ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി ഇന്ത്യന്‍ വംശജ നിക്കി ഹാലെയെ യു.എസ് സെനറ്റ് തിരഞ്ഞെടുത്തു.

വോട്ടെടുപ്പിലൂടെയാണ്‌ നിക്കിയെ യു. എന്‍ നയതന്ത്ര പ്രതിനിധിയായി തിരഞ്ഞെടുത്തത്. 100ല്‍ 96വോട്ടും നിക്കിക്ക് ലഭിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയാകുന്നത്.

നിലവില്‍ സൗത്ത് കാരലീന സംസ്ഥാനത്തിന്റെ ഗവര്‍ണറാണ് ഹാലെ. പുതിയ നിയമനത്തോടെ ഹാലെ ഈ സ്ഥാനം ഒഴിയും. റിപ്പബ്ലിക്കന്‍ അനുഭാവിയും സൗത്ത് കാരലീനയുടെ ആദ്യ വനിതാ ഗവര്‍ണറുമായിരുന്നു ഹാലെ.

നയതന്ത്രതലത്തില്‍ കാര്യമായ മുന്‍പരിചയമില്ലാത്ത ഹാലെയെ ഡെമോക്രാറ്റ് വിഭാഗവും പിന്തുണച്ചു. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയും ഹാലെയുടെ നിയമനത്തെ അംഗീകരിച്ചിരുന്നു.

പ്രസിഡന്റ് ട്രംപിന്റെ ചില നയങ്ങളെ എതിര്‍ത്ത് ഹാലെ രംഗത്തു വന്നിരുന്നു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ട്രംപിനെ നിശിതമായി വിമര്‍ശിച്ചിരുന്നവരില്‍ ഒരാള്‍ക്കൂടിയായിരുന്നു ഹാലെ.

എന്നാല്‍, ട്രംപില്‍ നിന്ന് വിഭിന്നമായി അമേരിക്ക ആഗ്രഹിക്കുന്ന ആശയങ്ങളെ യു.എന്നില്‍ അവതരിപ്പിക്കാന്‍ നിക്കിക്ക് കഴിയുമെന്ന് കരുതുന്നതായി ഡെമോക്രാറ്റിക് സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍ പറഞ്ഞു. ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് റിപ്പബ്ലിക്കന്‍ നെറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here