ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം മെയ് 21-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് ‘സൂര്യനില്‍ ഒരു തണല്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഹൂസ്റ്റനിലെ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആരംഭകാലം മുതല്‍ അതിന്റെ സജീവപ്രവര്‍ത്തകനും, സാമൂഹ്യസ്‌നേഹിയുമായിരുന്ന നിര്യാതനായ ശ്രീ ജോണ്‍ ജേക്കബിന്റെ ഒരു പാവന സ്മരണിക കൂടിയായിട്ടാണ് റൈറ്റേഴ്‌സ് ഫോറത്തിന്റെ 14-ാമത് പുസ്തകം പ്രസിദ്ധീകരിച്ചത്. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് പുസ്തകത്തിന്റെ ഒരു കോപ്പി യശഃശരീരനായ ജോണ്‍ ജേക്കബിന്റെ സഹധര്‍മ്മിണിയും വിധവയുമായ ആലീസ് ജേക്കബിന് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. അധ്യക്ഷന്‍ മാത്യു നെല്ലിക്കുന്ന് എല്ലാവരേയും സ്വാഗതം ചെയ്യുകയും ജോണ്‍ ജേക്കബിന്റെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും സംസാരിച്ചു. ജോണ്‍ ജേക്കബിന്റെ പുത്രന്‍മാരായ ജോജി ജേക്കബ്, ജോസഫ് ജേക്കബ്, മാത്യു ജേക്കബ് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. അതില്‍ മാത്യു ജേക്കബ് കുടുംബാംഗങ്ങളെയെല്ലാം പ്രതിനിധീകരിച്ച് മണ്‍മറഞ്ഞ തന്റെ പിതാവിനെപ്പറ്റി സമുചിതമായ അനുസ്മരണ പ്രസംഗം നടത്തുകയും റൈറ്റേഴ്‌സ് ഫോറത്തിന് പ്രത്യേകം നന്ദി അര്‍പ്പിക്കുകയും ചെയ്തു.

അമേരിക്കയിലെ പ്രത്യേകിച്ച് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പ്രമുഖ മലയാള സാഹിത്യ പ്രതിഭകളുടേയും എഴുത്തുകാരുടേയും രചനകള്‍ കൊണ്ട് സമ്പുഷ്ടമാണ് ‘സൂര്യനില്‍ ഒരു തണല്‍’ എന്ന റൈറ്റേഴ്‌സ് ഫോറം പുസ്തക പ്രസിദ്ധീകരണം. ആശംസയും അനുസ്മരണവുമായി ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളില്‍, മാത്യു മത്തായി, എ.സി. ജോര്‍ജ്, തോമസ് ചെറുകര, തോമസ് കെ. വര്‍ഗീസ്, ടി.എന്‍ സാമുവല്‍, ഷാജി ഫാംസ്, ജോസഫ് തച്ചാറ, ജോണ്‍ കുന്തറ, സലീം അറക്കല്‍, വല്‍സന്‍ മഠത്തിപറമ്പില്‍, ഇന്ദ്രജിത് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനത്തിന്റെ  രണ്ടാം ഭാഗമായ സാഹിത്യ ആസ്വാദന ചര്‍ച്ചാ യോഗത്തില്‍ മോഡറേറ്ററായി ജോണ്‍ കുന്തറ പ്രവര്‍ത്തിച്ചു. ദേവരാജ് കാരാവള്ളിയുടെ ഒരു ചെറുകിളിപാട്ട് എന്ന കവിതാ പാരായണത്തോടെയാണ് തുടക്കമിട്ടത്. തുടര്‍ന്ന് പാടുന്ന കൊതുകുകള്‍ എന്ന ചെറുകഥ കഥാകൃത്ത് ജോസഫ് തച്ചാറ വായിച്ചു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് പാടുന്ന കൊതുകുകള്‍. കോളേജിലെ ഒരു നാലാംഗ വിദ്യാര്‍ത്ഥി സംഘത്തിന്റെ സദാചാര പോലീസ് മാതൃകയിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങളാണ് ഈ കഥയിലെ ഇതിവൃത്തം. അതിനുശേഷം മാത്യു മത്തായിയുടെ ആരാധനാലയങ്ങള്‍ കച്ചവട ആലയങ്ങളോ എന്ന ശീര്‍ഷകത്തിലുള്ള ലേഖന പാരായണമായിരുന്നു. ദൈവത്തിന്റെയും മതത്തിന്റെയും ആത്മീയതയുടെയും പേരും പറഞ്ഞ് പേടിപ്പിച്ച് ആള്‍ദൈവങ്ങളും മതപുരോഹിതരും മത നേതാക്കളും സാധാരണക്കാരെ വെറും കച്ചവട താല്‍പ്പര്യത്തോടെ മാത്രം കുത്തിപറിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇവിടെ നിലവില്‍. അതിനെതിരെ മാനവിക വികാരം ഉയരണം. ഇത്തരം ആരാധനാലയ പ്രവര്‍ത്തകരേയും കുത്തകകളേയും നിയന്ത്രിച്ച് മൂക്കുകയറിടണം എന്നൊരു സന്ദേശമായിരുന്നു ലേഖനത്തില്‍.

കവിതയേയും ചെറുകഥയേയും ലേഖനത്തേയും ആസ്വദിച്ചും നിരൂപണം ചെയ്തും ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ എഴുത്തുകാരും ഭാഷാ സ്‌നേഹികളുമായ ബോബി മാത്യു, ക്ലാരമ്മ മാത്യു, ഗ്രേസി മാത്യു, മേരിക്കുട്ടി കുന്തറ, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, ടി.എന്‍. സാമുവല്‍, മാത്യു മത്തായി, ദേവരാജ് കാരാവള്ളില്‍ തോമസ്. കെ. വര്‍ഗീസ്, സലീം അറക്കല്‍, ജോസഫ് തച്ചാറ, വല്‍സന്‍ മഠത്തിപറമ്പില്‍, ഇന്ദ്രജിത് നായര്‍, ഷാജി ഫാംസ്,  ജോണ്‍ കുന്തറ തുടങ്ങിയവര്‍ സംസാരിച്ചു.

5-Kewrala Writers Forum photo 3 4-Kewrala Writers Forum photo 2 3-Kerala Writers Forum photo 1

LEAVE A REPLY

Please enter your comment!
Please enter your name here