ചിക്കാഗോ: ഫോമായുടെ കലാ പ്രതിബദ്ധതയുടെ വര്‍ണ്ണപ്പകിട്ടായ യുവജനോല്‍സവത്തിന്റെ ഗ്രാന്റ് ഫിനാലെയില്‍ കലാപ്രതിഭ-കലാതിലകം പട്ടങ്ങള്‍ നേടുന്നവര്‍ക്ക് പ്രമുഖ സംവിധായകന്‍ സിദ്ദിഖിന്റെ സിനിമയില്‍ അവസരം ലഭിക്കും. ഫോമായുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് സിദ്ദിഖ് ഇക്കാര്യം പ്രഖ്യാപിച്ചത്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുവജനോല്‍സവം വിവിധ റീജിയനുകളിലെ അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ നടന്നുവരികയാണ്.

നൃത്തനൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ ഗ്രൂപ്പായും സിംഗിളായും മല്‍സരങ്ങള്‍ പുരോഗമിക്കുന്നു. വളരെ ആവേശത്തോടെയും വാശിയോടെയുമാണ് കുട്ടികളും യുവജനങ്ങളും യുവജനോല്‍സവത്തില്‍ മാറ്റുരയ്ക്കുന്നത്. 2018ല്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനിലാണ് യുവജനോല്‍സവത്തിന്റെ ആകര്‍ഷകമായ ഗ്രാന്റ് ഫിനാലെ. കണ്‍വന്‍ഷന്‍ ചരിത്ര വിജയമാക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് ഫോമായുടെ വിവിധ തലങ്ങള്‍.

കലാപ്രതിഭയ്ക്കും കലാതിലകത്തിനും സിദ്ദിഖിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുകയെന്നത് അത്യന്തം സന്തോഷകരമാണെന്നും ഇത് അമേരിക്കന്‍ മലയാളികളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഈടുറ്റ പ്രോല്‍സാഹനവും അംഗീകാരവുമാണെന്നും ഇക്കാര്യത്തില്‍ സിദ്ദിഖിന് ഫോമായുടെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ ചെയ്തിട്ടുള്ള സിദ്ദിഖ് തമിഴിലും ബോളിവുഡിലും തന്റെ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രശസ്ത നടനും സംവിധായകനുമായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാല്‍ എന്ന പേരില്‍ സംവിധാനം ചെയ്ത സിനിമകളും വന്‍ വിജയമായിരുന്നു. സിദ്ദിഖിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ അസോസിയേറ്റായാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്. കൊച്ചിന്‍ കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസില്‍ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേര്‍ക്കുന്നതും.

റാംജിറാവ് സ്പീക്കിങ്ങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയാണ് ലാലിനോടൊപ്പം ചെയ്ത ചിത്രങ്ങള്‍. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ഫ്രണ്ട്‌സ് (തമിഴ്), ക്രോണിക് ബാച്ച്‌ലര്‍, എങ്കള്‍ അണ്ണ (തമിഴ്), സാധു മിറാന്‍ഡ (തമിഴ്), ബോഡി ഗാര്‍ഡ്, കാവലന്‍ (തമിഴ്), ബോഡിഗാര്‍ഡ് (ഹിന്ദി), ലേഡീസ് & ജെന്റില്‍മാന്‍, ഭാസ്ക്കര്‍ ദ റാസ്ക്കല്‍, ഫുക്രി എന്നീ സിനിമകളാണ് ഒറ്റയ്ക്ക് സംവിധാനം ചെയ്തവ.

LEAVE A REPLY

Please enter your comment!
Please enter your name here