസ്തു എന്തുകൊണ്ടാണ് എളിയവനായി ജനിച്ചതെന്നുള്ള കാര്യവും ചിന്തനീയമാണ്. അതിലാണ് ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥമായ അന്തസ്സത്ത അടങ്ങിയിരിക്കുന്നത്. സാധാരണക്കാരും ആലംബഹീനരുമായ ആളുകളുടെ വേദനകളും യാതനകളും നൊന്പരങ്ങളും പ്രയാസങ്ങളും നേരിട്ട് രുചിച്ചറിഞ്ഞ് അവരുടെ മോചനത്തിനുവേണ്ടി സ്വയം ബലിയാകുവാനായി അവരിലൊരാളായി കാലിത്തൊഴുത്തില്‍ ഹീനനായി ജനനമെടുത്തുവെന്നുള്ളതാണ് ക്രിസ്തുമസ്സിന്‍റെ മാഹാത്മ്യമെന്നും അതുകൊണ്ട് നാം ക്രിസ്തുമസ് ആഘോഷിക്കുന്ന അവസരത്തില്‍ അലങ്കാരങ്ങള്‍ക്കും വര്‍ണ്ണശബളമായ ദീപങ്ങള്‍ക്കും നക്ഷത്ര വിളക്കുകള്‍ക്കും സമ്മാനപ്പൊതികള്‍ക്കും അപ്പുറമായി മഹത്തായ  യഥാര്‍ത്ഥ ലക്ഷ്യം  വിസ്മരിച്ചുകൂടെന്നും അഭി. തിരുമേനി അനുസ്മരിപ്പിച്ചു.ഒരു ചെറിയ പെണ്‍കുട്ടിയും അവളുടെ മുത്തശ്ശിയും ചേര്‍ന്ന് ഒരു ക്രിസ്തുമസ്സിന് കേക്കുകളും കുക്കികളും മറ്റു സമ്മാനങ്ങളും തയ്യാറാക്കി ആ പ്രദേശത്തെ ഒറ്റയ്ക്കു താമസിക്കുന്നവരും ഏകാന്തതയിലായിരിക്കുന്നവരും ക്രിസ്തുമസ്സിന് സമ്മാനങ്ങളുമായി മറ്റാരും എത്താനില്ലാത്തവരുമായ പ്രായമായവരുടെ ഭവനങ്ങളിലതെത്തിക്കുവാനായി ബാലികയുടെ കൈയ്യില്‍ കൊടുത്തുവിടുന്നു. അവര്‍ക്കു ലഭിച്ച ആ കരുതലിനും സ്നേഹത്തിനും അവര്‍ പ്രകടിപ്പിച്ച നന്ദിയും സ്നേഹവുംഅനുഭവിച്ച ബാലിക പില്‍ക്കാലത്ത് ആ അനുഭവത്തെ ആസ്പദമാക്കി ഒരു പുസ്തകം എഴുതിയത്  ഉദാഹരണമായി തിരുമേനി സദസ്സുമായി പങ്കുവച്ചു.     അപ്പോള്‍  മാനവരാശിയെ രക്ഷിക്കുവാനായി സ്വന്തം പുത്രനെത്തന്നെ സമ്മാനമായി ലോകത്തിനു നല്‍കിയ പിതാവാം ദൈവത്തിന്‍റെ സ്നേഹവും കരുതലും ഏത്രമാത്രമാണെന്നും അതിന് നാം എന്നും നന്ദിയുള്ളവരായിരിക്കണമെന്നും അഭി. തിരുമേനി ഉദ്ബോധിപ്പിച്ചു. 

