ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാന്‍ പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കി. ഷിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കാനും തീരുമാനിച്ചു.

ഷി ചിന്‍പിങ്ങിനെ പാര്‍ട്ടി സ്ഥാപകന്‍ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്നതാണു ഭരണഘടനാ ഭേദഗതി. മാവോയുടെയും ഡെങ്ങിന്റെയും പേരുകള്‍ മാത്രമായിരുന്നു ഇതുവരെ ഭരണഘടനയിലുണ്ടായിരുന്നത്. മുന്‍ നേതാക്കളായ ഹു ജിന്റാവോയുടെയും ജിയാങ് സെമിന്റെയും ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ പേരു ഭരണഘടനയിലില്ല. പുതിയ ഭേദഗതിയോടെ, ഷി ചിന്‍പിങ്ങിനെതിരായ ഏതു നീക്കവും ഇനി പാര്‍ട്ടിക്കു നേരെയുള്ള ഭീഷണിയായി വിലയിരുത്തും.

ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ കേന്ദ്രകമ്മിറ്റിയെയും ഇന്നലെ തിരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ, പൊളിറ്റ് ബ്യൂറോ സ്ഥിരംസമിതി, ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് എന്നിവ ഇന്നു നടക്കും. ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതോടെ, പാര്‍ട്ടി ചട്ടപ്രകാരം അടുത്ത അഞ്ചുവര്‍ഷം കൂടി ഷിക്കു തുടരാം. മൂന്നാം തവണയും പദവിയില്‍ തുടരാന്‍ വഴിയൊരുക്കുംവിധം ഷി ചട്ടഭേദഗതിക്കു ശ്രമിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here