കൊച്ചി:കൊച്ചി മെട്രോയ്ക്ക് കുമ്മനാന എന്ന പേരുനല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കളിയാക്കാമെന്ന് വിചാരിച്ചാല്‍ അതു നടക്കില്ല. അതിന് മുന്‍പ് കാര്യമെന്തെന്ന് പറയാം. ഭാഗ്യ ചിഹ്നമായ ആനക്കുട്ടിക്കൊരു പേരിടാന്‍ മെട്രോ പൊതുജനത്തിന്റെ സഹായം തേടി. അതിനായൊരു ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചു. ഏറ്റവുമധികം ലൈക്ക് കിട്ടുന്ന പേര് തിരഞ്ഞെടുക്കുമെന്നും പ്രഖ്യാപിച്ചു. കൊച്ചിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പണി പാളി. കയറി മേഞ്ഞ ട്രോളര്‍മാര്‍ ആനക്കൊരു േപരിട്ടു. കുമ്മനാന. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായി അധികാരികള്‍. സമൂഹമാധ്യമങ്ങളില്‍ ഹിറ്റായ കുമ്മനാന എന്ന പേര് തള്ളിക്കളയേണ്ട ഗതികേടിലാണ് മെട്രോ കമ്പനിയായ കെഎംആര്‍എല്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പരാമര്‍ശിച്ച് ട്രോളര്‍മാരിട്ട പേര്, ഇരുപതിനായിരത്തിലേറെ ലൈക്കുനേടി ജനപ്രീതിയില്‍ ബഹുദൂരം മുന്നിലെത്തി. ഇതൊക്കെ കാണുമ്പോള്‍ എന്താണ് മറുപടി, ഞങ്ങള്‍ കുമ്മനം രാജശേഖരനോട് ചോദിച്ചു.
”തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്. എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ !ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.”എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വ്യക്തിഹത്യ പാടില്ലെന്നും കൂടുതല്‍ നല്ല പേരു നിര്‍ദേശിക്കാനും ആവശ്യപ്പട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് പരിഷ്‌കരിച്ചിരുന്നു. എന്നാല്‍ വിടാന്‍ തയ്യാറാകാതെ ചിലര്‍ പിന്നാലെ കൂടുകയാണ്, കുമ്മനാനയെന്ന് തന്നെ പേരിടണമെന്നാണ് ആവശ്യം. ഇതിന് പിന്തുണ തേടി കുമ്മനാന എന്ന പേരില്‍ പ്രൊഫൈല്‍ പിക്ചര്‍ ക്യാംപെയിനും തുടങ്ങിക്കഴിഞ്ഞു. ലൈക്ക് കണക്കില്‍ ഇപ്പോഴും ഈ പേരാണ് മുന്നില്‍. കേശു, ബില്ലു, മിത്ര തുടങ്ങി, മെട്രോ നിര്‍മാണത്തിനിടെ അപകടത്തില്‍ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ പേരുകള്‍ വരെ നിര്‍ദേശങ്ങളായി വന്നിട്ടുണ്ട്. എന്നാലും ഇപ്പോഴത്തെ നിലയില്‍ പോയാല്‍ ഈ പേരുകള്‍ക്കൊന്നും കുമ്മനാനയെ മറികടക്കാനാവില്ല. പേരു നിര്‍ദേശിക്കാനുള്ള സയമം തീരാന്‍ ഏതാനും മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here