ന്യൂജേഴ്‌സി: 2019 കെഎച്ച്എന്‍എ കണ്‍വെന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ ഡോ രേഖാ മേനോന്റെ നേതൃത്വത്തില്‍ നടക്കും .അമേരിക്കയിലെ മലയാളിബന്ധമുള്ള ദേശീയ സംഘടനകളില്‍ പുതു ചരിത്രം എഴുതി ,അമേരിക്കന്‍ മണ്ണില്‍ തന്നെ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറയില്‍ നിന്നും ആദ്യമായി ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നു. അതോടൊപ്പം സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ആ സ്ഥാനം അലങ്കരിക്കുന്നു എന്ന പ്രത്യേകതയും കൂടിയാകുമ്പോള്‍ ഒരു സംഘടന എന്ന നിലയില്‍ കരുത്തും വൈവിധ്യവും ജനാധിപത്യ പ്രക്രിയയുടെ ഉദാത്തമായ മാതൃകയുമായി കെഎച്ച് എന്‍എ മാറുന്നു.

ഡിട്രോയിറ്റ് കണ്‍വെന്‍ഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഡോ രേഖാ മേനോന്‍ പ്രെസിഡന്റ് ആയും കൃഷ്ണരാജ് മോഹനന്‍ സെക്രട്ടറി ആയും ജയ് ചന്ദ്രന്‍ വൈസ് പ്രസിഡന്റ് ആയും വിനോദ് കേയാര്‍കെ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു . ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ മാന്‍ ഷിബു ദിവാകരന്‍ ,മുന്‍ പ്രസിഡന്റുമാരായ ആനന്ദന്‍ നിരവേല്‍ ,ഡോ :രാംദാസ് പിള്ള എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്കു നേതൃത്വം നല്‍കി .ഇതോടൊപ്പം ഡയറക്ടര്‍ ബോര്‍ഡിലേക്ക് 14 പേരും ട്രസ്റ്റി ബോര്‍ഡില്‍ 8 പേരും തിരഞ്ഞെടുക്കപ്പെട്ടു .രമ്യാ അനില്‍കുമാര്‍ ജോയിന്റ് ട്രഷറര്‍ ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ കുടുംബങ്ങളില്‍ നാള്‍ക്കു നാള്‍ കെ എച് എന്‍ എ യുടെ സ്വാധീനം വര്‍ധിച്ചു വരുന്നതിന്റെ തെളിവായി മാറി അടുത്ത കണ്‍വെന്‍ഷന്‍ ഏറ്റെടുക്കുവാന്‍ നടന്ന തിരഞ്ഞെടുപ്പ് . മറ്റു നഗരങ്ങളെ പിന്തള്ളിയാണ് ന്യൂ ജേഴ്‌സി അടുത്ത കണ്‍വെന്‍ഷന് വേദിയാക്കാന്‍ ഇലക്ഷന്‍ ബാലറ്റിലൂടെ തീരുമാനമായത് .1500 ഓളം പ്രതിനിധികള്‍ പങ്കെടുത്ത ഡിട്രോയിറ്റ് കണ്‍വെന്‍ഷനില്‍ ജനറല്‍ ബോഡിക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഏതാണ്ട് ഏകപക്ഷീയമായ പിന്തുണ ന്യൂജേഴ്‌സിക്ക് ലഭിച്ചു.

കെഎച്ച്എന്‍എയുടെ സമഗ്രമായ വളര്‍ച്ചക്കും അത് അമേരിക്കയിലെ ഓരോ മലയാളി ഹൈന്ദവ കുടുംബത്തിലേക്കും അനുഭവ വേദ്യമാകുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മ്മ പരിപാടികള്‍ ആ സൂത്രണം ചെയ്തു മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ഡോ :രേഖാ മേനോന്‍ അറിയിച്ചു. സംഘടനയെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ട് പോവുകയും ,കര്‍മ്മ നിരതരായ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സേവനം സംഘടനയുടെ പുരോഗതിക്ക് ഉറപ്പു വരുത്തുകയും ചെയ്യും .അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന തലമുറയെ ,ഭാരതീയ പൈതൃകത്തിന്റെ അനന്തമായ വിജ്ഞാന സാഗരത്തിന്റെ നേരറിവുകള്‍ സ്വായത്തമാക്കുന്ന രീതിയില്‍ പ്രാപ്തമാക്കുക എന്നതാവും പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നു ,ആ തലമുറയുടെ പ്രതിനിധി കൂടിയായ ഡോ :രേഖാ മേനോന്‍ വ്യക്തമാക്കുന്നു .

തങ്ങളില്‍ അര്‍പ്പിച്ച വിശാസം കാത്തു സൂക്ഷിക്കുമെന്നും മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ സനാതന ധര്‍മ്മ വിശ്വാസികളുടെയും പിന്തുണ ഉറപ്പു വരുത്തി സംഘടനയെ മുമ്പില്ലാത്ത വിധം കരുത്തുറ്റതാക്കുമെന്നു സംഘടനയിലെ നിറ സാന്നിധ്യം കൂടിയായ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അറിയിച്ചു . സംഘടനയെ അപകീര്‍ത്തി പെടുത്താനായി പടച്ചു വിടുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും, വര്‍ഷങ്ങളായി ഹൈന്ദവ സംഘടനകളില്‍ പ്രവര്‍ത്തന പരിചയം സിദ്ധിച്ച ഒരു നിര എന്ന നിലയില്‍ എച് എന്‍ എ യുടെ സുവര്‍ണ കാലം ആണ് വരാനിരിക്കുന്നതെന്നു വൈസ് പ്രസിഡന്റ് ജയ് ചന്ദ്രന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു .കെഎച്ച്എന്‍എക്കു സാമ്പത്തികമായി മികച്ച അടിത്തറ ഉണ്ടാക്കാന്‍ പരിശ്രമിക്കുമെന്നു ട്രഷറര്‍ വിനോദ് കെയാര്‍കെ വ്യക്തമാക്കി .

കണ്‍വെന്‍ഷന്‍ പതാക മുന്‍ പ്രെസിഡന്റ് ശ്രീ സുരേന്ദ്രന്‍ നായരില്‍ നിന്നും നിയുക്ത പ്രസിഡന്റ് രേഖ മേനോന്‍ ഡെട്രോയിറ്റ് കണ്‍വെന്‍ഷന്റെ സമാപന ചടങ്ങില്‍ ഏറ്റുവാങ്ങി .

ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ :
ആനന്ദ് പ്രഭാകര്‍ ,ബിനീഷ് വിശ്വംഭരന്‍ ,ബൈജു എസ് മേനോന്‍ ,ഡോ :രവി രാഘവന്‍ ,ഹരി ശിവരാമന്‍ ,കൊച്ചുണ്ണി ഇളവന്‍ മഠം ,പി എസ് നായര്‍ ,രാജഗോപാലന്‍ നായര്‍ ,രാജീവ് ഭാസ്കരന്‍ ,രതീഷ് നായര്‍, സുദര്‍ശന കുറുപ്പ് ,സുനില്‍ കെ രാധമ്മ ,തങ്കമണി അരവിന്ദന്‍ ,വനജ എസ് നായര്‍ .

ട്രസ്റ്റീ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ :
ബാഹുലേയന്‍ രാഘവന്‍ ,ഗോപന്‍ നായര്‍ ,ഹരി കൃഷ്ണന്‍ നമ്പുതിരി ,മനോജ് കൈപ്പിള്ളി ,രാജേഷ് കുട്ടി ,എ.സി രഞ്ജിത് , ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,രാജുപിള്ള.

എ.സി രഞ്ജിത് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here