ന്യൂഡല്‍ഹി: ഗുജറാത്തില്‍ റോറോ സര്‍വീസ് അടുത്തിടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണെന്നും തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ഇത്രയും വലിയൊരു പദ്ധതി ഇല്ലെന്നുമാണ് റോറോ സര്‍വീസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മോഡി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും ബംഗ്‌ളാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും റോറോ (റോള്‍ ഓണ്‍ റോള്‍ ഓഫ്) സര്‍വ്വീസുകള്‍ നിലവിലുണ്ടെന്ന് മറച്ചുവച്ചായിരുന്നു പ്രഖ്യാപനം. രാഷ്ട്രീയ നേട്ടത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവച്ചെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ പ്രചരണം.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വരും മുന്പ് ഉദ്ഘാടനം നടത്താനായി ആദ്യ ഘട്ടം എന്ന പേരില്‍ അളുകളെ മാത്രം കയറ്റാവുന്ന സര്‍വീസ് തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദിയെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.മോദി പറഞ്ഞത് ഗുജറാത്തിന്റെ സ്വപ്ന പദ്ധതിയാണ് ഇതെന്നാണ്. കാറുകളും ട്രക്കുകളും ഉള്‍പ്പെടെ വെസലുകളില്‍ ജലാശയത്തിലൂടെ മറുകര എത്തിക്കുകയാണ് ഗുജറാത്തില്‍ ചെയ്യുന്നത്.

ആസാമില്‍ ബ്രഹ്മപുത്ര നദിക്ക് കുറുകെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ റോറോ സര്‍വീസ് നടക്കുന്നുണ്ട്. കാറുകള്‍ കൊണ്ട് പോകുന്ന ഫെറി സര്‍വിസുകള്‍ ആന്‍ഡമാനിലും ഗോവയിലുമുണ്ട്.
കൊച്ചിയെയും വൈപ്പിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്‍വീസുകള്‍ ടെസ്റ്റ് റണ്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. ചരക്ക് കടത്ത് മാത്രം ലക്ഷ്യമാക്കി റോറോ സര്‍വീസ് വെല്ലിംഗ്ടണ്‍ ഐലന്‍ഡിനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് 2011ല്‍ തുടങ്ങി. രാജ്യത്തെ തന്നെ ആദ്യത്തെ സര്‍വീസാണിത്.വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് കണ്ടെയിനറുകള്‍ കൊണ്ടു പോകാന്‍ തുടങ്ങിയ ഈ സര്‍വീസ് വഴി ഇതിനകം ലക്ഷക്കണക്കിന് ട്രക്കുകളാണ് കൊണ്ടു പോയത്.

ഗുജറാത്തിലുള്ളത് 100 വാഹനങ്ങളും 250 ആള്‍ക്കാരെയും വഹിക്കാന്‍ ശേഷിയുള്ള റോറോ സര്‍വീസാണ്. നിലവില്‍ ഉഘാടനം നിര്‍വഹിച്ചത് ആളുകളെ മാത്രം കയറ്റാവുന്ന ഒന്നാം ഘട്ടമാണ്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അത് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് നടന്നത്.പദ്ധതി 296 കോടി രൂപ ചെലവിട്ട് 2013ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതുവരെ 614 കോടി രൂപ ചെലവഴിച്ച പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉഘാടനം ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here