തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും തീരാതെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം. സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടുംപ്രവേശന നടപടികള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് മെറിറ്റ് സീറ്റിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായത്.111 എന്‍ആര്‍ഐ മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം നടന്നില്ല. ഈ ഒഴിവുകള്‍ മെറിറ്റ് സീറ്റുകളാക്കി മാറ്റിയെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു. എന്‍ട്രന്‍സ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് സ്‌പോട്ട് അഡ്മിഷന്‍ തുടരുന്നത്. ക്രമം തെറ്റിച്ച് വിദ്യാര്‍ഥികളെ വിളിക്കുന്നുവെന്നാരോപിച്ച് രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.
ഇതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഗാരന്റി നല്‍കിയാലും ആറുലക്ഷം രൂപയുടെ കടബാധ്യത വിദ്യാര്‍ഥികള്‍ക്കു കുരുക്കായി മാറുമെന്ന് ആശങ്കയുണ്ട്. അസീസിയ മെഡിക്കല്‍ കോളജ് കൂടി ബാങ്ക് ഗാരന്റി ഒഴിവാക്കി. ഡിഎം വയനാട് 50 സീറ്റില്‍ അഞ്ചുലക്ഷം രൂപയ്ക്കു ബാങ്ക് ഗാരന്റിയില്ലാതെ പഠിപ്പിക്കും. എന്നാല്‍, ബാങ്ക് ഗാരന്റി ഒഴിവാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ച ചില മെഡിക്കല്‍ കോളജുകള്‍ ഗാരന്റി വേണമെന്ന് ആവശ്യപ്പെട്ടതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
ഇത്രയേറെ സമയം പ്രവേശനം നടത്തിയിട്ടും ധാരാളം ഒഴിവു ശേഷിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇതു മാനേജ്‌മെന്റുകള്‍ സ്വന്തമാക്കുമോയെന്നും വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഒറ്റപ്പെട്ട ഏതാനും സീറ്റുകള്‍ മാത്രമാണു സ്‌പോട്ട് അഡ്മിഷനില്‍ ഉണ്ടായിരുന്നത്. ഫീസ് അമിതമായതു മൂലം ഒഴിവുകള്‍ വര്‍ധിച്ചു. പ്രവേശനത്തിന്റെയും സീറ്റിന്റെയും വിശദാംശങ്ങള്‍ 27നു ശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതും ആശയക്കുഴപ്പം സൃഷ്ടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here