വാഷിംഗ്ടണ്‍: ബ്രിട്ടീഷുകാര്‍ വെളുത്ത സുന്ദരന്‍മാരാണ്. വെളുപ്പു നിറവും ബ്രൗണ്‍ തലമുടിയും സുന്ദരമായ ചിരിയുമൊക്കെയായിരിക്കും ബ്രിട്ടീഷുകാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുക. പാരമ്പര്യമായേ അങ്ങനെയാണെന്നാണ് വിശ്വസിക്കപ്പെടുന്നതും. എന്നാല്‍ ഇത് ശരിയല്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രഞ്ജന്‍മാര്‍. കറുത്ത നിറവും കറുത്ത് ചുരണ്ട തലമുടിയോടും നീല കണ്ണുകളോടും കൂടിയവരായിരുന്നു ബ്രിട്ടീഷ്‌കാരുടെ പൂര്‍വ്വികരെന്നാണ്  പുതിയ കണ്ടെത്തല്‍.

ഇംഗ്ലണ്ടിലെ സൊമര്‍സെറ്റില്‍ നിന്നും ലഭിച്ച പതിനായിരത്തില്‍ പരം വര്‍ഷം  പ്രായമുളള ചെഡര്‍ മനുഷ്യന്റെ തലയോട്ടിയില്‍ നടത്തിയ വിശദമായ പഠനങ്ങള്‍ക്ക് ശേഷമായിരുന്നു വെളിപ്പെടുത്തല്‍. സൊമര്‍സെറ്റിലുളള ഗൗഫ് ഗുഹയില്‍ നിന്ന് 1903 ലാണ് ചെഡര്‍ മനുഷ്യന്റെ തലയോട് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയത്. യുകെയില്‍ ഇതു വരെ കണ്ടെത്തിയ ഏറ്റവും പഴക്കമുളള ഫോസില്‍ ആണിത്.

നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രഞ്ജര്‍ ജനതിക പരിശോധനയിലൂടെയും ഫെയ്ഷ്യല്‍ ഡി കണ്‍സ്ട്രക്ഷന്‍ എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുമാണ് ഈ നിഗമനത്തില്‍ എത്തിയതും. ചെഡര്‍ മനുഷ്യന്റെ മുഖവും തൊലിയും എല്ലാം സാങ്കേതിക വിദ്യയിലൂടെ വീണ്ടും രൂപപ്പെടുത്തുകയായിരുന്നു. ഗൗഫ് ഗുഹയില്‍ നിന്ന് കണ്ടെത്തിയ ചെഡര്‍ മനുഷ്യന്റെ ചെവിയില്‍ നിന്ന് ഡിഎന്‍എ പരിശോധയ്ക്കായി കോശങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ശാസ്ത്രഞ്ജര്‍ വിജയിച്ചതോടെയാണ് നിര്‍ണായക കണ്ടുപിടുത്തതിന് വഴി തെളിഞ്ഞത്. യുകെയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 10 ശതമാനത്തോളം മുഷ്യരുടെ ഡിഎന്‍എയുമായി സാമ്യം ഉളളതാണ് ഈ മനുഷ്യരുടെ ഡിഎന്‍എ. മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ച് കൂടാരങ്ങള്‍ നിര്‍മ്മിച്ചും വേട്ടയാടിയ മാംസം ഭക്ഷിച്ചുമാണ് അവര്‍ ജീവിച്ചിരുന്നത്.

ചെഡര്‍ മനുഷ്യന്റെ അസ്ഥികൂടങ്ങള്‍ ആദ്യം പരിശോധിച്ചപ്പോള്‍ നരഭോജികളാണെന്ന നിഗമനത്തില്‍ എത്തിയെങ്കിലും പിന്നീട് നടത്തിയ പരിശോധനകളില്‍ നിലപാടുകളില്‍ മാറ്റം വരികയായിരുന്നു. ജനതിക പരിശോധനയിലൂടെ മാത്രം ഇത് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ഫെയ്ഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായം തേടുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here