ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ പ്രയത്നഫലമായി ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ആഗസ്റ്റ് മാസം ഇന്ത്യന്‍-അമേരിക്കന്‍ പൈതൃക മാസമായി പ്രഖ്യാപിക്കാനുള്ള പ്രമേയം ജൂണ്‍ 12 തിങ്കളാഴ്ച  ന്യൂയോര്‍ക്ക് സെനറ്റും അസംബ്ലിയും പാസാക്കി. 

ആല്‍ബനിയില്‍ ക്യാപിറ്റോളിലെ സെനറ്റ് ഹാളിലും അസംബ്ലി ഹാളിലും നടന്ന ചടങ്ങ് വീക്ഷിക്കാന്‍ ആനി പോള്‍ അടക്കം നിരവധി ഇന്ത്യന്‍ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു. ബഹു. അസംബ്ലിമാന്‍ കെന്നത്ത് സെബ്രോവ്സ്കിയാണ് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്. ബഹു. സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചിയാണ് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ചും, അമേരിക്കയില്‍ കുടിയേറിയിട്ടുള്ള ഇന്ത്യന്‍ വംശജര്‍ ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന നിരവധി സേവനങ്ങളെക്കുറിച്ചും ഇരുസഭകളിലും അസംബ്ലിമാനും സെനറ്ററും ഒരു ലഘുവിവരണം നല്‍കിയത് ഹര്‍ഷാരവത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. വെസ്‌ലി ഹില്‍സ് സെന്റ് ബോണിഫസ് റോമന്‍ കാത്തലിക് ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്ററും, സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഇന്‍ റോക്ക്‌ലാന്റ് ഡയറക്ടറുമായ ഫാ. തദേവൂസ് അരവിന്ദത്തിന്റെ പ്രാര്‍ത്ഥനയോടുകൂടിയാണ് ഇത്തവണ സെനറ്റ് സെഷന്‍ ആരംഭിച്ചതെന്ന പ്രത്യേകതയും കൂടിയുണ്ട്. സെനറ്റ് ഹാളില്‍ അദ്ദേഹത്തിന് പ്രത്യേക ഇരിപ്പിടവും നല്‍കിയിരുന്നു.

അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിലും ഉന്നത പദവികളിലും ഇന്ത്യാക്കാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ നാം അവരെ അംഗീകരിക്കണം. ഈ രാജ്യത്തിനുവേണ്ടി, പ്രത്യേകിച്ച് ന്യൂയോര്‍ക്ക് സംസ്ഥാനത്തിനുവേണ്ടി, അവര്‍ ചെയ്യുന്ന സേവനങ്ങളെ നാം കണ്ടില്ലെന്നു നടിക്കരുത്. റോക്ക്‌ലാന്റില്‍ ഏറ്റവും ഉന്നത നിലയില്‍ ജീവിക്കുന്നവര്‍ ഇന്ത്യന്‍-അമേരിക്കക്കാരാണ്. ഉന്നത വിദ്യാഭ്യാസത്തില്‍ ശരാശരി അമേരിക്കക്കാര്‍ 28 ശതമാനം മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ 70 ശതമനത്തിലേറെ നേട്ടം കൊയ്യുന്നു, സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഏകദേശം മൂന്നു മില്യന്‍ ഇന്ത്യാക്കാരാണ് അമേരിക്കയിലുള്ളത്. അതില്‍ മൂന്നു ലക്ഷം ഇന്ത്യാക്കാര്‍ ന്യൂയോര്‍ക്കിലാണെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി.

ഇന്ത്യ സ്വതന്ത്രയായിട്ട് 70 വര്‍ഷമായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെമ്പാടും, പ്രത്യേകിച്ച് റോക്ക്‌ലാന്റ് കൗണ്ടിയില്‍, ജീവിക്കുന്ന ഇന്ത്യന്‍ വംശജരെ നാം അംഗീകരിക്കണം, ആദരിക്കണം. അതുകൊണ്ടുതന്നെ ഇന്ത്യ സ്വതന്ത്രയായ ആഗസ്റ്റ് മാസം തന്നെ ഇന്ത്യന്‍-അമേരിക്കന്‍ പൈതൃക മാസമായി പ്രഖ്യാപിക്കണമെന്ന്  അദ്ദേഹം പറഞ്ഞത് കൈയ്യടിയോടെ സ്വീകരിക്കുകയും സെനറ്റ് പാസ്സാക്കുകയും ചെയ്തു. ഇതേ രീതിയില്‍ തന്നെയായിരുന്നു അസംബ്ലിമാന്‍ കെന്‍ സെബ്രോവ്സ്‌കിയും അസംബ്ലിയില്‍ പറഞ്ഞത്. അവിടേയും പ്രമേയം പാസാക്കി. ഇത്തവണ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം റോക്ക്‌ലാന്റില്‍ ആഘോഷിക്കുമ്പോള്‍ ആ ആഘോഷങ്ങളില്‍ ഞങ്ങളും ഭാഗഭാക്കായിരിക്കുമെന്ന് ഇരുവരും പറഞ്ഞു.

