വാഷിങ്​ടൺ: എച്ച്1ബി പ്രീമിയം വിസ അനുവദിക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുനഃരാരംഭിച്ചു. അപേക്ഷകളുടെ കുത്തൊഴുക്കിനെ തുടർന്ന്​ വിസ അനുവദിക്കുന്നതിനുള്ള നടപടികൾ ഏപ്രിലിൽ താത്​കാലികമായി നിർത്തിവെച്ചിരുന്നു. വിസ അനുവദിക്കാനുള്ള തീരുമാനം ഇന്ത്യന്‍ ഐ.ടി മേഖലക്കും അമേരിക്കയില്‍ ഉയര്‍ന്ന തൊഴില്‍ തേടുന്നവര്‍ക്കും പ്രതീക്ഷ നൽകുന്നതാണ്​. വേഗത്തിൽ വിസ ലഭ്യമാക്കുന്നതിന്​ അപേക്ഷിച്ചവർക്ക്​ നേരത്തെ തന്നെ വിസ നിയന്ത്രണത്തിൽ ഇളവ്​ നൽകിയിരുന്നു. നിലവിൽ എല്ലാ വിഭാഗങ്ങൾക്കും വിസ അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സ്വദേശിവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതിനാണ്​ വിസ നിയന്ത്രണം ട്രംപ്​ സർക്കാർ കൊണ്ടുവന്നത്​. എച്ച്1ബി വിസയുടെ പ്രധാന ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണെന്നും ഇത് സ്വദേശി തൊഴില്‍ അവസരങ്ങള്‍ കവരുന്നതായും ആരോപിച്ചാണ്​ വിസ നിയന്ത്രണം നടപ്പിൽ വരുത്തിയത്​.ഉയര്‍ന്ന തൊഴിലുകളില്‍ വിദേശികളെ താല്‍ക്കാലികമായി നിയമിക്കാന്‍ അമേരിക്കന്‍ തൊഴില്‍ ദാതാക്കള്‍ക്ക് അനുമതി നല്‍കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്1ബി വിസ. എച്ച്1ബി വിസയുള്ളയാളെ തൊഴില്‍ ദാതാവ് പിരിച്ചുവിടുകയോ വിസ കാലാവധി കഴിയുകയോ ചെയ്താല്‍ അയാള്‍ മറ്റ് ഏതെങ്കിലും കുടിയേറ്റ ഇതര വിസയിലേക്ക് മാറുകയോ തൊഴില്‍ ദാതാവിനെ കണ്ടത്തെുകയോ ചെയ്യണം. അല്ലെങ്കില്‍ രാജ്യം വിടേണ്ടി വരും. അമേരിക്കയിലെ ദേശീയ കുടിയേറ്റ നിയമമനുസരിച്ചാണ് എച്ച്1ബി വിസ അനുവദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here