ന്യൂഡല്‍ഹി: വ്യോമസേനയുടെ ഏക ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍’ അര്‍ജന്‍ സിങ് അന്തരിച്ചു. 98 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1965ലെ ഇന്ത്യപാകിസ്ഥാന്‍ യുദ്ധത്തില്‍ രാജ്യത്തെ വിജയത്തിലേക്കു നയിച്ച നിര്‍ണായക നീക്കങ്ങള്‍ക്കു പിന്നിലെ ചാലകശക്തിയായിരുന്നു അര്‍ജന്‍ സിങ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധവീരനെയാണ് അര്‍ജന്‍ സിങിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. 1919ല്‍ ജനിച്ച അര്‍ജന്‍ സിങ് 1939ല്‍ പത്തൊന്‍പതാം വയസ്സില്‍ ആര്‍എഎഫില്‍ പൈലറ്റ് ട്രെയിനിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ തലവനായി. 1965ലെ ഇന്ത്യപാകിസ്ഥാന്‍ യുദ്ധത്തില്‍ രാജ്യത്തെ വിജയത്തിലേക്കു നയിച്ച നിര്‍ണായക നീക്കങ്ങള്‍ക്കു പിന്നിലും ഇദ്ദേഹമുണ്ടായിരുന്നു. 1969 ഓഗസ്റ്റില്‍ വിരമിച്ചു. വ്യോമസേനയിലെ സര്‍വീസ് കാലത്തെ മികവു പരിഗണിച്ചു 2002 ജനുവരിയിലാണു കേന്ദ്ര സര്‍ക്കാര്‍ അര്‍ജന്‍ സിങ്ങിനു ‘മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സ്’ പദവി നല്‍കിയത്.
അതോടെ എയര്‍ഫോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്റ്റാര്‍ റാങ്ക് ഓഫിസറായി. ഈ പദവി നേടുന്ന ഒരേയൊരു വ്യക്തി. യുദ്ധകാലത്തെ ധീരസേവനത്തിനുള്ള ആദരമായി രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ്, കെനിയ എന്നിവിടങ്ങളില്‍ അംബാസഡറായും കുറച്ചുകാലം ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. കേരളത്തിലും പലപ്പോഴും ഇദ്ദേഹം സന്ദര്‍ശനത്തിനെത്തിയിരുന്നു. നാലു വര്‍ഷം മുന്‍പ് ദക്ഷിണ എയര്‍ കമാന്‍ഡ് സന്ദര്‍ശിക്കുന്നതിനാണു പത്‌നി തേജിയോടൊപ്പം എത്തിയത്. 2009ല്‍ ആലപ്പുഴയും സന്ദര്‍ശിച്ചിരുന്നു. ബംഗാളിലെ പനഗറിലുള്ള ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന് കഴിഞ്ഞ വര്‍ഷം അര്‍ജന്‍ സിങ്ങിന്റെ പേര് നല്‍കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here