തമിഴകത്ത് കലങ്ങിമറിയുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ എളുപ്പം നേട്ടം കൊയ്യാമെന്ന ഡി എം കെയുടെ കണക്ക് കൂട്ടലുകള്‍ തെറ്റുന്നു.

ജയലളിതയുടെ അഭാവത്തില്‍ പ്രതിസന്ധി നേരിടുന്ന അണ്ണാ ഡിഎംകെ ശശികലയുടെ കൈകളിലെത്തിയത് രാഷ്ട്രീയപരമായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയെയാണ് ഏറ്റവും അധികം സന്തോഷിപ്പിച്ചിരുന്നത്.

പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കാന്‍ ഡിഎംകെയെ പ്രേരിപ്പിച്ചതും അണ്ണാ ഡിഎംകെയെ പിളര്‍ത്താന്‍ ലക്ഷ്യമിട്ടാണ്. അതില്‍ ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു.

അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തിന്റെ അതേ പാത പിന്‍തുടര്‍ന്ന തമിഴകത്തിന്റെ ചരിത്രം മാറ്റിമറിച്ച് ജയലളിത രണ്ടാമതും അധികാരം പിടിച്ചത് ഡിഎംകെക്ക് വന്‍ തിരിച്ചടിയായിരുന്നു.

ഭരണമില്ലാതെ പിടിച്ച് നില്‍ക്കുക വളരെ ശ്രമകരമായതിനാല്‍ എങ്ങനെയും അണ്ണാ ഡിഎംകെയുടെ ഭരണം അവസാനിക്കണം എന്ന നിലപാടിലാണ് പനീര്‍ശെല്‍വ വിഭാഗത്തിന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ‘ഗീന്‍ സിഗ്‌നല്‍’ നല്‍കിയത്.

ചില മന്ത്രിമാരും എം എല്‍ എമാരും എം പിമാരുമെല്ലാം പനീര്‍ശെല്‍വത്തിന്റെ ക്യാംപിലെത്തിയതിനെയും സന്തോഷത്തോടെയാണ് ഡിഎംകെ നോക്കി കണ്ടത്.

പനീര്‍ശെല്‍വത്തിന് താല്‍ക്കാലികമായി ഒരു പിന്തുണ നല്‍കി സാഹചര്യം ഒത്തുവരുമ്പോള്‍ പിന്തുണ പിന്‍വലിച്ച് ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുക്കുക എന്നതായിരുന്നു തന്ത്രം.

എന്നാല്‍ കഴിഞ്ഞ ദിവസം ജയലളിയുടെ സഹോദര പുത്രി ദീപയും പനീര്‍ശെല്‍വവും ജയലളിതയുടെ സമാധിയില്‍ ഒരുമിച്ച് സന്ദര്‍ശനം നടത്തിയതും തുടര്‍ന്ന് ദീപക്ക് പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ ലഭിച്ച സ്വീകരണവുമെല്ലാം ഡിഎംകെ നേതൃത്വത്തെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണിപ്പോള്‍.

പനീര്‍ശെല്‍വത്തേയോ ശശികല വിഭാഗത്തേയോ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഡിഎംകെ ശക്തരായ എതിരാളികളായി പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കാണുന്നില്ല.

എന്നാല്‍ ദീപയുടെ കാര്യത്തില്‍ അങ്ങനെയല്ല ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വീക്ഷിക്കുന്നത്. ജയലളിതയുടെ രൂപസാദൃശ്യവും പക്വമായ പെരുമാറ്റങ്ങളും ഉന്നതമായ വിദ്യാഭ്യാസ നിലവാരവുമെല്ലാം ദീപയില്‍ ശക്തയായ എതിരാളിയെയാണ് അവര്‍ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here