ന്യൂഡല്‍ഹി: തോല്‍ക്കുമെന്നുറപ്പായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 17പാര്‍ട്ടികളുടെ വിശാലസഖ്യമുണ്ടാക്കിയതിലൂടെ കോണ്‍ഗ്രസും ഇടതുപക്ഷവും ലക്ഷ്യമിടുന്നത് 2019ലെ പൊതുതെരഞ്ഞെടുപ്പ്. 33 ശതമാനം വോട്ടുകൊണ്ട് 2014ല്‍ പ്രതിപക്ഷത്തെ ഭിന്നത മുതലെടുത്താണ് മോദി അധികാരത്തിലേറിയത്. സര്‍ക്കാറിനെ നിലനിര്‍ത്താന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് സമര്‍ഥമായി ഉപയോഗിച്ച മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും മുന്നില്‍ കോണ്‍ഗ്രസ് പാടുപെട്ടുണ്ടാക്കിയ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയാണ് മീരാ കുമാര്‍.

വോട്ടുകളുടെ എണ്ണം വിഷയമല്ലെന്നും ഇത് ബി.ജെ.പിയുമായുള്ള ആദര്‍ശ പോരാട്ടമാണെന്നും വ്യക്തമാക്കിയാണ് 17 പ്രതിപക്ഷകക്ഷികള്‍ ഒരുമിച്ച് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. അതിനാല്‍തന്നെ മത്സരം പ്രതീകാത്മകമല്ലെന്നും ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം കെട്ടിപ്പടുക്കുന്നതിന്റെ തുടക്കമാണെന്നുമുള്ള നിലയിലാണ് തുടക്കംമുതല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കണ്ടത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുണ്ടാകുന്ന വിള്ളല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിലെ വിശാലസഖ്യത്തിന്റെ സാധ്യതകളെ തകര്‍ക്കുമെന്ന് ഇരുകൂട്ടരും കരുതിയിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ഥിയെ മോദി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, പ്രതിപക്ഷനിരയിലെ മുഴുവന്‍ അഭിപ്രായങ്ങളും പരിഗണിച്ച്, ഏകോപനത്തിലെത്തുകയാണ് പ്രതിപക്ഷം ചെയ്തത്. സ്ഥാനാര്‍ഥിയെ പോലും പറയാതെ സമവായശ്രമം എന്ന പ്രഹസനം നടത്തി പ്രതിപക്ഷ നേതാക്കളെ വെവ്വേറെ കണ്ടാണ് പ്രതിപക്ഷത്തിന്റെ ഐക്യം ഇല്ലാതാക്കാന്‍ മോദിയും അമിത് ഷായും തന്ത്രം മെനഞ്ഞത്. പ്രതിപക്ഷത്ത് നിന്ന് കക്ഷികളെ അടര്‍ത്താന്‍ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി റെയ്ഡുകളും കേന്ദ്രസര്‍ക്കാര്‍ പുറത്തെടുത്തു.

എന്‍.ഡി.എയോടൊപ്പമില്ലാത്ത എ.ഐ.എ.ഡി.എം.കെ, തെലങ്കാന രാഷ്ട്രീയ സമിതി, ബിജു ജനതാദള്‍ എന്നിവയെ ആ തരത്തില്‍ അടുപ്പിച്ചുനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. എന്നിട്ടും സഖ്യകക്ഷിയായ ശിവസേന ഇടഞ്ഞുനിന്നപ്പോള്‍ മഹാരാഷ്ട്രയിലെ സഹകരണബാങ്കുകളിലെ പഴയ 500 രൂപ,1000 രൂപ നോട്ടുകള്‍ മാറ്റാന്‍ അവസരം നല്‍കി അവരെയും മെരുക്കി. സഖ്യത്തിലെങ്കിലും വൈരിയായ ലാലുപ്രസാദ് യാദവ് മകനെ ബിഹാര്‍ രാഷ്ട്രീയത്തിന്റെ ഭാവിമുഖ്യമന്ത്രിയാക്കാന്‍ നടത്തുന്ന നീക്കത്തിന് തടയിടാന്‍ ആഗ്രഹിക്കുന്ന നിതീഷ് കുമാറിനെ കൂടി ചേര്‍ത്തുപിടിച്ച് പ്രതിപക്ഷത്തുണ്ടാക്കിയ അങ്കലാപ്പിനാണ് മീരാകുമാറിനെ പൊതുസ്ഥാനാര്‍ഥിയാക്കി സോണിയ ഗാന്ധി പ്രതിരോധിച്ചത്.

രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കാണിച്ച കൗശലത്തിന് കോണ്‍ഗ്രസ് നടത്തിയ ബുദ്ധിപരമായ നീക്കമാണ് മീരാകുമാറിന്റെ സ്ഥാനാര്‍ഥിത്വം. ദലിത് കാര്‍ഡിറക്കി പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് യോഗത്തിലുയര്‍ന്ന നാല് പേരുകളും ദലിതുകളുടേതായത്. എന്നാല്‍, മീരാകുമാറിനോട് പ്രതിപത്തി ഇല്ലാതെ പ്രകാശ് അംബേദ്കറെ നിര്‍ദേശിച്ച ഇടതുപക്ഷത്തിനെക്കൊണ്ടുകൂടി അത് സമ്മതിപ്പിക്കാന്‍ സോണിയക്ക് കഴിയുകയും ചെയ്തു.

തങ്ങളുടെ തട്ടകത്ത് നിന്നുള്ള മറ്റൊരു ദലിത് പാര്‍ട്ടിക്കാരന്‍ എന്ന നിലയില്‍ പ്രകാശ് അംബേദ്കറിനോട് ശരദ് പവാറിനും മായാവതിക്കും താല്‍പര്യമില്ലായിരുന്നു. ഇടതുപക്ഷത്തിന്റെ നിര്‍ദേശം എന്ന നിലയില്‍ മമതാ ബാനര്‍ജിക്കും അത് സ്വീകാര്യമായി. തുടര്‍ന്ന് ചര്‍ച്ച നടന്നതോടെ കോണ്‍ഗ്രസ് തുടക്കംമുതല്‍ മുന്നോട്ടുവെച്ച മീരാകുമാറിനെ മറ്റെല്ലാ കക്ഷികളും അംഗീകരിച്ചു. എല്ലാവര്‍ക്കും സ്വീകാര്യയെന്ന് വന്നതോടെ അതിന്റെ പേരില്‍ ഒരു തര്‍ക്കം വേണ്ടെന്നുവെച്ച് ഇടതുപക്ഷവും സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു.

ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കളെല്ലാം പിന്നീട് പ്രതികരിച്ചതും. ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടോ എന്നത് തങ്ങള്‍ക്ക് വിഷയമല്ലെന്നും മീരാകുമാറാണ് ഏറ്റവും ശക്തയായ സ്ഥാനാര്‍ഥിയെന്നും അവരെ പിന്തുണക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവും മുലായംസിങ്ങിന്റെ സഹോദരനുമായ രാംഗോപാല്‍ യാദവ് പറഞ്ഞു. രാംനാഥ് കോവിന്ദിനേക്കാള്‍ പ്രഗല്ഭയാണ് മീരാകുമാറെന്നും അവരെ പിന്തുണക്കുകയാണ് തങ്ങളെന്നും മായാവതിയും പറഞ്ഞതോടെ ദലിത് കാര്‍ഡിനെ പ്രതിരോധിക്കാന്‍കഴിഞ്ഞ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.

LEAVE A REPLY

Please enter your comment!
Please enter your name here