ന്യൂഡല്‍ഹി: ദളിത് കുടുംബങ്ങളുടെ ഭൂമി കൈയേറിയതിന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. പട്‌ന ദാനപുര്‍ പട്ടികജാതിപട്ടികവര്‍ഗ പ്രത്യേക കോടതിയാണ് മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഇതേതുടര്‍ന്നാണ് ഗിരിരാജ് സിങ് അടക്കം 32 പേര്‍ക്കെതിരെ ദാനപുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസില്‍ 25ാം പ്രതിയാണ് നവാദില്‍നിന്നുള്ള എംപിയായ ഗിരിരാജ് സിങ്.

സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായ ഗിരിരാജും കൂട്ടരും ചേര്‍ന്ന് ചില പേപ്പറുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കാട്ടി പ്രദേശവാസിയായ രാംനാരായണ്‍ പ്രസാദാണ് പരാതി നല്‍കിയത്. അസോപുര്‍ വില്ലേജിലെ പ്ലോട്ട്‌നമ്പര്‍ 495ല്‍പെട്ട രണ്ടേക്കര്‍ 89 സെന്റ് സ്ഥലം വ്യാജരഖ ചമച്ച് മന്ത്രിയും മറ്റുള്ളവരും ചേര്‍ന്ന് കൈയേറി.

ദളിത് കുടുംബങ്ങളുടെ ഭൂമി കൈയറിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാംനാരായണ്‍ പ്രസാദിനെയും പ്രദേശവാസികളെയും ഭീഷണിപ്പെടുത്തി ഓടിച്ചു. ദളിതരുടെ ഭൂമി കൈയേറിയതിനെപ്പറ്റി ഉചിത അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ക്ക് (ലാന്‍ഡ് റിഫോംസ്) പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് രാംനാരായണ്‍ പ്രസാദ് പ്രത്യേക എസ്‌സി/എസ്ടി കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here