അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് തിരിച്ചടി. ശശികലയ്ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ സുപ്രിംകോടതി ശരിവെച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്ന ശശികലയുടെ മോഹത്തിന് വിധി കനത്ത തിരിച്ചടിയായി. വിധി ശരിവെച്ചതോടെ ശശികല നാല് വർഷം തടവു ശിക്ഷ അനുഭവിക്കണം. 10 കോടി രൂപ പിഴയും അടയ്ക്കണം.

ജസ്റ്റിസ് പി.സി ഘോഷ് അധ്യക്ഷനായ രണ്ടംഗ സുപ്രിം കോടതി ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ ശരി വെച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. നാലാഴ്ച്ചകകം ബംഗളുരു വിചാരണ കോടതിയില്‍ കീഴടങ്ങണം. ഇതോടെ പത്ത് വർഷത്തേക്ക് ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

1991- 96 കാലത്ത് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. കേസില്‍ 2015ല്‍ പ്രത്യേക വിചാരണക്കോടതി ജയലളിത, വി.കെ ശശികല, ഇവരുടെ സഹോദരീപുത്രന്‍ വി.എന്‍ സുധാകരന്‍, സഹോദര ഭാര്യ ജെ. ഇളവരശി എന്നിവരെ നാലുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ജയലളിതയോടു 100 കോടിരൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.

വിചാരണ കോടതിയുടെ ശിക്ഷാവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച കര്‍ണാടക ഹൈക്കോടതി ശശികല അടക്കമുള്ളവരെ വെറുതെവിട്ടിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ കർണാടക സർക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here