ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയുടെ വന്‍ അഴിച്ചുപണിക്കായുള്ള അവസാനവട്ട നീക്കങ്ങള്‍ പൂര്‍ത്തിയായി. സംഘടനാ ചുമതലകളിലേക്ക് മാറുവാന്‍ രാജീവ് പ്രതാപ് റൂഡി കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. ഉമാ ഭാരതി, കല്‍രാജ് മിശ്ര തുടങ്ങി അ!ഞ്ച്‌പേര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകും. ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ ചുമതലയുള്ള നിതിന്‍ ഗഡ്കരിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല കൂടി ലഭിക്കും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതിരോധ വകുപ്പിന്റെ അധിക ചുമതല ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മന്ത്രിസഭാ പുനഃസംഘടന നാളെ നടന്നേക്കുമെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാള്‍ വിദേശ പര്യടനത്തിനു പുറപ്പെടുന്നതിനാലും ഉത്തരേന്ത്യയില്‍ അഞ്ചു മുതല്‍ അശുഭകരമായ പിതൃപക്ഷം ആരംഭിക്കുന്നതിനാലും നാളെത്തന്നെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുണ്ടായേക്കും.
കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പ്രാതിനിധ്യം കൂടുമ്പോള്‍ കേരളത്തിനു പ്രതീക്ഷയ്ക്കു വകയില്ല. തമിഴ്‌നാട്ടില്‍ എന്‍!ഡിഎയുടെ ഭാഗമാകുന്ന അണ്ണാ ഡിഎംകെയ്ക്ക് ഒരു കാബിനറ്റ് മന്ത്രിയെയും രണ്ടു സഹമന്ത്രിമാരെയും ലഭിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ നിന്നു രണ്ടുപേരെ കൂടി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പ്രാതിനിധ്യം വര്‍ധിപ്പിക്കും.
മെഡിക്കല്‍ കോളജ് കോഴ ഇടപാട്, വ്യാജ രസീത് വിവാദം എന്നിവയെ തുടര്‍ന്നു ബിജെപി കേന്ദ്ര നേതൃത്വത്തിനു സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യം പരിഗണിച്ചേക്കില്ല. കേരളത്തിലെ സംസ്ഥാന, ജില്ലാ നേതാക്കളെ കുറിച്ചുള്ള പരാതികളില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയുമാണ്.
ബിഹാറില്‍ എന്‍ഡിഎയില്‍ ചേര്‍ന്ന ജനതാദളി(യു)നും രണ്ടു മന്ത്രിസ്ഥാനത്തിനു സാധ്യതയുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണ പ്രക്ഷേപണം, വനം–പരിസ്ഥിതി മന്ത്രാലയങ്ങള്‍ നിലവില്‍ മറ്റു മന്ത്രിമാര്‍ക്ക് അധിക ചുമതലയായി നല്‍കിയിരിക്കുകയാണ്. പ്രതിരോധവും ധനവും വഹിക്കുന്ന അരുണ്‍ ജയ്റ്റ്‌ലിയില്‍ ധനവകുപ്പ് ഊര്‍ജ മന്ത്രി പിയൂഷ് ഗോയലിനു നല്‍കിയേക്കും. എഴുപത്തഞ്ചു വയസ്സു പിന്നിട്ട കല്‍രാജ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നൊഴിവാക്കി ഗവര്‍ണര്‍ പദവിയില്‍ നിയോഗിക്കാനും സാധ്യതയുണ്ട്. യുപിയില്‍ തുടര്‍ച്ചയായുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത പ്രകടിപ്പിച്ച സുരേഷ് പ്രഭുവിനെ ഒഴിവാക്കുകയോ മറ്റേതെങ്കിലും മന്ത്രാലയത്തിലേക്കു മാറ്റുകയോ ചെയ്യും.
റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കു റെയില്‍വേയുടെ ചുമതല നല്‍കുമെന്നാണു സൂചന. റോഡ് – റെയില്‍ – കപ്പല്‍ ഗതാഗത മന്ത്രാലയങ്ങള്‍ സംയോജിപ്പിച്ച് അടിസ്ഥാന സൗകര്യ മന്ത്രാലയം രൂപീകരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഗവര്‍ണര്‍ തസ്തകകളിലെ ഏഴ് ഒഴിവുകളും വൈകാതെ നികത്തും. ബിജെപി ദേശീയ ഭാരവാഹി നിരയിലും നിര്‍വാഹക സമിതിയിലുമുള്ള അഴിച്ചുപണിയും ഉടനുണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here