കൊച്ചി:വരുന്ന ഓണത്തിന് ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് മാറിനില്‍ക്കാന്‍ മലയാള ചലച്ചിത്ര താരങ്ങള്‍ അനൗദ്യോഗിക തീരുമാനം എടുത്തതായി കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. നടി അക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ കാട്ടിയ ‘ഉത്സാഹ’ത്തോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ഓണത്തിനുള്ള ഈ മാറിനില്‍ക്കലെന്നും ഓണക്കാല പ്രത്യേക പരിപാടികളില്‍ നിന്നും ഓണം റിലീസ് പ്രൊമോഷനുകളില്‍ നിന്നും മാറിനില്‍ക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരങ്ങളുടെ തീരുമാനത്തില്‍ ‘സന്തോഷ’മറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍. സംവിധായകന്‍ ബിജുകുമാര്‍ ദാമോദരനും എഴുത്തുകാരായ ശാരദക്കുട്ടിയും സുസ്‌മേഷ് ചന്ദ്രോത്തുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നു.
താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുന്നതു വലിയ സന്തോഷമാണ് സമ്മാനിക്കുന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചു. വര്‍ഷങ്ങളായി ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങള്‍,ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ tv ഓണ്‍ ചെയ്യാന്‍ പോലും ഭയമായിരുന്നു.നിങ്ങളെ ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ചിലപ്പോള്‍ മലയാളി പ്രേക്ഷകരില്‍ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകള്‍ വീണ്ടെടുക്കാന്‍ ആയേക്കും.കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മാറി നില്‍ക്കുക.അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാര്‍മ്മിക ബാധ്യത ഞങ്ങള്‍ക്കുണ്ട്.-അവര്‍ ഫേസ്ബുക്കില്‍ കറിച്ചു.
മലയാളത്തില്‍ വിനോദ ടെലിവിഷന്‍ ചാനലുകള്‍ വന്നതിന് ശേഷം ആദ്യമായി ചാനലുകള്‍ക്ക് ഒരു ഓണം സര്‍ഗ്ഗാത്മകമായി മാറിയേക്കുമെന്നാണ് ബിജുകുമാര്‍ ദാമോദരന്‍ അഭിപ്രായപ്പെട്ടത്. അമ്മയോട് സാംസ്‌കാരിക കേരളം ഇത്തവണ നന്ദി പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വെല്ലുവിളിയായി സ്വീകരിക്കണമെന്നാണ് എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്തിന്റെ നിലപാട്. കേരളത്തിലെ ചാനല്‍ പ്രൊഡ്യൂസേഴ്‌സില്‍ സര്‍ഗ്ഗാത്മകതയുള്ളവര്‍ക്ക് നല്ലൊരോണമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഇത്തിരിയെങ്കിലും കലാവാസനയും പ്രതിബന്ധതയുമുള്ള ചാനല്‍ മുതലാളിമാര്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സന്ദര്‍ഭം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നല്ല നല്ല ഇന്‍ഹൗസ് പരിപാടികളും ചെറിയ ടെലി മൂവികളും ഗാനചിത്രീകരണങ്ങളുമുണ്ടാകട്ടെ. പഴയ ആകാശവാണിക്കാലം പോലെ നല്ല പരിപാടികളുള്ള ചാനലോണമാവട്ടെ ഇക്കുറി-അദ്ദേഹം പറഞ്ഞു.
ഇതൊരു പ്രതിസന്ധി ഘട്ടമാണ്. വിചാരിക്കുന്നതുപോലെ അല്ല. പത്തുദിവസത്തേക്ക് പരിപാടികള്‍ ഉണ്ടാക്കാന്‍ ചില്ലറ കാശല്ല മുതലാളിമാര്‍ക്ക് ഇറക്കേണ്ടിവരിക. നല്ല പ്രതിഭാശേഷിയുള്ള പ്രോഗ്രാം നിര്‍മ്മാതാക്കളും വേണം. അതിനെ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റണം. പ്രേക്ഷകരുണ്ടാവണം. ഇനിയധികം സമയവുമില്ല. ചാനലിലെ പരിപാടികള്‍ മോശമായാല്‍ ജനം തീയേറ്ററിലേക്കോ വീടിനുപുറത്തേക്കോ പോകും. മറിച്ച് ചാനലുകള്‍ നല്ല പരിപാടികള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ കുറേയധികം ആളുകള്‍ക്കതൊരു ജോലിയും വരുമാനവുമാകും. സ്റ്റുഡിയോകളും മറ്റും സജീവമാകും. പുതിയ കാഴ്ച സംസ്‌കാരവും ഉണ്ടായിവരും. അതിനാല്‍ താരങ്ങള്‍ തീരുമാനം പിന്‍വലിക്കാതിരിക്കട്ടെ.
സിനിമാതാരങ്ങളെ വച്ച് പ്രോഗ്രാമുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഓഡിയന്‍സുമുണ്ടാകും. പക്ഷേ ടെലിവിഷന്‍ ചാനലുകളുടെ ദൗത്യം അത്തരം പ്രമോഷണല്‍ തട്ടിക്കൂട്ട് സംഭവങ്ങളല്ല.
ശ്യാമപ്രസാദിനെയും കെ. ഗിരീഷ്‌കുമാറിനെയും ജൂഡ് അട്ടിപ്പേറ്റിയേയും എം. വി ശ്രേയാംസ് കുമാറിനേയും പോലുള്ളവര്‍ ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കുമെന്ന് കരുതുന്നു-സുസ്‌മേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here