ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ ജോലിക്കായി പോകുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രൊവിഡന്റ് ഫണ്ട് തുടരാം. ഇതുമായി ബന്ധപ്പെട്ട് 18 രാജ്യങ്ങളുമായി കേന്ദ്രം കരാറുണ്ടാക്കി. ബ്രസീലുമായുള്ള കരാര്‍ ഉടന്‍ ഒപ്പുവെക്കുന്നതോടെ ഇത് 19 ആവും. ഐ.ടി.ഉള്‍പ്പെടെയുള്ള മേഖലകളില്‍നിന്ന് വിദേശത്തേക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് ഗുണകരമാകുന്ന തീരുമാനമാണ് ഇത്.

കാനഡ, ഓസ്‌ട്രേലിയ, ജപ്പാന്‍, ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ, നെതര്‍ലന്‍ഡ്, ഹംഗറി, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുമായിട്ടാണ് ഇതിനകം കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. അമേരിക്കയും ബ്രിട്ടണും ഇത്തരത്തില്‍ കരാര്‍ ഉണ്ടാക്കാന്‍ തയ്യാറായിട്ടില്ല. ആ രാജ്യങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും അവിടത്തെ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കണം.

ഇന്ത്യയിലെ സാമൂഹിക സുരക്ഷാ പദ്ധതിയായ ഇ.പി.എഫ് അംഗമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ‘സര്‍ട്ടിഫിക്കറ്റ് ഓഫ് കവറേജ്’ ലഭിക്കാനും അത് വിദേശത്ത് കാണിക്കാനുമുള്ള നടപടികള്‍ ഓണ്‍ ലൈന്‍ ആക്കി. എല്ലാ രാജ്യങ്ങള്‍ക്കും പൊതുവില്‍ ബാധകമാവുന്ന ഒരു സര്‍ട്ടിഫിക്കറ്റാണ് ഇ.പി.എഫ്.ഒ. നല്‍കുക. അതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. ഇന്ത്യയുമായി കരാറുണ്ടാക്കിയ രാജ്യങ്ങളിലെ അധികൃതര്‍ക്ക് അത് ഓണ്‍ലൈനില്‍ ലഭ്യമാക്കും.

മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അവിടുത്തെ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിര്‍ബന്ധമായും ചേരണമെന്നാണ് വ്യവസ്ഥ. ഇക്കാരണത്താല്‍ തൊഴിലാളികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. നിശ്ചിതവര്‍ഷത്തിന് ശേഷമേ അത്തരം സുരക്ഷാ പദ്ധതികളില്‍ നിന്ന് ആനുകൂല്യം ലഭിക്കൂ. പലരും അതിനുമുമ്പ് വിദേശസേവനം അവസാനിപ്പിച്ച് തിരികെ വരുമെന്നതിനാല്‍ അടച്ച പണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here