ഇന്ത്യന്‍-അമേരിക്കന്‍ പൈതൃക മാസം ആചരിക്കുന്നതിനായി ആത്മാര്‍ത്ഥതയോടെ പ്രയത്നിച്ച ഡോ. ആനി പോളിനെ ഇരുസഭകളിലും പ്രത്യേകം പ്രശംസിച്ചു. റോക്ക്‌ലാന്റില്‍ നിന്ന് ഡോ. ആനി പോളിനോടൊപ്പം വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു. ഇന്ത്യാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക്‌ലാന്റ്, ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍, ഫൊക്കാന, ജീവന്‍ ജ്യോതി സീനിയര്‍ സിറ്റിസണ്‍സ് അസ്സോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ്, സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഇന്‍ റോക്ക്‌ലാന്റ്, നാഷണല്‍ ഇന്ത്യന്‍ നഴ്സ് പ്രാക്റ്റീഷനേഴ്സ് അസ്സോസിയേഷന്‍, ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍, ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ എന്നീ സംഘടനാ പ്രതിനിധികളെക്കൂടാതെ മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, മൊയ്തീന്‍ പുത്തന്‍‌ചിറ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. എല്ലാവരുടേയും പേരുവിവരങ്ങള്‍ അസംബ്ലിയിലും സെനറ്റിലും വായിച്ചു.   

ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് ക്യാപിറ്റോളിന്റെ വിവിധ ഭാഗങ്ങള്‍ ചുറ്റി നടന്നു കാണാനും സൗകര്യമൊരുക്കിയിരുന്നു. അസംബ്ലിമാനും സെനറ്ററുമായി ഫോട്ടോ സെഷനും ഉണ്ടായിരുന്നു. കൂടാതെ ചടങ്ങിനെത്തിയവര്‍ക്ക് ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഇരുവരും എല്ലാവരേയും പരിചയപ്പടുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇന്ത്യന്‍ വംശജരെ അംഗീകരിക്കപ്പെടുകയും, ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രശസ്തി അമേരിക്കയിലുടനീളം പ്രചരിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യന്‍-അമേരിക്കന്‍ പൈതൃക മാസം ആചരിക്കാനും പ്രയത്നിക്കുന്ന ഡോ. ആനി പോളിനെ എല്ലാവരും പ്രശംസിച്ചു. എല്ലാ രാജ്യക്കാരും അവരുടേതായ പൈതൃകം കാത്തുസൂക്ഷിച്ച് എല്ലാ വര്‍ഷവും അത് ആഘോഷിക്കുമ്പോള്‍ നാം ഇന്ത്യക്കാര്‍ക്ക് മാത്രം എന്തുകൊണ്ട് അങ്ങനെ ഒരു മാസം ഇല്ല എന്ന ചിന്തയാണ് ഡോ. ആനിയെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. “എന്റെ ഒരു സ്വപ്നമായിരുന്നു ഇത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍….നാളെ മറ്റൊരു സംസ്ഥാനത്ത്…അങ്ങനെ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ആഗസ്റ്റ് മാസത്തില്‍ എല്ലാ ഇന്ത്യക്കാരും ഒരുമയോടെ ഇന്ത്യയുടെ പൈതൃകം ആഘോഷിക്കുന്നത് കാണുകയാണ് തന്റെ ലക്ഷ്യം”  ഡോ. ആനി പോള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ 845 304 1580, 845-623-8549. aneypaul@yahoo.com

IMG_5168 IMG_5163 IMG_5153 IMG_5143 IMG_5141 IMG_5131 IMG_5126 IMG_5114 IMG_5112

LEAVE A REPLY

Please enter your comment!
Please enter your name here