തിരുവനന്തപുരം∙ ഡപ്യൂട്ടി സ്പീക്കർ സ്ഥാനവുമായി ബന്ധപ്പെട്ട് നിലപാടു കടുപ്പിച്ച് ആർഎസ്പി നേതൃത്വം രംഗത്ത്. ഇക്കാര്യത്തിലുള്ള തീരുമാനം വൈകുന്നതിൽ ആർഎസ്പിയ്ക്കുള്ള അതൃപ്തി അവർ മുഖ്യമന്ത്രിയെ അറിയിച്ചു. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം ഏറ്റെടുക്കാനുള്ള കോൺഗ്രസ് ശ്രമത്തിൽ ആർഎസ്പിക്ക് അതൃപ്തിയുണ്ട്. സ്ഥാനം നൽകിയില്ലെങ്കിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കുന്ന കാര്യവും നേതൃത്വത്തിന്റെ പരിഗണനയിലാണ്. ഇക്കാര്യവും അവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.

ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് ഒഴിവു വന്നപ്പോൾ മുതൽ അവകാശവാദമുന്നയിച്ച് ആർഎസ്പി രംഗത്തെത്തിയിരുന്നു. നിലവിൽ ഒരു മന്ത്രിസ്ഥാനമാണ് അവർക്കുള്ളത്. പുതുതായി രണ്ട് എംഎൽഎമാർ കൂടി വന്ന സാഹചര്യത്തിൽ ഡപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾ‌ക്കു വേണമെന്നാണ് അവരുടെ നിലപാട്. എന്നാൽ, കോൺഗ്രസ് കൈവശം വച്ചിരുന്ന സ്ഥാനത്തേക്ക് ഘടകകക്ഷികൾ അവകാശവാദമുന്നയിക്കുന്നത് അനുചിതമാണെന്നാണ് കോൺഗ്രസ് നിലപാട്. ഡപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി ആരായിരിക്കണമെന്ന കാര്യത്തിൽ കോൺഗ്രസിലെ എ, ഐ വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടെങ്കിലും സ്ഥാനം കോൺഗ്രസിന് തന്നെയായിരിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല.

ഡപ്യൂട്ടി സ്പീക്കർ സ്ഥാനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കമില്ലെന്ന് കെ. മുരളീധരൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ യുഡിഎഫിൽ ഇതുവരെ സമവായമായിട്ടില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here