ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിന് രാജ്യസഭാ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ടാണ് തര്‍ക്കം. ഇതേ തുടര്‍ന്ന് ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ എഎപി ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരണ്ണം കുമാര്‍ വിശ്വാസിന് നല്‍കണമെന്നാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.

തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കുമാര്‍ വിശ്വാസ് രംഗത്തെത്തി. പാര്‍ട്ടിയില്‍ കലാപമുണ്ടാക്കരുതെന്നും വ്യക്തിയെക്കാള്‍ പാര്‍ട്ടിക്കാണ് താന്‍ വില കല്‍പ്പിക്കുന്നതെന്നും കുമാര്‍ വിശ്വാസ് ട്വീറ്റ് ചെയ്തു. കൊല്ലപ്പെട്ടെങ്കിലും അഭിമന്യു യോദ്ധാവ് തന്നെയെന്ന് പറഞ്ഞു കൊണ്ട് അവസാനിക്കുന്ന ട്വീറ്റ് പക്ഷേ വിശ്വാസിന്റെ അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു. ജനുവരി അഞ്ചാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. നിലവില്‍ മൂന്ന് സീറ്റുകളിലും വിജയിക്കുവാന്‍ കഴിയുമെങ്കിലും രാജ്യസഭയിലേക്കുള്ള മത്സരം ആം ആദ്മിക്ക് തലവേദനയാകുകയാണ്.

അതിനിടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് അരവിന്ദ് കേജ് രിവാള്‍. പാര്‍ട്ടിക്കു പുറത്തു നിന്നുള്ള പ്രമുഖര്‍ക്കായാണ് തെരച്ചില്‍. . മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍, മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ എന്നിവര്‍ക്ക് സീറ്റ് വാഗ്ദാന ചെയ്‌തെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here