ഇര്‍വിംഗ് (ഡാളസ്): സൗത്ത് ആഫ്രിക്കാ പാര്‍ലമെന്ററി മെമ്പറും, പത്മഭൂഷന്‍ അവാര്‍ഡ് ജേതാവും, Natel ഇന്ത്യന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും, സാമൂഹ്യ പ്രവര്‍ത്തകയും, മഹാത്മാഗാന്ധിയുടെ കൊച്ചുമകളുമായ മിസ്സിസ് എല്ല ഗാന്ധിജി ഡാളസ് ഇര്‍വിംഗ് സിറ്റിയില്‍ ഗാന്ധി മെമ്മോറിയല്‍ പ്ലാസിയില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.
കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്നിരുന്ന എല്ല ഫെബ്രുവരി 13 ഞായറാഴ്ചയാണ് മഹാത്മാഗാന്ധി പാര്‍ക്കില്‍ എത്തിയത്.
മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (MGMNT) ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കുറ, ട്രഷറര്‍ സല്‍മാന്‍ ഫര്‍ഷോറിക, ഡയറക്ടര്‍മാരായ തയ്യമ്പ് കുണന്‍വാല, ഹേമന്ദ്, തന്‍വീര്‍, പ്രൊഫ. നിരഞ്ജന്‍ ത്രിപാഠി, ഡോ. വിശ്വനാഥന്‍, ഡാളസ്സില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റിജിയണ്‍ പ്രസിഡന്റുമായ ഷാജി രാമപുരം എന്നിവര്‍ ചേര്‍ന്ന് വിശിഷ്ഠാഥിതികളെ സ്വീകരിച്ചു.
കുടുംബാംഗങ്ങളോടൊപ്പം സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ താമസിക്കുന്ന സുശീല- മണിലാല്‍ ഗാന്ധിയുടെ മകള്‍ എല്ല, മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന് ശ്രമിക്കണമെന്നും, അഹിംസ, സ്‌നേഹം, ഐക്യം തുടങ്ങിയ മൂല്ല്യങ്ങള്‍ സംരക്ഷിക്കണമെന്നും ഉദ്‌ബോധിപ്പിച്ചു.
എം ജി എം ടി നേതാക്കള്‍ക്കു പുറമെ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ഐ എ എഫ് സി തുടങ്ങിയ സംഘടനകളുടെ നേതാക്കളും തദ്ദവസരത്തില്‍ സന്നിഹിതരായിരുന്നു.
പി. പി. ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here