ജനുവരി 8 ന് ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയില്‍ വൈകുന്നേരം അഞ്ചര മണിക്ക് ആരംഭിച്ച ക്രിസ്തുമസ് നവവത്സരാഘോഷങ്ങളില്‍ നിറഞ്ഞ സദസ്സ് സന്നിഹിതരായിരുന്നു ബി.സി.എം.സി.  ഫെലോഷിപ്പ്    ഗായകസംഘത്തിന്‍റെ പ്രാരംഭ ഗാനങ്ങള്‍ക്കുശേഷം   റവ. ഡോ. പോള്‍ പതിക്കലിന്‍റെ  പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ബി.സി.എം. സി. ഫെലോഷിപ്പ് പ്രസിഡന്‍റ് അഡ്വ. റോയി ജേക്കബ് കൊടുമണ്‍ സ്വാഗതമാശംസിച്ചു സംസാരിച്ചു. മുപ്പതുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ ഏക്യുമെനിക്കല്‍ സംഘടനയാണിതെന്നും എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടേയും ഐക്യവേദിയായി സംയുക്തമായി ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ വിശേഷദിവസങ്ങള്‍ ആഘോഷിക്കുന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഫെലോഷിപ്പ് സജീവമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അമേരിക്കയിലെ ആദ്യകാല മലയാളി എക്യുമെനിക്കല്‍ പ്രസ്ഥാനമെന്ന നിലയില്‍ ഇതിനു ചരിത്രപരമായ പ്രാധാന്യമാണുള്ളതെന്നും ഇതിന്‍റെ ആവിര്‍ഭാവവും വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും വരുംതലമുറയ്ക്ക് കൈമാറത്തക്ക രീതിയില്‍ ഒരു സ്മരണിക പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചുവെന്നും അതിലേക്ക് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫെലോഷിപ്പിലൂടെ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കുവാന്‍ ഫെലോഷിപ്പ് എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ലാജി വര്‍ഗീസ് മുഖ്യാതിഥിയായ അഭി.മോര്‍ സില്‍വാനോസ് അയൂബ് മെത്രാപ്പോലീത്തായെ സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു.  സെന്‍റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക്  വികാരി  റവ. ഫാ. ബാബു കെ. മാത്യു, സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് ടീനെക്ക് വികാരി റവ. മോന്‍സി മാത്യു, സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡിനെ പ്രതിനിധീകരിച്ച് റവ. ഡീക്കന്‍ വിവേക് അലക്സ് എന്നിവര്‍ ക്രിസ്തുമസ് നവവത്സര ആശംസകളര്‍പ്പിച്ച് സംസാരിച്ചു.     

അക്കാഡമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ആര്‍ട്ട്സ് വിദ്യാര്‍ത്ഥികളായ തോമസ് ജംസണ്‍, ദിവ്യ അനൂ എന്നിവര്‍ മലയാളത്തില്‍ വേദപാഠം വായിച്ചത് എല്ലാവരിലും മതിപ്പുളവാക്കി. 

ജംസണ്‍ കുറിയാക്കോസിന്‍റേയും ജോയ്സി സ്കറിയയുടേയും ഗാനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തി.  അക്കാഡമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ആര്‍ട്ട്സ് വിദ്യാര്‍ത്ഥികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ആലപിച്ച ഗാനങ്ങള്‍ ആസ്വാദ്യമായിരുന്നു. തുടര്‍ന്ന് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ്ലാന്‍ഡ് പാര്‍ക്ക്, സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്, ഓള്‍ സെയിന്‍റ്സ് സി. എസ്. ഐ. ചര്‍ച്ച് വാലി കോട്ടേജ്,  ബഥേല്‍ ചര്‍ച്ച് ഓഫ് ഗോഡ്, ടീനെക്ക്, സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ന്യൂയോര്‍ക്ക് എന്നീ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഗായകസംഘങ്ങള്‍ ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചത് ഇമ്പകരവും ഗൃഹാതുരസ്മരണകളുളവാക്കുന്നതുമായിരുന്നു.  70 ഗായകരുള്‍ക്കൊള്ളുന്ന ട്രൈസ്റ്റേറ്റ് ഏറിയയിലെ പ്രശസ്ത ഗോസ്പല്‍ ഗായകസംഘമായ ഹിസ് വോയിസ് ഗ്രൂപ്പ് പാടിയ ക്രിസ്തുമസ് കരോള്‍ ഗാനങ്ങളും ചടങ്ങിനു കൊഴുപ്പേകി.

ട്രഷര്‍ ശ്രി സെബാസ്റ്റ്യന്‍ ജോസഫ് ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. സെക്രട്ടറി ശ്രി രാജന്‍ മോഡയില്‍ കൃതജ്ഞത അര്‍പ്പിച്ചു. റവ.  പോള്‍ ജോണിന്‍റെ സമാപന പ്രാര്‍ത്ഥനയോടും അഭി. മാര്‍ സില്‍വാനോസ് തിരുമേനിയുടെ ആശീര്‍വാദത്തോടും കൂടെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ സമാപിച്ചു. പ്രൊഫ. സണ്ണി മാത്യൂസ് മാസ്റ്റര്‍ ഓഫ് സെറിമണിയായി യോഗനടപടികള്‍ ഭംഗിയായി ക്രമീകരിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.

BCMC2 BCMCF4 BCMCF7 BCMCF8 BCMCF choir  joycy   IMG_4225 jemsonBCMCF13IMG_4267BCMCF14 BCMCF12  BCMCF10 BCMCF9BCMCF11

LEAVE A REPLY

Please enter your comment!
Please enter your name here