ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിച്ചു.

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ, ദേവാലയത്തില്‍ നടന്ന പ്രത്യേക ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഹൂസ്റ്റണിലെ വിവിധ എപ്പിസ്‌ക്കോപ്പല്‍ ഇടവകകളില്‍ നിന്നുള്ള 100 ല്‍ പരം വനിതകള്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ പാരമ്പര്യങ്ങളില്‍പ്പെട്ട ക്രിസ്തീയ വനിതകള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഒരു പ്രത്യേക ദിനം പ്രാര്‍ത്ഥനാദിനമായി തെരഞ്ഞെടുത്തിരിയ്ക്കുകയാണ്. 170ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ഒന്നാകുന്നു.

മാര്‍ച്ച് 11 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ചു നടന്ന പ്രാര്‍ത്ഥനാദിന സമ്മേളനത്തിന് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സേവികാ സംഘം ആതിഥേയത്വം വഹിച്ചു.

പ്രാര്‍ത്ഥനാദിനത്തിനായി പ്രത്യകം രൂപം കൊടുത്ത ഗായകസംഘം പ്രാരംഭഗീതം ആലപിച്ചു. ഗായകസംഘത്തിന് ആശാ മേരി മാത്യൂസ്(ആശ കൊച്ചമ്മ) നേതൃത്വം നല്‍കി.

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍ അദ്ധ്യക്ഷത വഹിയ്ക്കുകയും വന്നുചേര്‍ന്നവരെ സ്വാഗതം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ജിന്‍സി ഫിലിപ്പ്(ജിന്‍സി കൊച്ചമ്മ) തിരുവചന ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി.
ഈ വര്‍ഷത്തെ ചിന്താവിഷയമായ ഞാന്‍ നിന്നോട്  അന്യായം ചെയ്തുവോ (വി.മത്തായി 20: 1-16) എന്ന ചോദ്യത്തെ ആധാരമാക്കിയുള്ള ചിന്തോദ്ദീപകമായ തിരുവചനധ്യാനം പ്രാര്‍ത്ഥനാദിനത്തെ സമ്പുഷ്ടമാക്കി.

ഉപാധികള്‍ വയ്ക്കാതെയുള്ള പ്രാര്‍ത്ഥന, മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ഇവയൊക്കെ നമ്മുടെ ജീവിത ശൈലിയായി മാറണം. നമ്മുടെ പ്രാര്‍ത്ഥനകള്‍ വെറും ജല്പനങ്ങള്‍ ആയി മാറാതെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ഉണ്ടാകേണ്ട ദൈവത്തോടു നേരിട്ടുള്ള സംഭാഷണമായി മാറണം. പ്രതിസന്ധികളെ അതിജീവിയ്ക്കുവാനുള്ള നിരന്തര ദൈവിക സാന്നിദ്ധ്യം ഏവര്‍ക്കും ഉണ്ടാകട്ടെയെന്ന് ഉദ്‌ബോധിപ്പിച്ചു കൊണ്ട് ജിന്‍സി കൊച്ചമ്മ തിരുവചന ധ്യാനം അവസാനിപ്പിച്ചു.

ഇമ്മാനുവേല്‍ ഇടവകയിലെ കുഞ്ഞുമോള്‍ വര്‍ഗീസ് കോര്‍ഡിനേറ്ററായി ഒരു കമ്മറ്റി പ്രാര്‍ത്ഥനാദിനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഈ ദിനത്തില്‍ സമാഹരിച്ച സ്‌തോത്രകാഴ്ച ഫിലിപ്പിന്‍സിലെ വനിതകളുടെ ഇടയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അയച്ചു കൊടുക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇമ്മാനുവേല്‍ ഇടവക സേവികാസംഘം സെക്രട്ടറി ലതാമാത്യൂസ് നന്ദി പ്രകാശിപ്പിച്ചു.

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ.മാത്യൂസ് ഫിലിപ്പിന്റെ ആശീര്‍വാദത്തോടുകൂടി പ്രാര്‍ത്ഥനാദിന സമ്മേളനം അവസാനിച്ചു. സമ്മേളനത്തിനുശേഷം വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.

Photo1 Photo3 Photo4

LEAVE A REPLY

Please enter your comment!
Please enter your name here