ഫിലാഡൽഫിയ:  ഫോമാ മിഡ്  അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫോമാ മിഡ്  അറ്റ് ലാന്റിക് റീജിയൺ  വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആർ ഒ സന്തോഷ് എബ്രഹാം എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ജൂൺ 3 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട്  8:30 വരെ ഫിലാഡൽഫിയ അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ  വച്ചാണ് യുവജനോത്സവം  നടത്തപ്പെടുന്നത്, പ്രവാസിമലയാളികളിലെ കലാതിലകങ്ങളെയും കലാപ്രതിഭകളെയും കണ്ടെത്തുവാൻ നടത്തുന്ന ഈ മത്സരങ്ങൾ അമേരിക്കയിലെ രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും കുട്ടികൾക്ക് നവ്യാനുഭവമായിരിക്കും.അതിന്റെ ഭാഗമായി ഫോമായുടെ പന്ത്രണ്ട് റീജിയണുകളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിജയികൾ 2018 ൽ ചിക്കാഗോയിൽ അരങ്ങേറുന്ന അന്തർദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും..  കലാപ്രതിഭ, കലാതിലകം,   ജൂനിയർ കലാപ്രതിഭ, ജൂനിയർ കലാതിലകം പട്ടങ്ങളും  ക്യാഷ് അവാർഡുകളും സമ്മാനിക്കും. കൂടാതെ മറ്റ് വിജയികൾക്ക്  സർട്ടിഫിക്കറ്റുകളും  നൽകുന്നതായിരിക്കും.
നാല് വേദികളിലായി നടത്തപ്പെടുന്ന യുവജനോത്സവത്തിലെ മത്സരവിഭാഗങ്ങൾ   പ്രായം അനുസരിച്ച് അഞ്ചു വയസ്സ് മുതൽ എട്ടു വയസ്സ് വരെ, ഒൻപതു മുതൽ പന്ത്രണ്ടു വരെ, പതിമൂന്നു മുതൽ പതിനാറു വരെ, പതിനേഴു മുതൽ ഇരുപത്തി അഞ്ചു വരെ  ഇരുപത്തി അഞ്ചു മുതൽ മുകളിലേക്ക് പ്രായമുള്ളവർക്ക് പ്രത്യേക വിഭാഗം എന്നിങ്ങനെയാണ് വേർതിരിച്ചിരിക്കുന്നത്, മാതാപിതാക്കളിൽ ഒരാളെങ്കിലും മലയാളി ആയിരിക്കണം എന്നുള്ളത് ഒരു നിബന്ധനയായി  അംഗീകരിച്ചിരിക്കുന്നു, ഏകാംഗ മത്സരങ്ങൾക്ക്  പത്തു ഡോളറും ഒന്നിൽ കൂടുതൽ ആളുകൾ മത്സരിക്കുന്ന വിഭാഗത്തിന് അമ്പതു ഡോളറും ആണ്  രജിസ്‌ട്രേഷന് ഈടാക്കുന്നത്, നൃത്ത മത്സരങ്ങളിൽ ക്ലാസ്സിക്കൽ, സിനിമാറ്റിക്, ഫോക്  എന്നീവിഭാഗങ്ങളിൽ  ഏകാംഗ മത്സരങ്ങളും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും, ക്ലാസ്സിക്കൽ വിഭാഗത്തിൽ ഭാരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയും    ഒപ്പന, തിരുവാതിര, മാർഗംകളി എന്നീ വിഭാഗങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും,   സംഗീത വിഭാഗത്തിൽ ഇന്ത്യൻ ലൈറ്റ് മ്യൂസിക്, സിനിമാറ്റിക്,  ക്ലാസ്സിക്കൽ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കും, ഉപകരണ സംഗീത വിഭാഗത്തിൽ തബല, മൃദംഗം, ഡ്രംസ്, ഫ്ലൂട്ട്, വയലിൻ, പിയാനോ ഗിറ്റാർ ഉൾപ്പെടെ  ഇന്ത്യൻ, വിൻഡ് ആൻഡ് സ്ട്രിംഗ്  തുടങ്ങിയവ രണ്ടു വിഭാഗങ്ങൾ ആയി ഉൾപ്പെടുത്തിയിരിക്കുന്നു.
ഇരുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവർക്കായി ‘ വീ ഗോട്ട് ടാലന്റ് ‘ എന്ന പ്രത്യേക  വിഭാഗത്തിൽ  മുകളിൽ പറഞ്ഞിരിക്കുന്ന ഏതു കലാവിഭാഗങ്ങളിൽ നിന്നും  ഇഷ്ടമുള്ളവ   മത്സരത്തിനായി തിരഞ്ഞെടുക്കാം. ഈ യുവജനോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2017 മെയ് മാസം 15 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്‌,  ഡെലവെയർ, പെൻസിൽവാനിയ, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങളിലെ എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പി ആർ ഓ സന്തോഷ് എബ്രഹാം പറഞ്ഞു .
പ്രസംഗ മത്സരങ്ങൾ  ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോമയുടെ വെബ്സൈറ്റ് സന്ദർശിക്കണമെന്നും മിഡ്-അറ്റ് ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ. സാബു സ്കറിയ  ലേഖകനോട് സംസാരിക്കവെ  അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ ( റീജിണൽ വൈസ് പ്രസിഡന്റ് ) – 267-980-7923, ജോജോ കോട്ടൂർ (സെക്രട്ടറി) – 610-308-9829, ബോബി തോമസ് (ട്രഷറർ ) – 862-812-0606, ഹരികുമാർ രാജൻ (ആർട്സ് ചെയർമാൻ ) – 917-679-7669, സന്തോഷ് എബ്രഹാം (പി ആർ ഒ ) – 215-605-6914, സിറിയക് കുര്യൻ – 201-723-7997, അലക്സ് ജോൺ (റീജിണൽ കൺവൻഷൻ ചെയർമാൻ ) – 908-313-6121.
YOUTH FESTIVAL 2017

LEAVE A REPLY

Please enter your comment!
Please enter your name here