“ഗതകാല സ്മരണകൾ “
ശീതീകരിച്ചൊരി മുറിയിൽ ഞാനേകയായ്
ഗതകാല സമരണകളിൽ മുങ്ങിക്കുളിച്ച്
ഇടനെഞ്ചിലൂറിയ മധുരവും നൊട്ടി
ഒറ്റയ്ക്കിരിക്കുന്ന നേരങ്ങളിൽ മനം
ഒറ്റയ്ക്ക് ചുറ്റാനിറങ്ങുവാറുണ്ട്
കെട്ടിപ്പിണയുന്ന ചിന്തകളോരോന്നായ്
കെട്ടഴിച്ചീടുവാൻ തുടിക്കുന്നുവോ മനം

കുഞ്ഞിളം കാൽകളാൽ പിച്ചവെച്ചോടിയ
പഴയൊരാ കുടിലിന്റെ ഉമ്മറത്തിണ്ണയും
ഒറ്റയ്ക്ക് കൂട്ടിനാചീവീടിന്നൊച്ചയും
കുട്ടുകാരായാ ചെള്ളും, നരിച്ചീറും
ഒത്തിരിക്കാലുമായ് ഇഴഞ്ഞു നീങ്ങുന്നൊരാ
തേരാളി അട്ടയും, കോഴിയും, താറാവും,
തൊഴുത്തിലായ് നിൽക്കുന്ന പൂവാലി പയ്യും.
മഴ പെയ്താൽ ചോരുന്നൊരെറ്റ മുറി വീട്ടിൽ
ഞാനുമെന്നേട്ടനും മതാപിതാക്കളും
സന്ധ്യയ്ക്ക്  ചാച്ചന്റെ കള്ളിന്റെ മണമുള്ള
വീടുകുലുങ്ങുമാ തെറിപ്പാട്ടിന്നൊച്ചയും
അടുക്കളക്കോണിലായ് പേടിച്ചരണ്ടമ്മ
മിഴി പൂട്ടിക്കരയുന്ന കറുത്തതാം ഓർമ്മയും
കോഴിതൻകുഞ്ഞിനെചിറകിലൊളിക്കുംപോൽ
പാവമെന്നമ്മയും പല നാളിൽ ഞങ്ങളെ
മാറോട് ചേർത്തു തൻ രാവുകൾ പകലാക്കി.
പേടിയായിരുന്നെനിക്കെന്നെന്നും ചാച്ചൻ
ഏട്ടനൊരിക്കലും കൂട്ടുമായില്ല
അടുക്കള പുകയിലയ് ജീവിതം ഹോമിച്ച
അമ്മയായിരുന്നാകെയൊരാശ്രയം.
ദുരിതക്കയത്തിലീ ജീവിതം എങ്കിലും
മുടങ്ങിയില്ലൊരുനാളുമാ കുടിലിലെ പ്രാർത്ഥന
പള്ളിയുമായെന്നും ചേർന്നു നടന്നതും
പള്ളിപ്പരീക്ഷയിൽ ഒന്നാമതായതും
തുടർന്നുള്ള ജീവിതയാത്രയിലൊരുനാളും
കാലിടറാതവൻ കത്തു സൂക്ഷിച്ചതും
മരണത്തിൻ ചിറകുകൾ തേടിവന്നെന്റെ
ജീവനിലേയ്ക്ക് പറന്നിറങ്ങീടവെ…….
ഓർക്കുംബോൾ ഇപ്പോഴും ഞെട്ടലുണ്ടാകുന്നു
ഈ ജീവിതം,  ഇതെനിക്കൊരു രണ്ടാം ജന്മം

ഇപ്പോഴീ വീട്ടിൽ ഈ ദൈവത്തിൻ നാട്ടിൽ
ഈ സുഖശീതള ഛായയിൽ നിൽക്കെ
ഓർമ്മകൾ പൂക്കുമാ പഴയ മൺകൂരയും
നഷ്ടമായ് പോയൊരാ ബാല്യകൗമാരവും
തേടിയെത്തുന്നു എന്തിനെന്നറിയാതെ
ഈറനാക്കുന്നെന്റെ കണ്ണുകൾ ആർദ്ദമായ്

LEAVE A REPLY

Please enter your comment!
Please enter your name here